ഹൈദരാബാദ് : തെലങ്കാനയിൽ സമത്വ പ്രതിമ രാഷ്ട്രത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്‌കർത്താവായ ശ്രീ രാമാനുജാചാര്യയുടെ സ്മരണയ്ക്കായാണ് 216 അടി ഉയരമുള്ള സമത്വ പ്രതിമ നിർമ്മിച്ചത്.

ഇത് രാജ്യത്തെ യുവ തലമുറയ്ക്ക് പ്രോത്സാഹനമേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമാനുജാചാര്യയുടെ അറിവിന്റെയും ആദർശങ്ങളുടെയും പ്രതീകമാണ് പ്രതിമയെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസം, ജാതി, മതം എന്നിവയുൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമത്വം എന്ന ആശയം പ്രോത്സാഹിപ്പിച്ച മഹാനാണ് രാമാനുജാചാര്യൻ. സ്വർണം, വെള്ളി, ചെമ്പ്, താമ്രം, സിങ്ക് എന്നീ അഞ്ച് ലോഹങ്ങൾ സംയോജിപ്പിച്ച 'പഞ്ചലോഹ' കൊണ്ടാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

ഹൈദരാബാദിലെ ഷംഷാബാദിൽ 45 ഏക്കർ വരുന്ന കെട്ടിടസമുച്ചയത്തിൽ 'പഞ്ചലോഹം' കൊണ്ടാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഇരിക്കുന്ന സ്ഥിതിയിലുള്ള ലോകത്തെ ഏറ്റവും വലിയ ലോഹ പ്രതിമകളിൽ ഒന്നാണിത്. 'ഭദ്ര വേദി' എന്ന് പേരിട്ടിരിക്കുന്ന 54 അടി ഉയരമുള്ള അടിത്തറയുള്ള കെട്ടിടത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ശ്രീരാമാനുജാചാര്യയുടെ 1000-ാം ജന്മവാർഷിക ആഘോഷമായ 12 ദിവസത്തെ ശ്രീരാമാനുജ സഹസ്രാബ്ദി സമാരോഹത്തിന്റെ ഭാഗമായാണ് സമത്വ പ്രതിമയുടെ ഉദ്ഘാടനം നിർവഹിച്ചത്.

വേദിക് ഡിജിറ്റൽ ലൈബ്രറി, ഗവേഷണ കേന്ദ്രം, പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങൾ, തിയേറ്റർ, ശ്രീരാമാനുജാചാര്യരുടെ കൃതികൾ സൂക്ഷിക്കുന്ന വിദ്യാഭ്യാസ ഗാലറി എന്നിവയും ഇവിടെ നിർമ്മിക്കും. ശ്രീരാമാനുജാചാര്യ ആശ്രമത്തിലെ ശ്രീ ചിന്ന ജീയർ സ്വാമിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പ്രതിമയുടെ ആശയം രൂപപ്പെടുത്തിയത്.

രാമാനുജാചാര്യരുടെ ജീവിതയാത്രയും അദ്ധ്യാപനവും സംബന്ധിച്ച് 3ഡി പ്രൊജക്ഷനും ഇവിടെ പ്രദർശിപ്പിക്കും. പരിപാടിയുടെ ഭാഗമായി, സമത്വ പ്രതിമയ്ക്ക് ചുറ്റുമുള്ള 108 ദിവ്യ ദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു. ശ്രീരാമാനുജാചാര്യയുടെ 1000-ാം ജന്മവാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് 12 ദിവസത്തെ ശ്രീരാമാനുജ സഹസ്രാബ്ദി സമാരോഹത്തിന്റെ ഭാഗമായാണ് സമത്വ പ്രതിമയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചത്.

ഇന്റർനാഷനൽ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സെമി-എരിഡ് ട്രോപിക്സിന്റെ (ഐസിആർഐഎസ്എടി) 50-ാം വാർഷികാഘോഷങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഐസിആർഐഎസ്എടിയുടെ പ്രത്യേകം രൂപകൽപന ചെയ്ത ലോഗോയും സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഏഷ്യയിലും സബ്-സഹാറൻ ആഫ്രിക്കയിലും കാർഷിക ഗവേഷണം നടത്തുന്ന രാജ്യാന്തര സംഘടനയാണ് ഐസിആർഐഎസ്എടി.