ഹരിപ്പാട്: പട്ടിണിയിലും സാമ്പത്തിക പ്രതിസന്ധിയിലും മനം മടുത്ത് +1 വിദ്യാർത്ഥിനില നദിയിൽ ചാടി ആത്മഹത്യ ചെയ്തു. ഹരിപ്പാടാണ് ഞെട്ടിക്കുന്ന സംഭവം. ചെറുതന ആയാപറമ്പ് പുതുമനയിൽ വാടകയ്ക്ക് താമസിക്കുന്ന കാരിച്ചാൽ നാരായണശേരിൽ ബൈജുവിന്റെ മകളും വീയപുരം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയുമായ അനശ്വര(17)യാണ് ആത്മഹത്യ ചെയ്തത്. അതേസമയം മകളുടെ മൃതദേഹം സംസ്‌ക്കിരിക്കാൻ പോലും സ്ഥലമില്ലാതെ വിഷമിക്കുകയാണ് മാതാപിതാക്കൾ. മകളുടെ മൃതദേഹവുമായി അനാഥരെ അടക്കുന്ന പള്ളിപ്പാട് കുരീത്തറ കുന്നിലുള്ള ശ്മശാനത്തിലേക്ക് പോകേണ്ട ഗതികേടിലാണ് ഇവർ.

ഇന്നലെ ഉച്ചക്ക് 2.30 നു പായിപ്പാട് പാലത്തിന്റെ കിഴക്കെ കൈവരിയിൽനിന്നാണ് അനശ്വര ആറ്റിലേക്കു ചാടിയത്. ഈ സമയം പാലത്തിലൂടെ കടന്നുപോയ സ്വകാര്യ ബസിൽ സഞ്ചരിച്ച ആരോ ആറ്റിൽ തുണികഴുകിക്കൊണ്ടിരുന്നവരോട് വിവരം പറഞ്ഞു. അതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വൈകിട്ടു നാലുമണിയോടെ മൃതദേഹം കണ്ടെടുത്തു. ഇന്നലെ മോഡൽ പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്കു രണ്ടിന് അനശ്വര പുറത്തുപോയതായി സഹപാഠികൾ പറഞ്ഞു. സ്‌കൂൾ യൂണിഫോം ധരിച്ച നിലയിലാണ് മൃതദേഹം കിട്ടിയത്.

അനശ്വര ഉൾപ്പെടെ മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ നിത്യച്ചെലവുകൾ കണ്ടെത്തിയിരുന്നത് ബൈജുവിന് ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്. ഇയാൾ ഹൃദ്രോഗത്തിനു ചികിത്സയിലാണ്. ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും സാമ്പത്തിക പരാധീനതമൂലം മാറ്റിവയ്ക്കുകയായിരുന്നു. വാടകയ്ക്കാണ് താമസിച്ചുവന്നത്.

കുടുംബത്തിന്റെ സാമ്പത്തികബുദ്ധിമുട്ട് മകളെ മാനസികമായി ഉലച്ചിരുന്നതായി ബൈജുവും സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്നുള്ള കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു പിന്നിലെന്നു വീയപുരം പൊലീസും പറഞ്ഞു. ശ്രീലതാകുമാരിയാണ് മാതാവ്. അനന്തു, അശ്വിൻ എന്നിവർ സഹോദരങ്ങളാണ്. അശ്വിൻ വൃക്ക രോഗത്തിന് ചികിത്സയിലുമാണ്.