റോം: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുള്ള കൂടിക്കാഴ്ചയിൽ സമ്മാനിച്ചത് വെള്ളിയിൽ തീർത്ത മെഴുകുതിരി പീഠവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവും. ബൈബിളിൽ പ്രതീക്ഷയുടെ അടയാളമായ ഒലിവില ചില്ല പതിച്ച വെങ്കല ഫലകമായിരുന്നു മോദിക്കുള്ള പാപ്പയുടെ സമ്മാനം. 

ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള സൗഹാർദ്ദപരമായ ബന്ധത്തെക്കുറിച്ച് മോദിയും മാർപാപ്പയും ചർച്ച ചെയ്‌തെന്ന് ഹോളി സീ ഓഫീസ് വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

ഇന്ത്യയിൽ പ്രത്യേകമായി പണികഴിപ്പിച്ചതാണിതെന്ന് പറഞ്ഞുകൊണ്ടാണ് മെഴുകുതിരി പീഠം മോദി മാർപാപ്പയ്ക്ക് കൈമാറിയത്. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഇന്ത്യ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന 'ദി ക്ലൈമറ്റ് ക്ലൈംബ്' എന്ന പുസ്തകവും മോദി സമ്മാനിച്ചു. അങ്ങയുടെ ഇഷ്ടവിഷയമാണിതെന്ന ആമുഖത്തോടെയാണ് മോദി പുസ്തകം കൈമാറിയത്. പിന്നാലെ മോദിക്ക് നൽകിയ ഉപഹാരമായ വെങ്കല ഫലകത്തിന്റെ പ്രത്യേകതകൾ മാർപാപ്പ വിശദീകരിച്ചു നൽകി.

ആദ്യ കൂടിക്കാഴ്ചയ്ക്കായി വത്തിക്കാനിലെത്തിയ മോദിയെ പോപ്പിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ , ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ എന്നിവരാണ് സ്വീകരിച്ചത്.

'മരുഭൂമി ഒരു പൂന്തോട്ടമാകും' എന്നെഴുതിയ വെങ്കല ഫലകമടക്കം നാല് സമ്മാനങ്ങളാണ് മാർപാപ്പ മോദിക്ക് തിരികെ നൽകിയത്. ലോക സമാധാന ദിനത്തിലെ സന്ദേശം, വത്തിക്കാൻ പേപ്പൽ രേഖകൾ, 2019 ഫെബ്രുവരി 4 ന് അബുദാബിയിലെ അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാമും മാർപ്പാപ്പയുമായി ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ എന്നിവയാണ് മോദിക്ക് പ്രത്യുപകാരമായി ലഭിച്ചത്.

ജി 20 ഉച്ചക്കോടിക്കായി ഇന്നലെ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻസമയം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർപാപ്പയുടെ വസതിയായ വത്തിക്കാൻ പാലസിലെത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചു. ഇന്ത്യൻ സമയം 12.15-ഓടെ തുടങ്ങിയ കൂടിക്കാഴ്ച 1.15-ഓടെയാണ് അവസാനിച്ചത്. പോപ്പും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അതീവ ഹൃദ്യമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അരമണിക്കൂർ നിശ്ചയിച്ച കൂടിക്കാഴ്ചയാണ് ഒരു മണിക്കൂറിലേറെ നീണ്ടതെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

വത്തിക്കാനിലെ പേപ്പൽ ഹൗസിലെ ലൈബ്രറിയിൽ നടന്ന കൂടിക്കാഴ്ചയിൽ മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇരുപത് മിനുറ്റ് മാത്രമേ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നുള്ളുവെങ്കിലും ഇരുവരുടെയും ചർച്ച ഒന്നേകാൽ മണിക്കൂറോളം നീണ്ടു. ചർച്ച സൗഹാദർദപരമെന്നും മോദി പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം എന്നിവയടക്കമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.



'മാർപാപ്പയുമായി വളരെ ഊഷ്മളമായ കൂടിക്കാഴ്ചയാണു നടന്നത്. അദ്ദേഹവുമായി വിവിധ വിഷയങ്ങളെ കുറിച്ചു ചർച്ച നടത്താൻ അവസരമുണ്ടായി. അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തു' നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായും മോദി കൂടിക്കാഴ്ച നടത്തി. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

1955 ജൂണിൽ ജവാഹർലാൽ നെഹ്‌റുവാണ് ആദ്യമായി സന്ദർശിച്ച പ്രധാനമന്ത്രി. 1981 നവംബറിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദർശിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറിൽ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളും 2000 ജൂണിൽ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയും ജോൺപോൾ മാർപാപ്പയെ സന്ദർശിച്ചിരുന്നു.



വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം മാർപാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ലോക കത്തോലിക സഭാ അധ്യക്ഷൻ ഇന്ത്യാ സന്ദർശത്തിനെത്തുന്നത്. 1999ൽ പോപ് ജോൺ പോൾ രണ്ടാമന്റെ ഇന്ത്യാ സന്ദർശനത്തിനുശേഷം ഇപ്പോഴാണ് ഒരു പോപ്പിന്റെ ഇന്ത്യാ സന്ദർശനത്തിന് വഴിയൊരുങ്ങുന്നത്.

പതിനാറാം ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് മോദി ഇറ്റലിയിലെത്തിയത്. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ജി-20 ഉച്ചകോടിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 'ആഗോള സാമ്പത്തികം, ആഗോള ആരോഗ്യം' എന്ന വിഷയത്തിലാണ് യോഗം. തുടർന്ന്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിങ്കപ്പൂർ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായി ചർച്ച നടത്തും.

മൂന്നുദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി റോമിലെ ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളത്തിലിറങ്ങിയത്. ഇറ്റാലിയൻ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇറ്റലിയിലെ ഇന്ത്യൻ സ്ഥാനപതിയും ചേർന്ന് സ്വീകരിച്ചു. 12 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി റോം സന്ദർശിക്കുന്നത്.

മോദിയുടെ വരവ് ദീപാവലി ആഘോഷമാക്കിയ ഇന്ത്യൻ സമൂഹം മൂവർണക്കൊടി വീശി മോദിയുടെ പേരുവിളിച്ചും പാട്ടുപാടി നൃത്തംചെയ്തും സ്വാഗതമോതി. പിയാസയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യൻ സമൂഹത്തെ കണ്ടത്.

പിന്നീട്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വാൻഡെർ ലെയ്ൻ എന്നിവരുമായി മോദി സംയുക്ത ചർച്ച നടത്തി ഔദ്യോഗിക പരിപാടികൾക്കു തുടക്കം കുറിച്ചു. ഇന്ത്യ യൂറോപ്യൻ യൂണിയൻ ഉഭയകക്ഷിബന്ധം, വ്യാപാരം, കോവിഡ് അനന്തര സാമ്പത്തിക പുനരുജ്ജീവനം, അഫ്ഗാൻ പ്രശ്‌നം, പരിസ്ഥിതി പ്രശ്‌നങ്ങൾ തുടങ്ങിയവ നേതാക്കൾ ചർച്ച ചെയ്തു.

ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ഉൾപ്പെടെ ഒട്ടേറെ ലോകനേതാക്കളുമായി മോദി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗ്ലാസ്‌ഗോയിൽ നവംബർ 1, 2 തീയതികളിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി 26) പങ്കെടുക്കുന്നതിനായി മോദി ഞായറാഴ്ച വൈകിട്ട് യാത്ര തിരിക്കും. നവംബർ ഒന്നിന് ഉച്ചകോടിക്കിടെ മോദി ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.