- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം നിഷ്‌കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്കു വിപരീതമായി തുക കൈപ്പറ്റിയവർ കടുങ്ങും; സ്വന്തം പേരിൽ സ്ഥലമില്ലെന്നതും ആദായ നികുതി അടയ്ക്കുന്നതും ചൂണ്ടിക്കാട്ടി നോട്ടീസ്; അനർഹരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനും സാധ്യത; കിസ്സാൻ സമ്മാനം തട്ടിപ്പിലൂടെ വാങ്ങിയ 30,416 പേർ കുടുങ്ങും
കൊച്ചി : കേരളത്തിൽ പി.എം.കിസാൻ സമ്മാൻ നിധി യോജന സഹായം കൈപ്പറ്റിയവരിൽ 30,416 പേർ അനർഹരെന്നു കണ്ടെത്തൽ. ഇതിൽ 21,018 പേർ ആദായനികുതി അടയ്ക്കുന്നവരാണ്. അർഹതയില്ലാത്തവരിൽനിന്നു തുക തിരിച്ചുപിടിച്ചു നൽകണമെന്ന് കേന്ദ്രധനമന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 31 കോടി രൂപ തിരിച്ചുകിട്ടേണ്ടതിൽ 4.90 കോടി രൂപ മാത്രമാണ് ഇതുവരെ കിട്ടിയിട്ടുള്ളത്.
കൃഷിഭൂമിയില്ലാത്തവരും ആദായനികുതി അടയ്ക്കുന്നവരും കേന്ദ്ര സർക്കാരിന്റെ പണം തട്ടിയെടുത്തു. 2017-ലാണ് പി.എം. കിസാൻ സമ്മാൻനിധി പദ്ധതി പ്രഖ്യാപിച്ചത്. 2018-ൽ പദ്ധതി നടപ്പാക്കിത്തുടങ്ങി. കർഷകരുടെ വരുമാന വർധനയ്ക്ക് ഒരു സഹായമെന്ന നിലയിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാനത്ത് 37,31,464 കർഷകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സൂക്ഷ്മപരിശോധനയിലാണ് അനർഹരെ കണ്ടെത്തിയത്.. 2264 കർഷകർ മാത്രമാണ് തുക തിരിച്ചുനൽകിയത്. പദ്ധതി ആധാർ കാർഡുമായി ബന്ധിപ്പിച്ചതിനാൽ അർഹരല്ലാത്തവരെ എളുപ്പം കണ്ടെത്താനാവും. ബാങ്ക് വഴിയാണ് തുക തിരിച്ചടയ്ക്കേണ്ടത്.
മൂന്ന് ഗഡുക്കളായി 2000 രൂപ വീതം ഒരുവർഷം 6000 രൂപ നൽകുന്നതാണ് പദ്ധതി. നിശ്ചിത കൃഷിഭൂമിയും വരുമാനപരിധിയും അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. കൃഷിഭൂമിയില്ലാത്തവരും ഒരുവീട്ടിൽ തന്നെയുള്ള പല അംഗങ്ങളും ആദായനികുതി അടയ്ക്കുന്നവരുമെല്ലാം പദ്ധതിയിൽ അംഗങ്ങളായി ചേർന്നു. പദ്ധതിയിൽ പല സംസ്ഥാനങ്ങളിലും വൻതോതിലുള്ള അഴിമതി നടന്നതായി പരാതി ഉയർന്നു. തുടർന്നാണ് കേന്ദ്രസർക്കാർ സൂക്ഷ്മപരിശോധന തുടങ്ങിയത്.
വരുമാനം പരിശോധിച്ച് അനർഹരെ കണ്ടെത്തുന്നത് കേന്ദ്ര ആദായനികുതി വകുപ്പാണ്. മറ്റുള്ളവ അതത് കൃഷിഭവനുകളാണ് പരിശോധിക്കുന്നത്. മെയ് 31 വരെ പി.എം. കിസാൻ ഇ-കെ.വൈ.സി. പൂർത്തിയാക്കാൻ കർഷകർക്ക് സമയം നൽകിയിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ മുഴുവൻ അനർഹരെയും കണ്ടെത്തി തുക തിരിച്ചുപിടിക്കാനാണ് തീരുമാനം. നിലവിൽ പദ്ധതിയിൽ രജിസ്റ്റർചെയ്ത കർഷകരിൽ 34,61,104 പേർക്ക് പദ്ധതിയുടെ മുഴുവൻ തുകയും ലഭിച്ചിട്ടുണ്ട്. 2,33,395 പേർക്ക് പകുതി തുകയും നൽകി. 36,965 കർഷകർക്ക് ഇതുവരെ ഒരു ഗഡുപോലും ലഭിച്ചിട്ടില്ല.
കേരളത്തിൽ കഴിഞ്ഞ മൂന്നുവർഷമായി 5,600 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. വർഷത്തിൽ മൂന്നു തവണയായി ആറായിരം രൂപ വീതമാണു നൽകിവരുന്നത്. 37.2 ലക്ഷം പേരാണ് കേരളത്തിൽ പി.എം. കിസാൻ പദ്ധതിയിൽ ചേർന്നിട്ടുള്ളത്. അനർഹരിൽ നിന്ന് തുക തിരിച്ചുപിടിച്ച് അടയ്ക്കണമെന്ന് കഴിഞ്ഞമാസം കേന്ദ്ര ധനമന്ത്രാലയം കേരള സർക്കാരിനോടു നിർദ്ദേശിച്ചിരുന്നു. ഫീൽഡ്ലെവൽ ഓഫീസർമാർ ഇതിനായി നടപടി സ്വീകരിച്ചു വരികയാണെന്ന് കൃഷിവകുപ്പ് വൃത്തങ്ങൾ പറയുന്നു.
പ്രാഥമിക പരിശോധനയ്ക്കുശേഷം സൂക്ഷ്മ പരിശോധനയിലേക്കു നീങ്ങിയപ്പോൾ അർഹരല്ലെന്നു കണ്ടെത്തിയവരിൽനിന്നാണ് തുക തിരിച്ചുപിടിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരിന്റെ ലാൻഡ്റെക്കോഡിൽ ഫെബ്രുവരി ഒന്നിന് നിശ്ചിത കൃഷിഭൂമി കൈവശമുള്ളവർക്കു മാത്രമാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. കിസാൻനിധി പ്രകാരം അനർഹർക്കു ലഭിച്ച തുക തിരിച്ചടയ്ക്കാൻ നോട്ടീസ് നൽകിവരികയാണ്. കേന്ദ്ര കൃഷിമന്ത്രാലയം, സംസ്ഥാന കൃഷിവകുപ്പ് മുഖേനയാണു നോട്ടീസ് നൽകുന്നത്.
മാർഗരേഖയുടെ അടിസ്ഥാനത്തിൽ സർക്കാർ നിഷ്‌കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്കു വിപരീതമായി തുക കൈപ്പറ്റിയവരോടാണു തിരിച്ചടയ്ക്കാനുള്ള നിർദ്ദേശം. സ്വന്തം പേരിൽ സ്ഥലമില്ലെന്നതും ആദായ നികുതി അടയ്ക്കുന്നതും ചൂണ്ടിക്കാട്ടിയാണു നോട്ടീസ്. അനർഹർ തുക തിരിച്ചടച്ചില്ലെങ്കിൽ ഭാവിയിൽ മറ്റാനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കുമെന്നും നിയമനടപടികളിലേക്കു നീങ്ങുമെന്നുമാണ് നോട്ടീസിൽ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ