- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ ഞെട്ടിപ്പോയി...രാജ്യത്ത് ഫിഷറീസ് മന്ത്രാലയം ഇല്ല...പുതിയതൊന്ന് ഉണ്ടാക്കുമെന്ന് ഒരുകോൺഗ്രസ് നേതാവ് പറഞ്ഞപ്പോൾ': രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി; പുതുച്ചേരിയിലെ പ്രസ്താവന കേരളത്തിലും കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ ആവർത്തിച്ചതോടെ ബ്ലണ്ടർ എന്ന് വിധിയെഴുതി സോഷ്യൽ മീഡിയയും
ന്യൂഡൽഹി: : രാഹുൽ കേരളസന്ദർശനത്തിനിടെ കടലിൽ പോയതും, മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ശബ്ദം ഉയർത്തിയതും വാർത്തകളിൽ നിറഞ്ഞുനിൽക്കെ, പ്രധാനമന്ത്രിയുടെ പരിഹാസം. ഫെബ്രുവരി 17 ന് പുതുച്ചേരിയിൽ എത്തിയ രാഹുൽ, മത്സ്യത്തൊഴിലാളികളെ കടലിലെ കർഷകർ എന്നാണ് വിശേഷിപ്പിച്ചത്. കരയിൽ പണിയെടുന്ന കർഷകർക്ക് ഡൽഹിയിൽ മന്ത്രാലയം ഉള്ളപ്പോൾ കടലിൽ പണിയെടുക്കുന്ന കർഷകർക്ക് എന്തുകൊണ്ട് മന്ത്രാലയം ഇല്ല എന്നായിരുന്നു രാഹുലിന്റെ ചോദ്യം.
കേന്ദ്ര ഫിഷറീസ് കാര്യ മന്ത്രി ഗിരിരാജ് സിങ് ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരുന്നു. 2019 മെയ് 31 ന് തന്നെ മോദി സർക്കാർ ഫിഷറീസ് മന്ത്രാലയം സൃഷ്ടിച്ചിരുന്നു. 20,050 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സംപദ യോജന തുടങ്ങിയകാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
വ്യാഴാഴ്ച പുതുച്ചേരിയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രിയുടെ പ്രതികരണം ഇങ്ങനെ: ' ഒരു കോൺഗ്രസ് നേതാവ് മുന്നോട്ട് വന്ന് രാജ്യത്ത് ഫിഷറീസ് മന്ത്രാലയം ഇല്ല, അതുകൊണ്ട് പുതിയതൊന്ന് ഉണ്ടാക്കുമെന്ന് പറഞ്ഞത് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. എൻഡിഎ സർക്കാർ 2019 ൽ ഫിഷറീസ് മന്ത്രാലയം തുടങ്ങുകയും, രണ്ടുവർഷത്തിനിടെ ഫിഷറീസിന് അനുവദിച്ച ബജറ്റ് 80 ശതമാനത്തിൽ അധികമാകുകയും ചെയ്തു.'
രാഹുലിനെതിരെ വിമർശനവുമായി ഗിരിരാജ് സിങ്ങിനെ കൂടാതെ, സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. എന്നാൽ, ഇത് കണക്കിലെടുക്കാതെ ബുധനാഴ്ച കേരളത്തിൽ വച്ചും ഫിഷറീസ് മന്ത്രാലയം വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
രാഹുലിന് അബദ്ധം പറ്റിയതോ?
ഫെബ്രുവരി 17ന് പുതുച്ചേരിയിൽ ഈ ചോദ്യം ഉന്നയിച്ചെങ്കിലും, ഫെബ്രുവരി 2ന് ഫിഷറീസ് ഇൻഫ്രാസ്ട്രക്ച്ചറിനെയും അക്വാ കൾച്ചർ വികസനത്തെയും കുറിച്ച് രാഹുൽ ഫിഷറീസ് വകുപ്പിനോട് ലോക്‌സഭയിൽ ചോദ്യം ചോദിച്ചതായി രേഖകളിൽ കാണുന്നുമുണ്ട്. കേന്ദ്ര ഫിഷറീസ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി ഈ ചോദ്യത്തിന് വിശദമായ മറുപടിയും നൽകിയിരുന്നു. ഇതോടെ, ഇക്കാര്യത്തിൽ രാഹുലിന് അബദ്ധം സംഭവിച്ചതോയെന്ന സംശയം സോഷ്യൽ മീഡിയ ഉന്നയിക്കുന്നു.രാഹുൽ ചില ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന ആവശ്യവും ഉയർന്നു.
കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രായം ഉണ്ടെന്ന് അറിയില്ലെങ്കിൽ, തന്റെ പ്രവർത്തന മണ്ഡലമായ കേരളത്തിലെ കർഷകർക്ക് ആനുകൂല്യങ്ങൾ നേടിയെടുക്കാൻ എങ്ങനെ കഴിയും? ലോക്‌സഭയിൽ ഫിഷറീസ് വകുപ്പിനോട് ചോദ്യം ചോദിച്ച പശ്ചാത്തലത്തിൽ അദ്ദേഹത്തിന് വേണ്ടി വേറെ ആരെങ്കിലും ആണോ ചോദ്യം തയ്യാറാക്കിയത്? ആരാണ് രാഹുലിന് വേണ്ടി പ്രസംഗങ്ങൾ എഴുതുന്നത്? വിവരമില്ലാത്ത ആളുകളാണോ അദ്ദേഹത്തിന്റെ പ്രസംഗം തയ്യാറാക്കുന്നത്. പ്രസംഗങ്ങളിൽ എന്തുപറയണമെന്ന് അദ്ദേഹത്തെ ഉപദേശിക്കാൻ വിവരമുള്ളവരെ വയ്ക്കാത്തത് എന്തെന്നും ചോദിക്കുന്നു സോഷ്യൽ മീഡിയ.
മറുനാടന് മലയാളി ബ്യൂറോ