വാരണാസി: യുപിഎ സർക്കാരിന്റെ കാലത്തെ പോലെ പദ്ധതികൾക്കായി തറക്കല്ലിടുക മാത്രമല്ല, അവ പൂർത്തിയാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയിൽ വഡോദര മഹാമന എക്സ്‌പ്രസ് വീഡിയോ കോൺഫറൻസിലൂടെ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദി കോൺഗ്രസിനെതിരെ പരോക്ഷ പരിഹാസമുയർത്തിയത്.

ഞങ്ങൾ തറക്കല്ലിട്ട പദ്ധതികൾ ഞങ്ങൾ തന്നെ ഉദ്ഘാടനം ചെയ്യും. ഉത്തർപ്രദേശിലെ പുതിയ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് വലിയ സാമ്പത്തിക പുരോഗതി ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'വികസനമാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം.അതുകൊണ്ട് തന്നെ പൗരന്മാർക്ക് സ്വന്തം കാലിൽ നിൽക്കുന്നതിനുള്ള സഹായമാണ് സർക്കാർ ചെയ്യുന്നത്.സർക്കാർ മുന്നോട്ട് വയ്ക്കുന്ന പദ്ധതികളെല്ലാം ജനങ്ങളുടെ ക്ഷേമത്തിനാണ് മുൻതൂക്കം നൽകുന്നത്. ഇന്ത്യയിൽ നിന്നും ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനാണ് സർക്കാരിന്റെ ശ്രമം'. ഇന്ത്യ വികസനത്തിലേക്ക് കുതിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകസഭ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്നും ബറോഡയിൽ നിന്നുമാണ് ഞാൻ മത്സരിച്ചത്. രണ്ട് മണ്ഡലങ്ങളിൽ നിന്നും ഞാൻ വിജയിച്ചു. ബറോഡയിൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ നിരവധി പേരുണ്ട്. അതുകൊണ്ട് വാരണാസിയിൽ മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധ ചെലുത്തുന്നതെന്നും മോദി പറഞ്ഞു.