പത്തനംതിട്ട: സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ-പരീക്ഷാനയം കാരണം ഹയർസെക്കൻഡറി സ്‌കൂളുകളിൽ സീറ്റുകൾ നൂറുകണക്കിന് ഒഴിഞ്ഞു കിടക്കുമ്പോൾ അവ നിറയ്ക്കാൻ സ്‌കൂൾ മാനേജ്‌മെന്റുകളുടെ കള്ളക്കളി. ഇന്റർനെറ്റ് കഫേകളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഇനിയും മനസിലായിട്ടില്ല. പതിനൊന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പുരോഗമിക്കുമ്പോൾ കമ്പ്യൂട്ടർ കഫേകളും ചില എയ്ഡഡ് സ്‌കൂൾ അധികൃതരും തമ്മിലാണ് ഒത്തുകളിക്കുന്നത്.


വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്‌കൂൾ പ്രവേശനത്തിനായി തെരഞ്ഞെടുക്കാമെന്നിരിക്കേ ചില സ്ഥലങ്ങളിലെ കമ്പ്യൂട്ടർ കഫേകളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഒരു സ്‌കൂൾ മാത്രമാണ് ഓപ്ഷൻ ലഭിക്കുന്നത്. ഇതാണ് ഒത്തുകളി നടന്നതായി സംശയം ഉയരാൻ കാരണം. മുൻവർഷങ്ങളിൽ ഇത്തരത്തിൽ കഫേകളെ സ്വാധീനിച്ച് ചില സ്‌കൂൾ അധികൃതർ തങ്ങളുടെ സ്‌കൂൾ മാത്രം ഓപ്ഷനായി നൽകിയിരുന്നു. ഇതു പിന്നീട് വിവാദത്തിന് വഴിതെളിച്ചു. ഇത്തവണയും ഇതേ രീതിയിൽ കൂടുതൽ വിദ്യാർത്ഥികളെ വലവീശി പിടിക്കാനുള്ള തന്ത്രവുമായി സ്‌കൂൾ അധികൃതർ രംഗത്തുള്ളതായാണ് അറിയുന്നത്.

കഴിഞ്ഞ 12 നാണ് +1 അപേക്ഷകൾ വിതരണം ചെയ്തു തുടങ്ങിയത്. അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതി 25 ആണ്. സമയം ഏറെ ഉണ്ടായിട്ടും കമ്പ്യൂട്ടർ കഫേകളിൽ ഓൺലൈൻ രജിസ്‌ട്രേഷന് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും വൻ തിരക്കാണ്. ഈ തിരക്ക് മുതലാക്കി കഫേകൾ വിദ്യാർത്ഥികളെ വൻതോതിൽ ചൂഷണം ചെയ്യുന്നതായും ആരോപണമുണ്ട്. ഒരു വിദ്യാർത്ഥിക്ക് രജിസ്‌ട്രേഷന് വേണ്ടി കഫേകളിൽ സാധാരണയായി അമ്പതു രൂപ വരെയാണ് ഈടാക്കുന്നത്.

തിരക്ക് അധികരിച്ചതോടെ ഇത് എഴുപത്തഞ്ചും നൂറുമായി ഉയർത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷന് വേണ്ടി കഫേകളെ ആശ്രയിക്കേണ്ട കാര്യമില്ല. എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലും വിദ്യാർത്ഥികൾ പഠിച്ച ഭൂരിഭാഗം ഹൈസ്‌കൂളുകളിലും ഇതിനായി പ്രത്യേക ജീവനക്കാരെ നിയോഗിച്ച് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെ സൗജന്യമായി രജിസ്‌ട്രേഷൻ നടത്താം. ഇതു കൂടാതെ താലൂക്കു തലത്തിൽ സ്‌കൂളുകളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്.

ഇപ്പോൾ നടക്കുന്ന ഓൺലൈൻ രജിസ്‌ട്രേഷന്റെ തുടർച്ചയായുള്ള ട്രയൽ അലോട്ട്‌മെന്റ് മൂന്നിനും ആദ്യത്തേത് പത്തിനും നടക്കും. മുഖ്യ അലോട്ട്‌മെന്റ് അടുത്തമാസം 25 ന് അവസാനിപ്പിച്ച് ജൂലൈ മൂന്നിന് +1 ക്ലാസുകൾ ആരംഭിക്കുമെന്നാണ് അറിയിപ്പ്.

ഉദാഹരണത്തിന് പത്തനംതിട്ട ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച് ഉപരിപഠനത്തിനു യോഗ്യത നേടിയത് പന്ത്രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ്. എന്നാൽ ജില്ലയിൽ സർക്കാർ (33), എയ്ഡഡ്(43), അൺ എയ്ഡഡ്(15), റസിഡൻഷ്യൽ(ഒന്ന്), സ്‌പെഷൽ(രണ്ട്), ടെക്‌നിക്കൽ(രണ്ട്) എന്നീ വിഭാഗങ്ങളിലായി 96 സ്‌കൂളുകളിൽ പഠിക്കാനെത്തേണ്ടത് നിലവിലെ സീറ്റ് ക്രമത്തിൽ 14,900 വിദ്യാർത്ഥികളാണ്. (ഒരു ബാച്ചിൽ 50 സീറ്റ് എന്ന ക്രമത്തിലാണ് ഈ കണക്ക്.

മുൻ വർഷങ്ങളിൽ 20 ശതമാനം വീതം സീറ്റു വർധന വരുത്തിയിരുന്നു). സയൻസിന് 8700, ഹ്യുമാനിറ്റീസിന് 2400, കൊമേഴ്‌സിന് 3800 എന്നിങ്ങനെയാണ് ജില്ലയിൽ നിലവിലെ ഓപ്പൺ സീറ്റുകൾ. ആവശ്യത്തിലേറെ സീറ്റുകൾ നിലവിലുണ്ടായിട്ടും പ്രവേശനം കിട്ടുമോ എന്ന ആശങ്ക വളർത്തി ചില എയ്ഡഡ് -അൺ എയ്ഡഡ് സ്‌കൂളുകൾ കുട്ടികൾക്കായി മാനേജ്‌മെന്റ് ക്വാട്ടായിൽ വൻ തുക പ്രതിഫലം വാങ്ങി സീറ്റ് ബുക്കിംഗും തുടങ്ങിയിട്ടുണ്ട്. ഇതിനോടൊപ്പമാണ് കമ്പ്യൂട്ടർ കഫേകളെ സ്വാധീനിച്ച് രജിസ്‌ട്രേഷനിൽ മറിമായം നടത്തുന്നത്.