തിരുവല്ല: കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എം.സി റോഡിൽ തുകലശേരി ഇന്ത്യൻ ഓവർസീസ് ബാങ്കിന് എതിർവശത്തു വച്ചാണ് അപകടമുണ്ടായത്. തെങ്ങേലി ഇടയിലെ വീട്ടിൽ സംഗീത സംവിധായകനായ രവീന്ദ്രൻ പിള്ളയുടെ മകൻ വിഷ്ണു ആർ നാഥാണ് (17) മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം. അപകടത്തിൽ വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും റോഡിൽ തെറിച്ച് വീണ വിഷ്ണുവിന്റെ തല കരിങ്കല്ലിൽ ഇടിക്കുകയുമായിരുന്നു. ഒപ്പം സഞ്ചരിച്ചിരുന്ന സഹപാഠികളായ രണ്ടു പേരെ ഗുരുതര പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.