- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സാനിറ്ററി നാപ്കിനെ പരാമർശിച്ചു പ്രധാനമന്ത്രി; പ്രഖ്യാപനം അഞ്ച് കോടി സ്ത്രീകൾക്ക് ഒരു രൂപയ്ക്ക് സാനിറ്ററി പാഡ് നൽകുമെന്ന്; മോദിയുടെ പ്രസംഗത്തെ അഭിനന്ദിച്ചു സോഷ്യൽ മീഡിയ; സാനിറ്ററി നാപ്കിനെ കുറിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കുന്നത് ഒരു വഴിമാറി നടത്തം ആണെന്നാണ് സോഷ്യൽ മീഡിയ; സ്ത്രീകളുടെ വിവാഹപ്രായം പുനർനിർണയിക്കുന്നതിനെ കുറിച്ച് ആലോചനയെന്നും മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ
ന്യൂഡൽഹി: സാനിറ്ററി നാപ്കിൻ, ആർത്തവം എന്നൊക്കെ കേൾക്കുമ്പോൾ അയ്യേ എന്നു വെക്കുന്ന ഒരു തലമുറയുണ്ടായിരുന്നു. ആ തലമുറയുടെ കാലം കഴിഞ്ഞെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കുന്നത്. ഇന്ന് സ്വാതന്ത്ര്യദിനത്തിൽ മോദി സാനിറ്ററി നാപ്കിനെ കുറിച്ചു നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ കൈയടിയാണ് നേടിയിരിക്കുന്നത്. സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സാനിറ്ററി പാഡുകൾ ലഭ്യമാക്കിയതിനെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചുമായിരുന്നു മോദിയുടെ പ്രസംഗത്തിലെ പരാമർശങ്ങൾ.
ഈ പ്രസംഗത്തിന്റെ പേരിൽ മോദിയെ സോഷ്യൽ മീഡിയ കൈയടിക്കുന്നു. പാവപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും ആരോഗ്യത്തെക്കുറിച്ച് ഈ സർക്കാരിന് എല്ലായ്പ്പോഴും ചിന്തയുണ്ട്. ആറായിരം ജൻഔഷധി സെന്ററുകളിലൂടെ ഏകദേശം അഞ്ചുകോടി സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ ഒരു രൂപ നിരക്കിൽ ലഭിച്ചു. കൂടാതെ സ്ത്രീകൾക്ക് ശരിയായ വിവാഹപ്രായം നിശ്ചയിക്കുന്നതിന് സമിതികളും രൂപവത്കരിച്ചു. സ്ത്രീകളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനു വേണ്ടിയും ഈ സമിതികൾ പ്രവർത്തിക്കും, പ്രധാനമന്ത്രി പറഞ്ഞു. സമിതികൾ റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
സർക്കാർ സ്ത്രീശാക്തീകരണത്തിനു വേണ്ടി പ്രവർത്തിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. നാവികസേനയും വ്യോമസേനയും സ്ത്രീകൾക്ക് യുദ്ധമുഖത്ത് പ്രവർത്തിക്കാൻ അനുമതി നൽകിയതിനെ കുറിച്ചും മോദി പരാമർശിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ ആർത്തവത്തെ കുറിച്ച് പരാമർശിച്ചത് അപൂർവമാണെന്നാണ് സമൂഹമാധ്യങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടത്.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സാനിറ്ററി നാപ്കിനെ പറ്റി പരാമർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇതാണ് സോഷ്യൽ മീഡിയ ആഘോഷമാക്കിയത്. ആർത്തവം, സാനിറ്ററി നാപ്കിൻ തുടങ്ങിയ വാക്കുകൾ പുരുഷന്മാർ സംസാരിക്കുമ്പോൾ പൊതുവെ ഉപയോഗിക്കാറില്ല. ഒരു പ്രധാനമന്ത്രി തന്നെ ഈ വാക്കുകൾ പറയുമ്പോൾ, അതും സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ, അതൊരു വഴിമാറി നടത്തം ആണെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.
അതേസമയം സ്ത്രീകൾക്ക് എപ്പോഴൊക്കെ അവസരങ്ങൾ ലഭിക്കുന്നുവോ അപ്പോഴൊക്കെ അവർ രാജ്യത്തിന് അഭിമാനമായും രാജ്യത്തെ ശാക്തീകരിക്കുന്നവരായും മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം സ്ത്രീശക്തിയെ പ്രകീർത്തിച്ചത്. സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനർനിർണയിക്കുന്നതിന് ഒരു സമിതി രൂപവത്കരിച്ചിരുന്നു. സമിതി റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം അതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വിവഹപ്രായം പുനർ നിർണയിക്കുന്നതിനേക്കുറിച്ചുള്ള ചർച്ചയായാണ് ഇതിനെ വിലയിരുത്തുന്നത്.
സ്വയം തൊഴിൽ കണ്ടെത്തുന്നതിനും തൊഴിൽ നേടുന്നതിലും സ്ത്രീകൾക്ക് തുല്യ അവസങ്ങൾ നൽകാൻ രാജ്യം തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ യുദ്ധവിമാനങ്ങളിൽ ആകാശത്തെ തൊടുന്നവരായി മാറിയിരിക്കുകയാണ് സ്ത്രീകളെന്നും പ്രധാനമന്ത്രി പറഞ്ഞു.
മറുനാടന് ഡെസ്ക്