ജൊഹന്നാസ്ബർഗ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിന് നന്ദി പറഞ്ഞും രാജ്യത്തെ ജനങ്ങൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നും മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സും വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ലും.

ഇന്ത്യയുടെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഇരുവർക്കും കത്തയച്ചത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്നവരും ഇന്ത്യൻ സംസ്‌കാരം പിന്തടരുന്ന കുറച്ചുപേർക്കാണ് പ്രധാനമന്ത്രി നേരിട്ട് കത്തയച്ചിട്ടുള്ളത്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉറ്റ ബന്ധത്തിന്റെ പ്രത്യേക അംബാസഡറാണ് റോഡ്‌സെന്ന് മോദി അനുസ്മരിച്ചു. പ്രധാനമന്ത്രിയുടെ കത്തിനും ആശംസയ്ക്കും റോഡ്‌സും ഗെയ്‌ലും ട്വിറ്ററിലൂടെ നന്ദി അറിയിച്ചിട്ടുമുണ്ട്. തനിക്കു ലഭിച്ച കത്ത് പോസ്റ്റ് ചെയ്താണ് റോഡ്‌സ് നന്ദി അറിയിച്ചത്.

'നരേന്ദ്ര മോദിജിയുടെ നല്ല വാക്കുകൾക്ക് നന്ദി. ഇന്ത്യയിലേക്കുള്ള ഓരോ സന്ദർശനവും വ്യക്തിപരമായി എന്റെ വളർച്ചയ്ക്ക് വളരെയധികം സഹായിച്ചിട്ടുണ്ട്. ഇന്ത്യൻ ജനതയുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനയുടെ പ്രാധാന്യത്തെ ബഹുമാനിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം എന്റെ കുടുംബവും ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ജയ് ഹിന്ദ്' റോഡ്‌സ് മോദിയുടെ കത്ത് പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചു.

 

റോഡ്‌സിനുള്ള കത്തിൽ റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം മോദി വിശദീകരിച്ചു. റോഡ്‌സ് തുടർന്നും ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി മോദി പങ്കുവച്ചു.

'ഈ വർഷത്തെ റിപ്പബ്ലിക് ദിനം കുറച്ചുകൂടി സ്‌പെഷലാണ്. കാരണം, വൈദേശികാധിപത്യത്തിൽനിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികമാണിത്. ഈ സാഹചര്യത്തിലാണ് താങ്കൾക്കും മറ്റു ചില അടുത്ത സുഹൃത്തുകൾക്കും ഞാൻ ഈ കത്ത് എഴുതുന്നത്. ഇന്ത്യയോടുള്ള താങ്കളുടെ സ്‌നേഹത്തിന് പ്രത്യേകം നന്ദി. തുടർന്നും ഈ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടും താങ്കൾ ചേർന്നു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു' റോഡ്‌സിനുള്ള കത്തിൽ മോദി കുറിച്ചു.

ജോണ്ടി റോഡ്‌സ് ഇന്ത്യയോടുള്ള സ്‌നേഹത്തെപ്രതി തന്റെ മകൾക്ക് 'ഇന്ത്യ' എന്ന് പേരിട്ടതും മോദി കത്തിൽ അനുസ്മരിച്ചു. 'ഈ രാജ്യത്തിന്റെ പേര് താങ്കൾ മകൾക്കു നൽകിയതിൽത്തന്നെ സവിശേഷമായ സ്‌നേഹം പ്രതിഫലിക്കുന്നുണ്ട്. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ഉറച്ച ബന്ധത്തിന്റെ സ്‌പെഷൽ അംബാസഡറാണ് താങ്കൾ' മോദി എഴുതി.

തനിക്കു ലഭിച്ച കത്തിനു നന്ദിയറിയിച്ച് ക്രിസ് ഗെയ്‌ലും ട്വിറ്ററിൽ പ്രത്യേകം കുറിപ്പ് പങ്കുവച്ചു. '73ാം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയ്ക്ക് എന്റെ അഭിനന്ദനങ്ങൾ. ഇന്ത്യയുമായും ഇന്ത്യയിലെ ജനങ്ങളുമായും എനിക്കുള്ള പ്രത്യേക ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച സന്ദേശം വായിച്ചുകൊണ്ടാണ് ഞാൻ ഇന്ന് ഉറക്കമുണർന്നത്. യൂണിവേഴ്‌സ് ബോസിൽനിന്ന് എല്ലാ അഭിനന്ദനങ്ങളും സ്‌നേഹവും' ഗെയ്ൽ കുറിച്ചു.

റോഡ്സ് ഇന്ത്യയുമായുള്ള ബന്ധം പലപ്പോഴാണ് വ്യക്തമാക്കിയതാണ്. തന്റെ മകൾക്ക് ഇന്ത്യ എന്ന് പേരിട്ട ജോണ്ടി റോഡ്സും ഇന്ത്യയും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി കത്തിൽ പരാമർശിക്കുന്നുണ്ട്. താനും കുടുംബവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നുവെന്നും ജോണ്ടി എഴുതിയിട്ടുണ്ട്.

ഇന്ത്യൻ സംസ്‌കാരങ്ങളുടെയും ആഘോഷങ്ങളുടെയും കടുത്ത ആരാധകനായ ജോണ്ടി രാജ്യം അടിക്കടി സന്ദർശിക്കാറുണ്ട്. 2015ൽ ഒരു സകുടുംബ സന്ദർശന വേളയിലാണ് ഭാര്യ മെലാനി, മുംബൈയിൽ വെച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നത്. ഇന്ത്യയിൽ വച്ച് ജനിച്ചതിനാൽ ജോണ്ടി മകൾക്ക് ഇന്ത്യയെന്ന് പേരിടുകയായിരുന്നു. ജോണ്ടിയുടെ ട്വീറ്റ് വായിക്കാം..

വെസ്റ്റ് ഇൻഡീസ് വെറ്ററൻ താരം ക്രിസ് ഗെയ്ലിനും മോദിയുടെ കത്ത് ലഭിച്ചിട്ടുണ്ട്. ഗെയ്ൽ ഇന്ത്യയ്ക്ക് ആശംസകളും അറിയിച്ചു. ഗെയ്ലിന്റെ ട്വീറ്റ്. ഗെയ്ൽ ദീർഘകാലമായി ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഒരാളാണ്. അദ്ദേഹം ഐപിഎല്ലിനായി നിരവധി തവണ ഇന്ത്യയിലെത്തിയിട്ടുമുണ്ട്.