കൊല്ലം: പുനലൂരിൽ ദുരൂഹസാഹചര്യത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ് നിഗമനം. പെൺകുട്ടിയുടെ മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്യും. പിറവന്തൂർ നല്ലംകുളം പരുമൂട്ടിൽവീട്ടിൽ ബിജു - ബീന ദമ്പതികളുടെ മകൾ റിൻസി (16) യുടെ മരണമാണ് ആത്മഹത്യയാകാമെന്ന് പൊലീസ് കരുതുന്നത്.

വിദ്യാർത്ഥിനിയുടെ ശരീരം പോസ്റ്റ് മാർട്ടം ചെയ്ത പൊലീസ് സർജനും ഫോറൻസിക് മെഡിക്കൽ ഓഫീസറും നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. പോസ്റ്റ് മാർട്ടത്തിൽ കഴുത്തിൽ കണ്ട മുറിവല്ലാതെ സംശയിക്കത്തക്ക മറ്റുമുറിവുകളൊന്നും ശരീരത്തിലുണ്ടായിരുന്നില്ല. കഴുത്തിലെ മുറിവ് കയർ, തുണി അതുപോലെയുള്ള മറ്റു സാധനങ്ങൾ ഉപയോഗിച്ചു തൂങ്ങിയാലുണ്ടാവുന്ന തരത്തിലുള്ളതാണ്. പെൺകുട്ടി തൂങ്ങി മരിച്ചു എന്ന നിലയിലാണ് നിലവിൽ അന്വേഷണം.

തൂങ്ങിമരിച്ച പെൺകുട്ടിയെ വീട്ടുകാർ താഴെ ഇറക്കിയതാവാം എന്നും സ്വർണ്ണമാല നഷ്ടപ്പെട്ടുവെന്ന് പറയുന്നത് മോഷണ ശ്രമത്തിനിടയിൽ പെൺകുട്ടി കൊല്ലപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാനാവും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. എന്നാൽ കൊലപാതക സാധ്യത കണക്കിലെടുക്കാതിരിക്കുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

പ്രണയബന്ധത്തിൽ പെൺകുട്ടി അകപ്പെട്ടിരുന്നോ എന്ന കാര്യത്തിൽ സുഹൃത്തുക്കളെ ചോദ്യം ചെയ്തു വരികയാണ്. പൊലീസിന്റെ നിഗമനം ശരിവയ്ക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നുമുള്ളത്. ക്രിസ്ത്യൻ മതത്തിൽപ്പെട്ടവരായതിനാൽ, ആത്മഹത്യ ചെയ്യുന്നത് പാപമാണെന്നും അങ്ങനെയുണ്ടായാൽ മൃതദേഹം തെമ്മാടിക്കുഴിയിൽ അടക്കാനാവും അർഹതയുണ്ടായിരിക്കുകയെന്ന വിശ്വാസത്തിലാവും ആത്മഹത്യ ചെയ്ത വിവരം വീട്ടുകാർ മറച്ചുവച്ചതെന്നു നാട്ടുകാർ മറുനാടനോട് പറഞ്ഞു. ഇപ്പോൾ അമ്മാതിരി കീഴ്‌വഴക്കങ്ങൾ അപൂർവമാണെങ്കിലും ആത്മഹത്യ കുടുംബത്തിന് അപമാനകരമായി അവർ കരുതുന്നുണ്ടാവുമത്രേ.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ആറിനാണ് റിൻസിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ് ബീനയാണ് കിടപ്പുമുറിയിൽ തറയിൽ കിടക്കുന്ന നിലയിൽ റിൻസിയെ കണ്ടത്. ബീന നിലവിളിച്ചതോടെ ബിജു ഓടിയെത്തി. തുടർന്ന് റിൻസിയെ കട്ടിലിൽ എടുത്തുകിടത്തിയപ്പോഴേക്കും നിലവിളി കേട്ട് അയൽവാസികളും എത്തി. സംഭവസ്ഥലത്തെത്തിയ പുനലൂർ എസ്.ഐ രാജീവിനോട് ഇവർ സംഭവം വിശദീകരിക്കുകയും കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ട വിവരം പറയുകയും ചെയ്തു. ഇതോടെ മോഷണ ശ്രമത്തിനിടയിൽ കൊല്ലപ്പെട്ടതാണെന്ന് സംശയമുയർന്നു.

പ്രാഥമിക പരിശോധനയിൽ തന്നെ ദുരൂഹത തോന്നിയ എസ്.ഐ. രാജീവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. കൊല്ലം കമ്മീഷണർ അജിതാ ബീഗം, പുനലൂർ ഡിവൈ.എസ്‌പി.കൃഷ്ണകുമാർ.പി, സിഐബിനുവർഗീസ് എന്നിവരും ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തിയിരുന്നു.