ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം സുഗമമായി നടത്താൻ പ്രതിപക്ഷ കക്ഷികൾ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ഭരണഘടനയേയും ജനാധിപത്യത്തേയും പാർലമെന്റിനേയും ജനങ്ങളേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

'ഇരുസഭകളിലേയും പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ പാർലമെന്റിനെ അപമാനിക്കുകയാണ്. പേപ്പർ തട്ടിയെടുത്ത് കീറിയെറിഞ്ഞ വ്യക്തി തന്റെ പ്രവർത്തനത്തിൽ പശ്ചാത്തപിക്കുന്നില്ല' ഇന്ന് രാവിലെ ചേർന്ന ബിജെപി എംപിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

പെഗസ്സസുമായി ബന്ധപ്പെട്ട് ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന തട്ടിയെടുത്ത തൃണമൂൽ എംപി സാന്തനു സെന്നിനെ പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.

ചർച്ചകൾ കൂടാതെ ബില്ലുകൾ അതിവേഗത്തിൽ പാസാക്കുന്നതിനെ വിമർശിച്ച് തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ ട്വിറ്ററിലൂടെ നടത്തിയ പരാർശങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിയമങ്ങൾ പാസാക്കുകയാണോ അതോ സാലഡ് തയ്യാറാക്കുകയാണോ എന്നായിരുന്നു ഡെറിക് ഒബ്രിയന്റെ ട്വീറ്റ് പരാമർശം.

പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ മുഖ്താർ അബ്ബാസ് നഖ്വി എന്നിവരും ഒബ്രിയനെതിരെ ആഞ്ഞടിച്ചു. 'എല്ലാ ബില്ലുകളിലും ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്. ഞങ്ങൾ തിരക്ക് കൂട്ടുന്നില്ല. തൃണമൂലിൽ നിന്നുള്ള ഒരംഗം പാർലമെന്റിനെ അപമാനിച്ചു. അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം' പ്രഹ്ലാദ് ജോഷി പറഞ്ഞു.

പാർലമെന്റിൽ 12 ബില്ലുകൾ ശരാശരി ഏഴ് മിനിറ്റുകൾ മാത്രമെടുത്താണ് പാസാക്കിയെടുത്തതെന്നും സാലഡ് തയ്യാറാക്കുന്നത് പോലെയാണോ നിയമം പാസാക്കുന്നതെന്നും ഒബ്രിയൻ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.