ന്യൂഡൽഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിൽ ഒറ്റ കാർഡിലൂടെ എല്ലാവിധ യാത്രകളും നടത്താനാകുന്ന 'ഒരു രാജ്യം, ഒരു മൊബിലിറ്റി കാർഡ്' പദ്ധതിക്ക് ഡൽഹി മെട്രോയിൽ തുടക്കമായി. എല്ലാ പൊതുഗതാഗത സംവിധാനത്തിലും ഒരു പോലെ ഉപയോഗിക്കാവുന്ന കാർഡാണ് വിഭാവനം ചെയ്യുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇതിലൂടെ യാത്രാടിക്കറ്റുകൾക്കു ക്യൂ നിൽക്കുന്ന സമയം ഭാവിയിൽ ലാഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി മെട്രോയിലെ മജന്താ ലൈനിൽ രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസും വിഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ ഈ അതിനൂതന സംവിധാനം നിലവിലുള്ള ലോകത്തെ ഏഴു ശതമാനം മാത്രം വരുന്ന മെട്രോ റെയിൽ ശൃംഖലയിലേക്ക് ഡൽഹി മെട്രോയും കടന്നെത്തി. ജനക്പുരി വെസ്റ്റ്- ബൊട്ടാണിക്കൽ ഗാർഡൻ മെജന്ത ലെയ്നിലാണു (37 കിലോമീറ്റർ) ഡ്രൈവറില്ലാത്ത മെട്രോ ആദ്യമായി സർവീസ് നടത്തുന്നത്. താമസിയാതെ പിങ്ക് ലൈനിലും ഈ സംവിധാനം ഏർപ്പെടുത്തും.

നഗര വികസനത്തെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ൽ അഞ്ച് നഗരങ്ങളിൽ മാത്രമുണ്ടായിരുന്ന മെട്രോ റെയിൽ ഇന്ന് 18 നഗരങ്ങളിൽ ലഭ്യമാണ്. 2025 ഓടെ മെട്രോ ട്രെയിൻ സർവീസ് 25 ഓളം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 2014 ൽ 248 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ റെയിൽ പാത ഉണ്ടായിരുന്നിടത്ത് ഇപ്പോൾ അതിന്റെ മൂന്നുമടങ്ങ്, അതായത് 700 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ പാതയുണ്ട്. 2025 ഓടെ ഇത് 1700 കിലോമീറ്ററായി വർദ്ധിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സമ്പ്രദായം, പ്രവർത്തനസജ്ജമാകുന്നതോടെ ഡൽഹിയും മീററ്റും തമ്മിലുള്ള ദൂരം ഒരു മണിക്കൂറായി കുറയും. യാത്രക്കാരുടെ എണ്ണം കുറവായ നഗരങ്ങളിൽ മെട്രോ ലൈറ്റ് പദ്ധതി പുരോഗമിക്കുന്നു. സാധാരണ മെട്രോ ചെലവിന്റെ 40% വിനിയോഗിച്ച് മെട്രോ ലൈറ്റ് പദ്ധതി നടപ്പാക്കാനാവും. യാത്രക്കാർ വളരെ കുറഞ്ഞ നഗരങ്ങളിൽ മെട്രോ നിയോ പദ്ധതി നടപ്പാക്കും. ഇതിന് സാധാരണ മെട്രോ ചെലവിന്റെ 25 ശതമാനം മാത്രം മതിയാകും. ജലഗതാഗത സൗകര്യമുള്ള നഗരങ്ങളിൽ ജലമെട്രോ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആധുനിക സിഗ്നൽ സംവിധാനമായ കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) ഏർപ്പെടുത്തിയ പാതകളിലാണ് ഡ്രൈവറില്ലാതെ മെട്രോ സർവീസ് നടത്താൻ സാധിക്കുക. തുടക്കത്തിൽ ഡ്രൈവറിനു പകരം അറ്റൻഡന്റ് ട്രെയിനിലുണ്ടാവും. അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടാനാണിത്. അറ്റൻഡന്റിനെയും ഒഴിവാക്കി പൂർണമായും ഓപ്പറേഷൻസ് കൺട്രോൾ സെന്റർ (ഒസിസി) ട്രെയിനുകളെ നിയന്ത്രിക്കുന്ന സംവിധാനം യാഥാർഥ്യമാക്കുകയാണ് ഡൽഹി മെട്രോയുടെ ലക്ഷ്യം.

ദേശീയ ഗതാഗത നയത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന നാഷനൽ കോമൺ മൊബിലിറ്റി കാർഡ്(എൻസിഎംസി) ധനമന്ത്രി നിർമല സീതാരാമന്റെ കന്നി ബജറ്റിലാണ് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളം റോഡ്, റെയിൽ യാത്രയ്ക്കും മെട്രോ, ബസ്, സബർബൻ റെയിൽവേ, ടോൾ, പാർക്കിങ് തുടങ്ങിയവയ്ക്കും റീട്ടെയ്ൽ ഷോപ്പിങ്ങിനും പണമടയ്ക്കാൻ ഒറ്റ കാർഡ് എന്ന പദ്ധതിയാണിത്. തുടക്കത്തിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷനു(ഡിഎംആർസി) കീഴിലുള്ള എയർപോർട്ട് എക്സ്പ്രസ് ലൈനിലാണു ഇത് ഏർപ്പെടുത്തിയത്. 2022 ഓടെ ഡൽഹി മെട്രോയിലെ എല്ലാ ലൈനുകളിലും ഈ സംവിധാനം നിലവിൽ വരുമെന്ന് ഡിഎംആർസി വക്താവ് അറിയിച്ചു.

18 മാസത്തിനിടെ 23 ബാങ്കുകൾ നൽകിയ റൂ പേ- ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എയർപോർട്ട് എക്സ്പ്രസ് ലൈനിൽ സഞ്ചരിക്കാൻ കഴിയും. രാജ്യത്ത് എവിടെ നിന്നും ലഭിച്ച റൂ പേ- ഡെബിറ്റ് കാർഡുകൾ ഈ ലൈനിലെ യാത്രയ്ക്ക് ഉപയോഗിക്കാം. 18 മാസങ്ങൾക്കു മുൻപാണ് എൻസിഎംസി സംവിധാനമുള്ള കാർഡുകൾ ബാങ്കുകൾ വിതരണം ചെയ്യാൻ തുടങ്ങിയത്.

കോവിഡ് അനുബന്ധ ലോക്ഡൗണും തുടർന്നുള്ള നിയന്ത്രണങ്ങളും കാരണം അഞ്ചു മാസം സർവീസ് നിർത്തിയ ഡൽഹി മെട്രോ റെയിൽ സർവീസ് സെപ്റ്റംബർ ഏഴിനാണ് പുനരാരംഭിച്ചത്. 285 സ്റ്റേഷനുകൾ ഉൾപ്പെടെ 11 ഇടനാഴികളിൽ നോയിഡ-ഗ്രേറ്റർ നോയിഡ ലൈൻ കൂടി പരിഗണിക്കുമ്പോൾ 390 കിലോമീറ്റർ ദൂരത്തിലാണ് ഡൽഹി മെട്രോ നിലവിൽ സർവീസ് നടത്തുന്നത്. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്ത് 2002 ഡിസംബർ 25 ന് സർവീസ് ആരംഭിക്കുമ്പോൾ ഷാഹ്ദ്വാര മുതൽ തീസ് ഹസാരി വരെ ആറു സ്റ്റേഷനുകൾ ഉൾപ്പെടെ 8.2 കിലോമീറ്റർ മാത്രമായിരുന്നു സർവീസ്.