- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിനെടുക്കുന്നവർ 'ബാഹുബലി'യാകും; രാജ്യത്ത് ഇതുവരെ 40 കോടിയിലേറെപ്പേർ ബാഹുബലിയായി; കോവിഡിനെതിരേ പോരാടാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; ലോകത്തെ ഒന്നാകെ ബാധിച്ച മഹാമാരിയിൽ പാർലമെന്റിൽ അർഥപൂർണമായ ചർച്ചകൾ നടക്കണമെന്നും മോദി
ന്യൂഡൽഹി: വാക്സിനെടുക്കുന്നവർ ബാഹുബലിയാകുമെന്ന് പ്രധാനമന്ത്രി. 'ബാഹു' (കൈ)വിൽ വാക്സിൻ എടുക്കുന്നവർ 'ബാഹുബലി'യായി മാറുമെന്നും രാജ്യത്ത് ഇതുവരെ 40 കോടിയിലേറെപ്പേർ ബാഹുബലിയായെന്നുമാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. പാർലമെന്റിലെ ചർച്ചകളിൽ കോവിഡ് വിഷയത്തിന് പ്രാമുഖ്യം നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് ചേരാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'ബാഹു' (കൈ)വിൽ വാക്സിൻ എടുക്കുന്നവർ 'ബാഹുബലി'യാകും. കോവിഡിനെതിരായ യുദ്ധത്തിൽ രാജ്യത്ത് 40 കോടിയിലേറെ പേർ ഇങ്ങനെ 'ബാഹുബലി'യായി മാറിയിട്ടുണ്ട്. ഇത് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ലോകത്തെ ഒന്നാകെ ബാധിച്ച മഹാമാരിയാണിത്. അതുകൊണ്ട് പാർലമെന്റിൽ അർഥപൂർണമായ ചർച്ചകൾ നടക്കണം, മോദി പറഞ്ഞു.
ഏറ്റവും രൂക്ഷമായ, മൂർച്ചയേറിയ ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കണമെന്നാണ് എല്ലാ എംപിമാരോടും പറയാനുള്ളത്. എന്നാൽ അവയ്ക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ സർക്കാരിന് മറുപടി പറയാനുള്ള അവസരവും നൽകണം. അത് ജനാധിപത്യത്തെ കരുത്തുറ്റതാക്കും, ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും, വികസനത്തെ മുന്നോട്ടുനയിക്കും, മോദി പറഞ്ഞു.
പാർലമെന്റിലെ ചർച്ചകളിൽ പ്രാമുഖ്യം കോവിഡ് പ്രതിരോധത്തിനും അതിനുള്ള ക്രിയാത്മക നിർദേശങ്ങൾക്കുമായിരിക്കണം. പോരായ്മകൾ തിരുത്തുന്നതിന് എല്ലാ എംപിമാരും പുതിയ കാഴ്ചപ്പാടോടെ കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കെടുക്കണം. കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നാളെ നടക്കുന്ന കക്ഷി നേതാക്കളുടെ യോഗത്തിൽ വിശദീകരിക്കാൻ തയ്യാറാണെന്നും മോദി പറഞ്ഞു.
മറുനാടന് ഡെസ്ക്