റിയാദ്: സൗദി അറേബ്യയുടെ മനസ്സ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വെറുക്കപ്പെട്ടവനെന്ന പേരുമായി ഇസ്ലാമിക ലോക ചർച്ച ചെയ്ത മോദിക്ക ഇനി ആ വിശേഷണം ചേരില്ല. ഇസ്ലാമിക നിയമങ്ങൾ പിന്തുടരുന്ന കർശനക്കാരായ സൗദി അറേബ്യയും മോദിയെ അംഗീകരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് സൗദി രാജാവ് റിയാദിലെ തന്റെ കൊട്ടാരത്തിൽ മോദിക്ക് രാജകീയ സ്വീകരണമാണ് നൽകിയത്. കൊട്ടാരത്തിൽത്തന്നെ നടന്ന ചടങ്ങിൽ മോദിക്ക് സൗദി രാജാവ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയും സമ്മാനിച്ചു. അങ്ങനെ എല്ലാ അർത്ഥത്തിലും ആധരിക്കപ്പെടുകയാണ് മോദി.

പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം പ്രവാസി മലയാളികൾക്കും ആശ്വാസമാണ്. ഇന്ത്യയിൽ നിന്ന് സൗദിയിൽ എത്തുന്ന ഇന്ത്യാക്കാരായ തൊഴിലാളികൾക്കെല്ലാം സൗജന്യമായി സിം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുമ്പോൾ തന്നെ അവർക്ക് സൗദി അറേബ്യ സിം നൽകും. ഇന്ത്യൻ കോൺസുൽ ജനറൽ ഇതിനുള്ള കാര്യങ്ങൾ ഏകോപിപ്പിക്കും. പ്രി പെയിഡ് സിം ആകും കിട്ടുക. ഇതുൾപ്പെടെ സൗദിയിലെ പ്രവാസികളെ സഹായിക്കാൻ നിരവധി കാര്യങ്ങളും സൗദി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാക്കാർക്ക് നിയമപരമായ ഉപദേശങ്ങൾ നൽകുന്നതുൾപ്പെടെയുള്ളവ ഇതിൽപ്പെടും.

അതിനിടെ വ്യാപാരം, തൊഴിൽ, ആഭ്യന്തര സുരക്ഷ എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും സൗദി അറേബ്യയും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി ഭരണാധികാരി സൽമാൻ രാജാവും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്. ചെറിയ കുറ്റങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെട്ട് സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കാമെന്നും സൗദി രാജാവ് ഉറപ്പ് നൽകി. തടവുകാരുടെ വിഷയങ്ങൾ അനുഭാവപൂർവം പരിശോധിച്ച് തുടർനടപടിയെടുക്കും.

നിക്ഷേപം, തൊഴിൽ, രഹസ്യാന്വേഷണം തുടങ്ങി വിവിധ മേഖലകളിലായി അ!ഞ്ച് ധാരണാപത്രങ്ങളിലാണ് ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവച്ചത്. തീവ്രവാദ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറാനുള്ള ധാരണയാണ് ഇതിൽ പ്രധാനം. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ധനസഹായങ്ങളെ കുറിച്ചും ഹവാല ഇടപാടുകളെ കുറിച്ചുമുള്ള രഹസ്യവിവരങ്ങൾ പരസ്പരം കൈമാറാനും ധാരണയിലെത്തി. ഇന്ത്യയിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, കരകൗശല മേഖലയിലെ പരസ്പര സഹകരണം എന്നിവയാണ് മറ്റു ധാരണാപത്രങ്ങൾ.

സൗദിയിലെ മുപ്പത് പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ആഹ്വാനം ചെയ്തു. അടിസ്ഥാന സൗകര്യവികസനം, പെട്രോളിയം, പുനരുപയോഗ ഊർജം, പ്രതിരോധം, കൃഷി, എന്നീ മേഖലകളിൽ വലിയ നിക്ഷേപ സാധ്യതകളുണ്ടെന്ന് മോദി പറഞ്ഞു. സൗദി കിരീടാവകാശി, ഉപകിരീടാവകാശി, വിദേശകാര്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായും പ്രധാനമന്ത്രി ചർച്ചകൾ നടത്തി. റിയാദിലെ ടിസിഎസിന്റെ വനിതാ ബിപിഒ സെന്ററും മോദി സന്ദർശിച്ചു.

സൗദിയുടെ സുരക്ഷയിൽ മറ്റ് മതങ്ങളെ കടന്നാക്രമിക്കുന്നവർക്കും രക്ഷയില്ല

അറബ് രാജ്യങ്ങളുടെ സഹായത്തോടെ രാജ്യ സുരക്ഷ ഉറപ്പാക്കുകയാണ് മോദിയുടെ ലക്ഷ്യം. യുഎഇ സന്ദർശനത്തിലും ഇതിനാണ് പ്രാധാന്യം നൽകിയത്. സൗദിയിലും മോദി പ്രധാനമായും ചർച്ച നടത്തിയ് ഇതു തന്നെയാണ്. സൗദിയിൽ ഇരുന്ന് ഇന്ത്യയ്ക്ക് എതിരെ സൈബർ യുദ്ധം നടത്തുന്നവർ ഇനി കുടുങ്ങും. മറ്റ് മതങ്ങളെ അപമാനിച്ചാലും സൗദിക്ക് പുറത്താകും. ഇതിനുള്ള ധാരണയും മോദിയുമായി സൗദിയുണ്ടാക്കിയിട്ടുണ്ട്.

രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നവരെല്ലാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് ഗൾഫ് മേഖലയിലാണ്. ഭീഷണി ഫോൺ കോളുകളും മറ്റും വരുന്നതും ഈ മേഖലയിൽ നിന്ന്. ഇവിടെ ഇരുന്ന് ഇസ്ലാം മതത്തെ അനുകൂലിക്കുന്നവർ എന്ന വ്യാജേന മറ്റ് മതങ്ങൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നു. ഇത് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരക്കാരുടെ വിവരങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ സൗദിയുമായി മോദി കൈകോർക്കുന്നത്. സമാനമായ സഹകരണം യുഎഇയുമായുണ്ട്. ഇവിടെ നിന്ന് മോദിയുടെ സന്ദർശനത്തിന് ശേഷം നിരവധി ഇന്ത്യാക്കാരെ നാടുകടത്തിയിരുന്നു.

തീവ്രവാദത്തിനെതിരെ കടുന്ന നടപടിയെടുക്കുന്ന രാജ്യമാണ് സൗദി. യെമനിലും മറ്റും സൗദി സജീവമായ ഇടപെടൽ നടത്തുന്നു. ഈ വസ്തുതകളെല്ലാം വിശദീകരിച്ചാണ് ഇന്ത്യയുടെ വെല്ലുവിളികളെ മോദി അവതരിപ്പിച്ചത്. അത് അംഗീകരിക്കുകയും ചെയ്തു.

ബിസിനസുകാരെ ഇന്ത്യയിലേക്ക് ക്ഷണിച്ചു

നിലവിലെ നികുതി സന്പ്രദായത്തിനു പകരമുള്ള ചരക്ക് സേവന നികുതി യാഥാർത്ഥ്യത്തിന് അരികെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ ചരക്ക് സേവന നികുതി പൂർണമായും എന്ന് പ്രാബല്യത്തിൽ വരുമെന്ന കാര്യം മോദി വെളിപ്പെടുത്തിയില്ല. മുൻ സർക്കാരിന്റെ കാലത്ത് ഇതുമായി ബന്ധപ്പെട്ടുള്ള രണ്ടു കേസുകൾ കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ അതിന്മേൽ യാതൊന്നും ചെയ്യാനാവില്ലെന്നും മോദി പറഞ്ഞു. അവ ഏതൊക്കെയാണെന്ന് മോദി പരാമർശിച്ചില്ലെങ്കിലും വോഡാഫോണും കെയ്ൻ ഇന്ത്യയുമാണ് ആ കന്പനികൾ. സൗദിയിൽ സന്ദർശന നടത്തുന്ന പ്രധാനമന്ത്രി അവിടത്തെ കന്പനികളുടെ സിഇഒമാരും വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുയായിരുന്നു.

ഇന്ത്യയിലെ റെയിൽവേ, പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിൽ നിക്ഷേപം നടത്താൻ സൗദിയിലെ ബിസിനസുകാരെ മോദി ക്ഷണിച്ചു. വിദേശ നിക്ഷേപത്തിനായി സർക്കാർ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ആഗോള സാന്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യയാണ് ലോകത്തെ വ്യവസായികളുടെ 'ആശാകിരണം' എന്നും മോദി പറഞ്ഞു. എളുപ്പം നിക്ഷേപം നടത്താനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. അടുത്ത തവണ ലോക ബാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്‌പോൾ ഇന്ത്യ ഇതിലും മുന്നിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാരണം വ്യവസായം ആകർഷിക്കുന്നതിന് വേണ്ടി ഭരണപരമായ പരിഷ്‌കാരങ്ങൾ ഇന്ത്യ നടത്തിക്കഴിഞ്ഞു മോദി ചൂണ്ടിക്കാട്ടി. ദീർഘകാലവും സ്ഥിരതയുള്ളതുമായ നികുതി സംവിധാനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകൾ മാത്രമുള്ള ടി.സി.എസ് കേന്ദ്രം സന്ദർശിച്ചു

സൗദി അറേബ്യയിലെ സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന റിയാദിലെ ടി.സി.എസ് ഐ.ടി കേന്ദ്രം മോദി സന്ദർശിച്ചു. 40 മിനിട്ടോളം അവിടെ ചെലവഴിച്ച മോദി വനിതാ ജീവനക്കാർക്കൊപ്പം സെൽഫിക്ക് പോസു ചെയ്യാനും സമയം കണ്ടെത്തി.

സ്ത്രീ ജീവനക്കാരോട് ഇന്ത്യയിലേക്ക് വരണമെന്ന അഭ്യർത്ഥിച്ച മോദി ഊഷ്മളമായ സ്വീകരണമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് പറഞ്ഞു. ലോകത്ത് മത്സരം നടക്കുന്ന ഈ വേളയിൽ, മാനവശേഷി വലിയൊരു പങ്കാണ് വഹിക്കുന്നത്. ഈ രംഗത്ത് സ്ത്രീകളുടെ ശേഷി കൂടി ഉപയോഗിക്കുകയും അത് വികസനവുമായി ബന്ധപ്പെടുത്താൻ കഴിയുകയും ചെയ്താൽ ഏത് രാജ്യവും ദ്രുതഗതിയിൽ പുരോഗതിയിലേക്ക് കുതിക്കുമെന്നും മോദി പറഞ്ഞു. 2013ൽ ആരംഭിച്ച ടി.സി.എസ് കേന്ദ്രത്തിൽ ആയിരം സ്ത്രീകളാണ് ജോലി നോക്കുന്നത്. ഇവരിൽ 85 ശതമാനം പേരും സൗദി സ്വദേശികളാണ്.

സമ്മാനമായി നൽകിയതുകൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്

സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽകിയത് തൃശൂരിലെ കൊടുങ്ങല്ലൂരിൽ സ്ഥിതിചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദിന്റെ സ്വർണ മാതൃക. പുരാതന കാലത്ത് ഇന്ത്യയും സൗദിയും തമ്മിലുണ്ടായിരുന്ന വാണിജ്യ ഇടപാടുകളുടെ പ്രതീകമെന്ന നിലയ്ക്കാണിത്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എഡി 629 ൽ അറബ് വ്യാപാരികൾ സ്ഥാപിച്ചതാണ് ചേരമാൻ പള്ളിയെന്നാണ് ചരിത്രം. ഇന്ത്യയിൽ അറബ് വ്യാപാരികൾ സ്ഥാപിച്ച ആദ്യ പള്ളിയാണെന്നും കരുതുന്നു. ഇക്കാര്യങ്ങളും പള്ളിയുടെ ചരിത്രവും പിഎംഒ ട്വിറ്ററിലൂട വിശദീകരിക്കുന്നുണ്ട്. പുരാതന കാലത്തും ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ശക്തമായ വ്യാപര ബന്ധം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന്റെ ഉദാഹരണമാണ് ചേരമാൻ ജുമാ മസ്ജിദ്. എല്ലാ മതത്തിൽപ്പെട്ട ആളുകളും ഇവിടെയുള്ള വിളക്കിൽ എണ്ണ നൽകുന്നുവെന്നും ട്വീറ്റിൽ പറയുന്നു.

ഇസ്ലാമതം സ്വീകരിച്ച ചേരമാൻ രാജാവ് ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലെത്തിയതുമായി ബന്ധപ്പെട്ട നിരവധി കഥകൾ നിലവിലുണ്ട്. മക്കയിൽനിന്ന് തിരികെ വരുംവഴി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട രാജാവ് ഒമാനിലെ സലാലയിൽവച്ച് മരിച്ചെന്നാണ് ചരിത്രം.