ഡൽഹി: ഒടുവിൽ റഫാൽ ഇടപാടിൽ മൗനം വെടിഞ്ഞ് മോദി. കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. വികസനത്തെക്കുറിച്ച് സംവാദം നടത്തുന്നതിൽ പരാജയം സമ്മതിച്ച് കോൺഗ്രസ് ചെളി വാരിയെറിയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ എത്രത്തോളം ശക്തിയിൽ ചെളി വാരിയെറിയുന്നുവോ അത്രയും ആഴത്തിൽ താമര വിരിയുമെന്നും പ്രധാനമന്ത്രി.

റഫാൽ വിമാന ഇടപാടിലെ ആരോപണങ്ങളെക്കുറിച്ച് ചർച്ച ചെയ്യവേയാണ് മോദി ഇത്തരമൊരു പരാമർശം നടത്തിയത്. 125 വർഷം പഴക്കവും പാരമ്പര്യവുമുള്ള ഒരു പാർട്ടിക്ക് സഖ്യകക്ഷികളോട് ലയനത്തിനായി യാചിക്കേണ്ട ആവശ്യമില്ലെന്നും മോദി തുറന്നടിച്ചു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽനിന്ന് രാജ്യം മുക്തമാകണമെന്നും എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നത് വെറും തെരഞ്ഞെടുപ്പ് മുദ്രാവാക്യമല്ല. ആരെയും വികസനത്തിൽനിന്ന് മാറ്റിനിർത്തില്ലെന്നും മോദി വ്യക്തമാക്കി.

സഖ്യകക്ഷികൾ ഉണ്ടായാലും കോൺഗ്രസിന് വിജയം അസാധ്യമാണ്. സാമൂഹ്യ നീതിയിലാണ് തന്റെ സർക്കാർ വിശ്വസിക്കുന്നത്. എല്ലാവരുടെയും വികസനവും എല്ലാവരുടെയും സഹകരവുമാണ് താൻ എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നത്. 2019 ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് എത്രത്തോളം വിമർശിക്കുന്നുവോ അത്രയും വേഗത്തിലായിരിക്കും താമര വിരിയുക. ബിജെപി അധ്യക്ഷൻ അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർ റാലിയിൽ പ്രസംഗിച്ചു.