- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ വർഷം എ പ്ലസ് കിട്ടിയത് 41,906 പേർക്ക്; ഇത്തവണ അത് 1,21,318 വിദ്യാർത്ഥികൾക്ക് സ്വന്തം; മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് പോലും ഇഷ്ട സ്കൂളും വിഷയ കോമ്പിനേഷനും ലഭിക്കാൻ പ്രയാസം; വടക്കൻജില്ലകളിൽ പ്രതിസന്ധി വർധിക്കും; ഹയർ സെക്കന്ററീ പ്രവേശനത്തിൽ വെല്ലുവിളി ഏറെ
തിരുവനന്തപുരം: ഇത്തവണ എല്ലാത്തിനും എപ്ലസ് കിട്ടിയ പത്താംക്ലാസുകാരനും പ്ലസ് ടുവിൽ ഇഷ്ട വിഷയം കിട്ടണമെന്ന് ഇല്ല. ആഗ്രഹിക്കുന്ന സ്കൂളും ലഭിച്ചേക്കില്ല. ഹയർസെക്കൻഡറി പ്രവേശനത്തിന് ഇക്കുറി മത്സരം കടുക്കും. എ പ്ലസുകാർ തമ്മിലാവും പ്രധാന മത്സരം. മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി കുട്ടികളാണ് മുഴുവൻ എ പ്ലസ് നേടിയത്.
കഴിഞ്ഞവർഷം 41,906 പേർക്കാണ് മുഴുവൻ എ പ്ലസ് ലഭിച്ചതെങ്കിൽ ഇക്കുറി 1,21,318 ആയി. ഇതാണ് ഇഷ്ട ഗ്രൂപ്പുകൾ കിട്ടാൻ വെല്ലുവിളിയാകുന്നത്. ഇഷ്ടസ്കൂളും കോമ്പിനേഷനും ലഭിക്കണമെങ്കിൽ പ്രവേശനത്തിനുള്ള മറ്റു മാനദണ്ഡങ്ങൾ ഏറെ പ്രസക്തമാകും. വിജയ ശതമാനവും ഉയർന്നു. എന്നാൽ ഇക്കുറി സീറ്റ് വർധന ആവശ്യമായി വരില്ലെന്നാണു കരുതുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 2551 കുട്ടികൾമാത്രമാണ് അധികമായി വിജയിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം ഒഴിഞ്ഞുകിടന്ന സീറ്റുകൾ പരിഗണിക്കുമ്പോൾ എല്ലാ കുട്ടികൾക്കും പഠിക്കാൻ അവസരം ഉണ്ടാകും.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് ഇഷ്ടമുള്ള സ്കൂളിൽ ഇഷ്ടമുള്ള കോമ്പിനേഷനിൽ പ്രവേശനം നൽകാൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്കൂൾഅടിസ്ഥാനത്തിൽ സീറ്റുവർധന നടപ്പാക്കിയിരുന്നു. എന്നാൽ, എ പ്ലസുകാരുടെ എണ്ണം കൂടുതലായതിനാൽ അത്തരം വർധന പ്രായോഗികമാവില്ലെന്നാണു കരുതുന്നത്. എ പ്ലസ് കിട്ടിവർക്ക് മാത്രമായി സയൻസ് ഗ്രൂപ്പുകളിലെ പ്രവേശനം ചുരുങ്ങാനും സാധ്യതയുണ്ട്. കഴിഞ്ഞവർഷം 37,000-ഓളം കുട്ടികൾ സി.ബി.എസ്.ഇ.യിൽനിന്നും 3300-ഓളം കുട്ടികൾ ഐ.സി.എസ്.ഇ.യിൽനിന്നും സംസ്ഥാന സിലബസിലേക്ക് എത്തിയിരുന്നു. ഇക്കുറി സിബിഎസ് ഇയിലും മറ്റും പരീക്ഷ നടന്നില്ല. കോവിഡ് പ്രതിസന്ധി കാരണമാണ് ഇത്.
ഈ കുട്ടികളുടെ റിസൾട്ടും പുറത്തു വന്നിട്ടില്ല. ഇതെല്ലാം കേരളത്തിലെ പ്ലസ് വൺ പ്രവേശനത്തേയും സ്വാധീനിക്കും. കേന്ദ്ര സിലബസിലുള്ളവർക്ക് പരീക്ഷ നടക്കാത്തതിനാൽ പ്രവേശനത്തിനു സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ ആലോചിച്ചുവരുന്നതേയുള്ളൂ. കഴിഞ്ഞവർഷങ്ങളിൽ ആദ്യ അലോട്ട്മെന്റുകൾ സംസ്ഥാന സിലബസുകാർക്കായി നീക്കിവെക്കുകയും അവശേഷിച്ച സീറ്റുകളിൽ ഇതര സിലബസുകാരെ പരിഗണിക്കുകയുമാണു ചെയ്തത്. ഇതു തന്നെ ഇത്തവണയും തുടരും.
4,19,651 കുട്ടികളാണ് ഇക്കുറി സംസ്ഥാന സിലബസിൽ പത്താംക്ലാസ് വിജയിച്ചത്. പ്ലസ് വണിന് ഒരു ബാച്ചിൽ 50 കുട്ടികൾ വീതം 3,61,746 സീറ്റുകളാണുള്ളത്. പത്തുശതമാനം മാർജിനൽ വർധന അനുവദിച്ചാൽ ഇത് 3,98,585 ആവും. വി.എച്ച്.എസ്.ഇ.യിൽ 27,500 സീറ്റും ഐ.ടി.ഐ., ഐ.ടി.സി.കളിലായി 27,000 സീറ്റുകളും പോളിടെക്നിക്കുകളിൽ 22,000 സീറ്റുകളുമുണ്ട്. സയൻസിൽ ആകെ 1,85,976 സീറ്റാണുള്ളത്. ഹ്യുമാനിറ്റീസ് ആകെ 69,853ഉം കൊമേഴ്സ് ആകെ 1,05,917ഉം. അങ്ങനെ മൊത്തം സീറ്റ് 3,61,746ഉം.
സംസ്ഥാനത്താകെ സർക്കാർ സ്കൂളുകളിൽ 64,000 പ്ലസ് വൺ സയൻസ് സീറ്റാണുള്ളത്. എയ്ഡഡിൽ 88,800 ഉം. അൺ എയ്ഡഡ്/ സ്പെഷൽ/ ടെക്നിക്കൽ/ റെസിഡൻഷ്യൽ സ്കൂളുകളിൽ 33,176 സയൻസ് സീറ്റുണ്ട്. സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റിലേക്കും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട ഒഴികെയുള്ളവയിലേക്കുമാണ് ഏകജാലക പ്രവേശനം നടത്തുന്നത്.
കടുത്ത മത്സരം സയൻസ് കോമ്പിനേഷനുകളിലായിരിക്കും. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 1,21,318 വിദ്യാർത്ഥികൾക്ക് പോലും ഇഷ്ട സ്കൂളും വിഷയ കോമ്പിനേഷനും ലഭിക്കാൻ പ്രയാസമായിരിക്കും. നിലവിൽ സീറ്റ് ക്ഷാമമുള്ള വടക്കൻജില്ലകളിൽ പ്രതിസന്ധി വർധിക്കും. മലപ്പുറം ജില്ലയിൽ മാത്രം 18970 പേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.
മലപ്പുറത്ത് സർക്കാർ സ്കൂളുകളിൽ 8185 ഉം എയ്ഡഡിൽ 9005 ഉം ഉൾപ്പെടെ 17190 സയൻസ് സീറ്റാണുള്ളത്. പ്രവേശനം ആഗ്രഹിക്കുന്ന മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 1780 കുട്ടികൾക്ക് സയൻസ് ബാച്ചുകളിൽ സീറ്റ് ലഭിക്കില്ലെന്ന് ചുരുക്കം. മലപ്പുറത്ത് അൺഎയ്ഡഡ് സ്കൂളുകളിൽ 4686 സീറ്റാണ് സയൻസിനുള്ളത്. ആനുപാതിക സീറ്റ് വർധന അനുവദിച്ചാൽ പോലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇഷ്ട സ്കൂളുകളും വിഷയ കോമ്പിനേഷനും ലഭിക്കില്ലെന്ന് വ്യക്തം.
മറുനാടന് മലയാളി ബ്യൂറോ