- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; ചരിത്ര നിമിഷം, ആധുനികതയുടെ പാരമ്പര്യത്തിന്റെയും സങ്കലനമാകും പുതിയ മന്ദിരമെന്നും മോദി: ചടങ്ങു ബഹിഷ്ക്കരിച്ചു കോൺഗ്രസ്; മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാകുക 2022 ഒക്ടോബറോടെ; 60,000 മീറ്റർ സ്ക്വയറിലുള്ള പുതിയ മന്ദിരം ഉയരുന്നത് പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാം പ്ലോട്ടിൽ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ നടത്തി തറക്കല്ലിട്ടു.ശക്തമായ ജനാധിപത്യത്തിലേക്കുള്ള വലിയ ചുവടുപയ്പുകളിൽ ഒന്നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനമെന്ന് ചടങ്ങിന് ശേഷം മോദി പറഞ്ഞു. ചരിത്ര നിമിഷങ്ങളിലൂടെയാണ് രാജ്യം കടന്നുപോയത്.ആധുനികത
യുടെ പാരമ്പര്യത്തിന്റെയും സങ്കലനമായിരിക്കും പുതിയ മന്ദിരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കർണാടകയിലെ ശൃംഗേരി മഠത്തിൽ നിന്നുള്ള ആറ് പൂജാരിമാരാണ് ഭൂമിപൂജയ്ക്ക് കാർമികത്വം വഹിച്ചു.ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ, കേന്ദ്രമന്ത്രിമാരായ മന്ത്രി അമിത് ഷാ,രാജ് നാഥ് സിങ്, രവിശങ്കർ പ്രസാദ്, ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്, വിവിധ വിദേശ പ്രതിനിധികൾ എന്നിവരും നിരവധി ആത്മീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. അതേസമയം പ്രതിഷേധ സൂചകമായി കോൺഗ്രസ്സ് നേതാക്കൾ ചടങ്ങ് ബഹിഷ്കരിച്ചു.കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചായിരുന്നു ചടങ്ങ് നടന്നത്.
പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാം പ്ലോട്ടിലാണ് 60,000 മീറ്റർ സ്ക്വയറിലുള്ള പുതിയ മന്ദിരം ഉയരുന്നത്. പുതിയ മന്ദിരത്തിൽ ലോക്സഭയിൽ 888 അംഗങ്ങൾക്കും രാജ്യസഭയിൽ 384 അംഗങ്ങൾക്കുമുള്ള ഇരിപ്പിടമൊരുക്കും.നിലവിൽ ലോക്സഭയിൽ 543 അംഗങ്ങളും രാജ്യസഭയിൽ 245 അംഗങ്ങളുമാണുള്ളതെങ്കിലും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വർധന കണക്കിലെടുത്താണിത്. ഇതോടൊപ്പം ലൈബ്രറി, വിവിധ സമിതികൾക്കുള്ള മുറികൾ എന്നിവയും ക്രമീകരിക്കും. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി വിശാലമായ ഒരു കോൺസ്റ്റിറ്റിയൂഷൻ ഹാൾ, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കും.കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായി അത്യാധുനിക ഡിജിറ്റൽ ഇന്റർഫേസുകൾ സജ്ജമാക്കും.
വായു, ശബ്ദ മലിനീകരണങ്ങൾ നിയന്ത്രിക്കാനും ഭൂകമ്പത്തെ ചെറുക്കാനും സംവിധാനമുണ്ടാകും. ബേസ്മെന്റിനു പുറമേ 2 നിലകളുള്ള പുതിയ മന്ദിരം നിലവിലെ പാർലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണ്. ഉയരവും തുല്യമാണ്. നിലവിൽ ശ്രംശക്തി ഭവനിരിക്കുന്ന സ്ഥലത്താണ് എംപിമാർക്കുള്ള ഓഫിസ് സമുച്ചയം നിർമ്മിക്കുക. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കരാർ 861.9 കോടി രൂപയ്ക്കു ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ മന്ദിരം പുരാവസ്തുവായി സംരക്ഷിക്കും.
പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയം വിദഗ്ദ്ധ സമിതിയുടെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. 20,000 കോടി രൂപയുടെ സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്. പദ്ധതിക്കെതിരേ എതിർപ്പുകളുയരുന്നതിനിടെയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റി അനുമതി നൽകിയത്. പ്രതിപക്ഷ കക്ഷികളും സാമ്പത്തിക വിദഗ്ധരുമടക്കമുള്ളവർ സെൻട്രൽ വിസ്റ്റ പദ്ധതിക്കെതിരേ എതിർപ്പ് അറിയിച്ചിരുന്നു. 93 വർഷം മുൻപ് നിർമ്മിച്ച നിലവിലെ പാർലമെന്റ് മന്ദിരത്തിൽ വലിയ രീതിയിലുള്ള അറ്റകുറ്റപ്പണി ആവശ്യമായി വരുന്ന സാഹചര്യമുണ്ടായതോടെയാണ് പുതിയ മന്ദിരം നിർമ്മിക്കാൻ തീരുമാനിച്ചത്.
ന്യൂഡൽഹിയിൽ ഇന്ത്യാഗേറ്റ് മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള മൂന്നു കിലോമീറ്റർ ദൂര പരിധിയിലാണ് സെൻട്രൽ വിസ്റ്റ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പാർലമെന്റ് മന്ദിരത്തിനു പുറമേ മറ്റു ചില കെട്ടിടങ്ങളും പുതുതായി നിർമ്മിക്കും. ചില കേന്ദ്ര സർക്കാർ ഓഫീസുകളും സ്മാരകങ്ങളും മറ്റു കെട്ടിടങ്ങളും പുതുക്കിപ്പണിയുകയോ പൊളിച്ചു മാറ്റുകയോ ചെയ്യും. കേന്ദ്ര പാർപ്പിട നഗര കാര്യ മന്ത്രാലയത്തിനു കീഴിലാണ് സെൻട്രൽ വിസ്റ്റ പദ്ധതിയുടെ നടത്തിപ്പ്.
എല്ലാ മന്ത്രാലയങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിൽ പുതിയ സെൻട്രൽ സെക്രട്ടറിയേറ്റ് കെട്ടിടവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. നിലവിൽ വ്യത്യസ്ത കെട്ടിടങ്ങളിലായാണ് മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നത്.