- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.എം. കെയർ ഫണ്ട്: 2021 മാർച്ച് വരെ ലഭിച്ചത് 10,990 കോടി രൂപ; ആകെ ചെലവഴിച്ചത് 3,976 കോടി രൂപ മാത്രം; കോവിഡ് വാക്സിന് 1,392 കോടി രൂപ; സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: 2020 മാർച്ച് 27 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ രാജ്യത്തെ പി.എം കെയർ ഫണ്ടിലേക്ക് സമാഹരിച്ച തുകയിൽ 64 ശതമാനം ഇതുവരെ വിനിയോഗിച്ചിട്ടില്ലെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡിനെതിരായ പോരാട്ടങ്ങൾക്കുള്ള ധന സമാഹരണത്തിനായാണ് പിഎം കെയറുകൾ രൂപീകരിച്ചത്. പ്രവർത്തനം തുടങ്ങിയതിനു ശേഷം, ആദ്യ വർഷത്തിൽ 3,976 കോടി രൂപ മാത്രമാണു ചെലവാക്കിയത്.
10,990 കോടി രൂപയാണ് പിഎം കെയർ ഫണ്ടിലേക്ക് ആകെ ലഭിച്ചത്. 2020 സാമ്പത്തിക വർഷം സംഭാവനയായി 3,077 കോടി ലഭിച്ചു. 2021 സാമ്പത്തിക വർഷത്തിൽ 7,679 കോടി ലഭിച്ചു. കൂടാതെ, പലിശ ഇനത്തിൽ 235 കോടിയും ലഭിച്ചു. ആകെ ലഭിച്ച തുകയിൽ 495 കോടി വിദേശത്തുനിന്നുള്ള തുകയാണ്.
എന്നാൽ കഴിഞ്ഞ വർഷം മാർച്ച് വരെ 3,976 കോടി രൂപ മാത്രമാണു കേന്ദ്രം ചെലവാക്കിയത്. 6.6 കോടി ഡോസ് കോവിഡ് വാക്‌സീൻ വാങ്ങാനായി 1,392 കോടി രൂപ ഉപയോഗിച്ചു. 5000 വെന്റിലേറ്ററുകൾ വാങ്ങാൻ 1,311 കോടി രൂപ ഉപയോഗിച്ചു.
എന്നാൽ ഒന്നിലധികം അവസരങ്ങളിൽ പിഎം കെയർ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ വെന്റിലേറ്ററുകൾ തകറാറിലായതോ അല്ലെങ്കിൽ പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവു മൂലം ഉപയോഗിക്കാനാകാതെ വരികയോ ചെയ്തു.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ 162 ഓക്സിജൻ ജനറേഷൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 201.58 കോടി രൂപയും ചെലവിട്ടു. കോവിഡ് പരിശോധനയ്ക്കായി സർക്കാർ ലാബുകൾ വികസിപ്പിക്കുന്നതിന് 20.41 കോടി രൂപ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ കുടിയേറ്റ വിഭാഗത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 1,000 കോടി രൂപ മാത്രമാണു നീക്കിവച്ചത്. 2020 ലോക്ഡൗണിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച വിഭാഗങ്ങളിലൊന്നാണ് ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാർ.
ന്യൂസ് ഡെസ്ക്