ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോള-സദിയ പാലം അസമിൽ പ്രധാമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി ഇന്ന് പാലം ഉദ്ഘാടനം ചെയ്തത്. ഇതോടെ സർക്കാരിന്റെ മൂന്നാം വാർഷികാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.

അസമിലെ സദിയയിൽനിന്ന് ആരംഭിക്കുന്ന 9.15 കിലോമീറ്റർ നീളമുള്ള പാലം ധോളയിലാണ് അവസാനിക്കുന്നത്. അസമിലെ ടിൻസുകിയ ജില്ലയിൽ ബ്രഹ്മപുത്രയുടെ പോഷക നദിയായ ലോഹിത് നദിക്കുകുറുകെയാണ് പാലം.

നിലവിൽ ബിഹാറിലെ മഹാത്മാഗാന്ധി സേതുവാണ് (5.75 കി.മീ.) രാജ്യത്തെ ഏറ്റവും നീളംകൂടിയ പാലം. മൂന്നാംസ്ഥാനത്തുള്ള മുംബൈയിലെ ബാന്ദ്ര-വർളി കടൽപ്പാലത്തിന് 5.57 കി.മീ ആണ് നീളം.

950 കോടി ചെലവഴിച്ച് നിർമ്മിച്ച പാലത്തിന്റെ നിർമ്മാണം 2011-ൽ അന്ന് സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാരാണ് തുടക്കമിട്ടത്. അസം, അരുണാചൽപ്രദേശ് സംസ്ഥാനങ്ങൾ തമ്മിലുള്ള യാത്രാസമയം നാലുമണിക്കൂറോളം കുറയുമെന്നതും ഈ പാലത്തിന്റെ പ്രത്യേകതയാണ്. ഇനി മുതൽ ചൈനയുമായി അതിർത്തിപങ്കിടുന്ന അരുണാചൽപ്രദേശിലേക്ക് സൈന്യത്തിന് വേഗത്തിൽ പ്രവേശിക്കാനാകും. 60 ടൺ ഭാരമുള്ള യുദ്ധടാങ്കുകളെ താങ്ങാൻ ശേഷിയും ഈ പാലത്തിനുണ്ട്.

സൈന്യം അരുണാചലിലേക്ക് പോകാനുപയോഗിക്കുന്ന വഴിയായ ടിൻസുകിയയിലേക്ക് ഇപ്പോൾ ടാങ്ക് ഉൾപ്പെടെയുള്ളവ എത്തിക്കുന്നത് ബോട്ട് മാർഗമാണ്. പാലത്തിൽ നിന്ന് ചൈനയുടെ അതിർത്തിയിൽനിന്ന് നൂറുകിലോമീറ്റർ ദൂരംമാത്രമാണുള്ളത്. പാലത്തിന്റെ 182 തൂണുകളിലും ഭൂകമ്പപ്രതിരോധസംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പാലമാരംഭിക്കുന്ന സദിയ പ്രശസ്തഗായകൻ ഭൂപൻ ഹസാരികയുടെ ജന്മസ്ഥലമാമായതിനാൽ അദ്ദേഹത്തിന്റെ പേര് പാലത്തിന് നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.