- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദായ നികുതി അടയ്ക്കുന്നവരും കേന്ദ്ര സഹായം കൈപ്പറ്റി; ഒരു വീട്ടിൽ നിന്നുള്ള പല അംഗങ്ങളും പദ്ധതിയിൽ; അനർഹരായി കയറി കൂടിയത് 31818 പേർ; ആധാറുമായി ബന്ധിപ്പിച്ചതിനാൽ വ്യാജന്മാരെ കണ്ടെത്തും; പിഎം കിസാൻ സമ്മാൻനിധിയിൽ കേരളത്തിൽ പരിശോധന തുടരുമ്പോൾ
കണ്ണൂർ: പി.എം. കിസാൻ സമ്മാൻനിധിയിലൂടെ സംസ്ഥാനത്ത് കർഷകർക്കുള്ള ആനുകൂല്യം വ്യാജമായി കൈപ്പറ്റിയവർക്കെതിരെ നടപടി വരും. 31,818 പേർ അനർഹർ കേരളത്തിലുണ്ടെന്നാണ് കണക്ക്. കോടികളാണ് ഇവരിൽനിന്ന് സർക്കാരിന് തിരിച്ചുപിടിക്കാനുള്ളത്. കൃഷിഭൂമിയില്ലാത്തവരും ആദായനികുതി അടയ്ക്കുന്നവരും കേന്ദ്ര സർക്കാരിന്റെ പണം തട്ടിയെടുത്തു. 2017-ലാണ് പി.എം. കിസാൻ സമ്മാൻനിധി പദ്ധതി പ്രഖ്യാപിച്ചത്. 2018-ൽ പദ്ധതി നടപ്പാക്കിത്തുടങ്ങി. കർഷകരുടെ വരുമാന വർധനയ്ക്ക് ഒരു സഹായമെന്ന നിലയിലാണ് പദ്ധതി ആവിഷ്കരിച്ചത്.
സംസ്ഥാനത്ത് 37,31,464 കർഷകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സൂക്ഷ്മപരിശോധനയിൽ 31,818 പേർ അനർഹരാണെന്ന് കണ്ടെത്തി. ഇവർക്ക് പല ഗഡുക്കളായി 36.24 കോടി രൂപ കേന്ദ്രസർക്കാർ വിതരണം ചെയ്തിട്ടുണ്ട്. അനർഹരായവരിൽനിന്ന് ഇതുവരെ 2.18 കോടി രൂപയാണ് കേന്ദ്രസർക്കാരിന് തിരിച്ചുപിടിക്കാനായത്. ബാക്കിയും പിടികൂടും. 2264 കർഷകർ മാത്രമാണ് തുക തിരിച്ചുനൽകിയത്. പദ്ധതി ആധാർ കാർഡുമായി ബന്ധിപ്പിച്ചതിനാൽ അർഹരല്ലാത്തവരെ എളുപ്പം കണ്ടെത്താനാവും. ബാങ്ക് വഴിയാണ് തുക തിരിച്ചടയ്ക്കേണ്ടത്.
മൂന്ന് ഗഡുക്കളായി 2000 രൂപ വീതം ഒരുവർഷം 6000 രൂപ നൽകുന്നതാണ് പദ്ധതി. നിശ്ചിത കൃഷിഭൂമിയും വരുമാനപരിധിയും അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. കൃഷിഭൂമിയില്ലാത്തവരും ഒരുവീട്ടിൽ തന്നെയുള്ള പല അംഗങ്ങളും ആദായനികുതി അടയ്ക്കുന്നവരുമെല്ലാം പദ്ധതിയിൽ അംഗങ്ങളായി ചേർന്നു. പദ്ധതിയിൽ പല സംസ്ഥാനങ്ങളിലും വൻതോതിലുള്ള അഴിമതി നടന്നതായി പരാതി ഉയർന്നു. തുടർന്നാണ് കേന്ദ്രസർക്കാർ സൂക്ഷ്മപരിശോധന തുടങ്ങിയത്.
വരുമാനം പരിശോധിച്ച് അനർഹരെ കണ്ടെത്തുന്നത് കേന്ദ്ര ആദായനികുതി വകുപ്പാണ്. മറ്റുള്ളവ അതത് കൃഷിഭവനുകളാണ് പരിശോധിക്കുന്നത്. മെയ് 31 വരെ പി.എം. കിസാൻ ഇ-കെ.വൈ.സി. പൂർത്തിയാക്കാൻ കർഷകർക്ക് സമയം നൽകിയിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ മുഴുവൻ അനർഹരെയും കണ്ടെത്തി തുക തിരിച്ചുപിടിക്കാനാണ് തീരുമാനം.
നിലവിൽ പദ്ധതിയിൽ രജിസ്റ്റർചെയ്ത കർഷകരിൽ 34,61,104 പേർക്ക് പദ്ധതിയുടെ മുഴുവൻ തുകയും ലഭിച്ചിട്ടുണ്ട്. 2,33,395 പേർക്ക് പകുതി തുകയും നൽകി. 36,965 കർഷകർക്ക് ഇതുവരെ ഒരു ഗഡുപോലും ലഭിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ