കണ്ണൂർ: ദൈവവചനം പ്രസംഗിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു ഫാദർ റോബിൻ വടക്കുംചേരി. കൗമാരക്കാരായ പെൺകുട്ടികൾക്ക് തന്നെ മുറിയിൽ വന്നു കാണാനും ബൈബിൾ സംബന്ധിച്ചും സ്‌കൂൾ പാഠ്യ വിഷയങ്ങൾ സംബന്ധിച്ചും ഉപദേശങ്ങൾ കൊടുക്കാൻ അതീവ താല്പര്യം കാണിച്ചിരുന്ന വൈദികൻ. ഉപദേശം തേടി തന്റെ മുറിയിലേക്കു വരുന്ന പെൺകുട്ടികളോട് നല്ല സൗഹൃദം പുലർത്തിയിരുന്നു. അച്ചന്റെ മതപ്രഭാഷണത്തിൽ മയങ്ങിയ പെൺകുട്ടി അങ്ങനെയാണ് അച്ചനെ മുറിയിൽ പോയി കാണാൻ തുടങ്ങിയത്. അത് മുതലെടുത്ത വൈദികൻ അടിക്കടി പെൺകുട്ടിയെ ലൈംഗിക ചൂഷണം.

രൂപത മുൻ കോർപ്പറേറ്റ് മാനേജരായിരുന്ന റോബിൻ വടക്കുംചേരി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. നാലുവർഷമായി നീണ്ടുനോക്കിയിൽ പള്ളിവികാരിയായി പ്രവർത്തിച്ചുവരികയായിരുന്നു. കൊട്ടിയൂർ പ്രദേശത്തിന്റെ സർവ്വപ്രശ്‌നങ്ങളിലും ജനങ്ങളോടൊപ്പം നിന്ന വൈദികനായിരുന്നു അദ്ദേഹം. മദ്യപാനം, മയക്കു മരുന്നുപയോഗം എന്നിവയിൽ നിന്നും മോചനം നേടാൻ വൈദികന്റെ ഉപദേശം തേടിയെത്തിയവർ നിരവധിയാണ്. മത- ജാതി പരിഗണനകളൊന്നും ഇക്കാര്യത്തിൽ തടസ്സമാകാറുമില്ലായിരുന്നു. അങ്ങനെ ജനകീയമുഖമുണ്ടായിരുന്ന വൈദികന്റെ യഥാർത്ഥ മുഖമാണ് ഇപ്പോൾ തെളിയുന്നത്.

വയറു വേദനയിൽ തുടങ്ങിയ പെൺകുട്ടിയുടെ അസ്വസ്ഥത ഗർഭത്തിലെത്തിയപ്പോഴാണ് വീട്ടുകാർ അറിയുന്നത്. അവർ ഓടിപ്പാഞ്ഞ് അച്ചനെ കാണാൻ എത്തി. അവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കി. പ്രസവത്തിന്റെ കാര്യങ്ങളെല്ലാം താൻ നോക്കിക്കൊള്ളാമെന്നും സാമ്പത്തികമായി സഹായിക്കാമെന്നും, പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കാമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങളിൽ അവരെ വീഴ്‌ത്തി. അങ്ങനെയാണ് ഗർഭവിവരം പിതാവും മാതാവും രഹസ്യമാക്കി വച്ചത്. തുടർന്ന് പെൺകുട്ടിയെ കൂത്തുപറമ്പിലുള്ള ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന വൈദികൻ ഇവിടെയും രഹസ്യം പുറത്തുവിടാൻ അനുവദിച്ചില്ല. പിന്നെ കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റി. എല്ലാം അവിടെ തീരുമെന്ന് ഫാദർ കരുതി. ഉദ്ദേശിച്ച തിരക്കഥ പോലെ കാര്യങ്ങൾ നടക്കുമെന്ന പ്രതീക്ഷയിൽ പെൺകുട്ടിയും കുടുംബവും ഫാദറിനെ വിശ്വസിച്ചു കൂടെ നിന്നു.

തീർത്തും നിർദ്ധന കുടുംബത്തിലെ അംഗമായ പതിനാറുകാരി പെൺകുട്ടി മൂന്നാഴ്ച മുമ്പാണ് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നല്കിയത്. അയൽവീട്ടുകാരോട് കുട്ടിക്ക് അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയ എന്നാണ് പറഞ്ഞത്. പക്ഷേ കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ പ്രസവം പുറം ലോകത്ത് എത്തി. താമരശ്ശേരി രൂപതയ്ക്ക് കീഴിലുള്ളവർ തന്നെയായിരുന്നു ഈ മേഖലയിലെ ചൈൽഡ് ലൈൻ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചിരുന്നത്. തലശ്ശേരി രൂപതയിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഡയറക്ടറായിരുന്ന വൈദികനായിരുന്നു ചൈൽഡ് ലൈനിന്റെ പ്രവർത്തനത്തിനും നേതൃത്വം നൽകിയത്. ഇതിലെ അംഗങ്ങളെ നിയമിച്ചിരുന്നതും ഈ വൈദികനായിരുന്നു. ഫാദർ റോബിനെ കുറിച്ച് നന്നായി അറിയാവുന്ന ഒരാളാണ് ഈ പീഡനത്തെ പുറം ലോകത്ത് എത്തിച്ചത്. അങ്ങനെ വയനാട് മാനന്തവാടി സ്വദേശിയായ റോബിൻ വടക്കുംചേരി (48) അഴിക്കുല്‌ളിലായി.

കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ മനസാക്ഷിയുള്ള ആരോ ഒരാൾ ചൈൽഡ് ലൈൻ പ്രവർത്തകരെ ആ വിവരം അറിയിച്ചു. ഇതിന് മുമ്പും റോബിനെതിരെ നിരവധി പരാതികൾ സഭാ നേതൃത്വത്തിന് കിട്ടിയിരുന്നു. ഇതൊന്നും ഉന്നത ബന്ധങ്ങൾ കാരണം പുറത്ത് എത്തിയില്ല. ഇതറിയാവുന്ന ചൈൽഡ് ലൈൻ പ്രവർത്തകർ തന്നെ കരുതലോടെ നീങ്ങി. ആശുപത്രയിൽ അവർ പെൺകുട്ടിയെ തേടിയെത്തി. പെൺകുട്ടിയെ അവർ കണ്ടു. സംസാരിച്ചു. വിവരം പൊലീസിനെ അറിയിച്ചു. റോബിൻ വടക്കുംചേരി യാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന വിവരം പുറത്തുവന്നതോടെ മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം അന്വേഷണവിധേയനായി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു.

റോബിൻ വടക്കുംചേരി മാനേജരായ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്‌ളസ് വൺ വിദ്യാർത്ഥിനി കൂടിയാണ് പെൺകുട്ടി. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തന്നെ പെൺകുട്ടിയുടെ കുടുംബത്തെ സ്വാധീനിച്ച് തന്റെ പേര് പുറത്തുവരാതിരിക്കാൻ കരുക്കൾ നീക്കി. പരാതിയുമായി പോയാൽ പെൺകുട്ടിയുടെ പിതാവിനെ കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണിയും മുഴക്കി. ഇതിലാണ് പാവം കുടുംബം വീണതെന്നാണ് സൂചന. ക്രിസത്രാജ ആശുപത്രിയിൽ തന്ത്രപരമായണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തങ്ങൾക്ക് വേണ്ടപ്പെട്ട കുട്ടി ചതിയിൽ വീണുപോയതാണെന്നും പ്രസവസംബന്ധമായ വിവരങ്ങൾ പുറത്തറിയരുതെന്നും ആശുപത്രി ജീവനക്കാർക്ക് നിർദ്ദേശം നല്കുകയായിരുന്നു. ആശുപത്രി ചെലവുകളെല്ലാം റോബിൻ വടക്കുംചേരി തന്നെ വഹിച്ചു. പ്രസവശുശ്രൂഷയ്ക്ക് വിശ്വസ്തയായ ഒരു യുവതിയെയും നിയോഗിച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളാകട്ടെ പെൺകുട്ടിക്ക് അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയ നടത്തുകയാണെന്ന് അയൽവാസികളെയെല്ലാം ധരിപ്പിക്കുകയും ചെയ്തു. അതും പുരോഹിതന്റെ നിർദ്ദേശ പ്രകാരമായിരുന്നു.

അച്ചന്റെ ഈ നിർദ്ദേശമെല്ലാം തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ക്രിസ്തുരാജാ ആശുപത്രി അതേ പടി നടപ്പാക്കി. പ്രസവ വിവരം പൊലീസിൽ നിന്ന് മറച്ചുവച്ചു. പ്രസവം കഴിഞ്ഞ് പെൺകുട്ടിയെ വയനാട്ടിൽ കുറച്ചുദിവസം ഒളിപ്പിച്ചു താമസിപ്പിച്ചു. ഇവിടെ നിന്നും നവജാത ശിശുവിനെ അനാഥാലയത്തിലേക്ക് മാറ്റിയതോടെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്ന് റോബിൻ വടക്കുംചേരിയും വീട്ടുകാരും കരുതി. പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചതോടെ ആർക്കും സംശയമില്ലെന്നും കരുതി. അവർക്ക് മുന്നിൽ ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയ കാര്യം വീട്ടുകാർ ഉടൻതന്നെ ഫാ. റോബിനെ അറിയിച്ചു. തന്റെ പേര് പുറത്തുവരാതിരിക്കാൻ റോബിൻ വടക്കുംചേരി ശ്രമം തുടങ്ങി. പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ തന്നെ കുറ്റം കെട്ടിവയ്ക്കാൻ ശ്രമിച്ചു.

ഭീഷണിയിലൂടെയും പ്രലോഭനങ്ങളിലൂടെയും അച്ഛനെ സമ്മതിപ്പിച്ചു. പെൺകുട്ടിയുടെ മാതാവും വഴങ്ങി. എന്നാൽ പെൺകുട്ടി തുടക്കത്തിൽ വഴങ്ങിയില്ല. പപ്പ ആണെന്ന് പറഞ്ഞാൽ ഇപ്പോൾ ഉണ്ടായതിനേക്കാൾ വലിയ അപമാനമാണെന്ന് പെൺകുട്ടി തുറന്നടിച്ചു. എന്നാൽ, കൂടെ നിൽക്കാനും പിന്തുണയ്ക്കാനും ആരുമില്ലെന്ന് തിരിച്ചറിഞ്ഞ അവൾ അങ്ങനെ പറയാമെന്ന് സമ്മതിച്ചു. ഞങ്ങൾക്ക് പരാതി ഇല്ലെന്നും കുട്ടിയെ തങ്ങൾ നോക്കികൊള്ളാമെന്നും വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ, പൊരുത്തക്കേടുകൾ മനസിലാക്കിയ അവർ വീണ്ടും പെൺകുട്ടിയെ ചോദ്യം ചെയ്യുകയും കൗൺസലിങ് നടത്തുകയും ചെയ്തു. ഇതോടെ യഥാർത്ഥ കഥ പുറത്തായി. സത്യം പുറത്തു വരാതിരിക്കാൻ കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം നൽകിയെന്നാണ് സൂചന. അതുകൊണ്ട് തന്നെ കുട്ടിയുടെ അച്ഛനും അമ്മയും കേസിൽ പ്രതിയാകും.

കള്ളക്കളി ചൈൽഡ് ലൈൻ പൊളിച്ചതോടെ പിടിവീഴുമെന്ന് സംശയിച്ച ഫാദർ റോബിൻ ഇടവകയിൽ നിന്നും മുങ്ങുകയായിരുന്നു. ധ്യാനത്തിനെന്ന പേരിലാണ് ഈ വൈദികൻ മാറിനിന്നത്. വിദേശത്തേക്ക് രക്ഷപ്പെടാൻ ഒരുങ്ങിയ വൈദികനെ ചാലക്കുടിയിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇതിലേക്ക് വഴിവച്ചതും സഭയിലെ ചില നല്ല ഇടയന്മാരാണെന്ന സൂചനയും ഉണ്ട്.