കേപ്ടൗൺ: ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ് നെൽസൺ മണ്ടേലയെ അവഹേളിച്ചതായി ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കൻ സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനഷ്ടക്കേസ് ഫയൽ ചെയ്തു. അന്തരാഷ്ട്ര നീതിന്യായ കോടതിയിലാണ് കേസ് നൽകിയിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്‌സിങ് ബാദലിനെ നെൽസൺ മണ്ടേലയുമായി താരതമ്യം ചെയ്ത് ട്വിറ്ററിൽ ട്വീറ്റ് ചെയ്തതിനെതിരൊയണ് കേസ്.

ഒക്ടോബർ പതിനൊന്നിനാണ് മോദി ബാദലിനെ ഇന്ത്യയുടെ നെൽസൺമണ്ടേലയായി താരതമ്യം ചെയ്ത് പോസ്റ്റ് ഇട്ടത്. 'ബാദൽ ഇവിടെ ഇരിപ്പുണ്ട്. ഇന്ത്യയിലെ നെൽസൺമണ്ടേലയാണ് അദ്ദേഹം. വർഷങ്ങളോളം അദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അതും തികച്ചും രാഷ്ട്രീയമായ കാരണങ്ങൾക്കായി'. എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ട്വീറ്റ് രാഷ്ട്രപിതാവായ മണ്ടേലയോടുള്ള നീതികേടാണെന്ന നിരീക്ഷണത്തിലാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ നടപടി. ട്വീറ്റിൽ പ്രതിഷേധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ മണ്ടേലയോട് ഉപമിച്ച നരേന്ദ്ര മോദിക്ക് എതിരെ ട്വിറ്ററിൽ പരിഹാസവും ഉയർന്നിരുന്നു. ജയപ്രകാശ് നാരായണന്റെ 113-ാമത് ജന്മദിനാഘോഷ വേഷയിലായിരുന്നു പ്രധാനമന്ത്രിയുടെ ഉപമിക്കൽ. ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന പരിപാടിയിൽ ബിജെപി നേതാവ് എൽ കെ അദ്വാനി, പ്രകാശ് സിങ് ബാദൽ, രാജസ്ഥാൻ ഗവർണർ കല്യാണ് സിങ്, എൻസിപി നേതാവ് ഡിപി ത്രിപതി തുടങ്ങിയവർ പങ്കെടുത്തിരുന്നു. പ്രമുഖരായ നേതാക്കൾ വേദിയിൽ ഇരിക്കുമ്പോഴാണ് പ്രകാശ് സിങ് ബാദലിനെ ഇന്ത്യൻ മണ്ടേലയെന്ന് നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇവിടെ ഇരിക്കുന്ന ബാദൽ ഇന്ത്യൻ നെൽസൺ മണ്ടേലയാണ്. ജയിലിൽ ഏറെക്കാലം കഴിയേണ്ടിവന്നയാളാണ് അദ്ദേഹം. വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതി കൊണ്ടുമാത്രമാണ് അദ്ദേഹത്തെ ജയിലിലടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ട്വിറ്ററിലും പരമാർശം വന്നു.

മോദിയുടെ പരാമർശം പുറത്തുവന്നയുടൻ ഫേസ്‌ബുക്കിലും ട്വിറ്ററിലും മറ്റും അതിനെതിരെ പരിഹാസവും ഉയർന്നുവന്നു. ബാദലിൽ നിന്നും രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് മോദി ഇത്തരം വിലകുറഞ്ഞ പരാമർശം നടത്തിയതെന്ന് ചിലർ വിമർശിച്ചു. മണ്ടേലയെ അപമാനിക്കുന്നത് തുല്യമാണ് പരാമർശമെന്നും ചിലർ വിലയിരുത്തി. അതിന് തുടർച്ചയായാണ് മോദിക്ക് എതിരെ ദക്ഷിണാഫ്രിക്കയുടെ നിയമ നടപടി.