ന്യൂഡൽഹി: കോവിഡിന്റെ പുതിയ തരംഗത്തോട് രാജ്യം വിജയകരമായി പൊരുതിക്കൊണ്ടിരിക്കുകയാണെന്ന് മൻകീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. അത് തീർച്ചയായും ഒരു ശുഭസൂചനയാണ്. 4.5 കോടി കുട്ടികൾക്ക് നാം വാക്സിൻ നൽകിക്കഴിഞ്ഞു. ഇത് അഭിമാനിക്കാൻ വകനൽകുന്ന കാര്യം തന്നെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത്തിൽ രാജ്യത്തെ ജനങ്ങളെ അഭിംസബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഒരു കോടിയോളം കുട്ടികൾ പോസ്റ്റ് കാർഡുകളിലൂടെ അവരുടെ മൻ കി ബാത്ത് ചിന്തകൾ എനിക്കയച്ചു. അവയിൽ പലതും ഞാൻ വായിച്ചു. രാഷ്ട്രത്തിന്റെ ശോഭനമായ ഭാവിക്ക് ഇന്നത്തെ തലമുറയുടെ ചിന്തകൾ വളരെ പ്രധാനപ്പെട്ടതാണ്.

ആസാദി കാ അമൃത മഹോത്സവം ഇന്ത്യയിൽ മാത്രം ഒതുങ്ങുന്ന ആഘോഷമല്ല.സുഹൃത്ത് രാജ്യങ്ങളിൽ നിന്നടക്കം ആശംസകൾ ലഭിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഒരു കോടിയോളം കുട്ടികൾ അവരുടെ ചിന്തകൾ പോസ്റ്റ് കാർഡിൽ അയച്ചു. അതിൽ ഒരു കുട്ടി പറഞ്ഞത് ഭീകര മുക്തമായ സുസ്ഥിര ഇന്ത്യ വേണം എന്നാണ്. ഈ പോസ്റ്റു കാർഡുകളിൽ യുവത്വത്തിന്റെ കാഴ്ചപ്പാടുകളാണ് പ്രതിഫലിക്കുന്നത്.

രാജ്യത്ത് പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. അവരിൽ ചില പേരുകൾ അധികം ആളുകൾ കേൾക്കാത്തവയായിരിക്കും. സാധാരണ ജീവിത സാഹചര്യങ്ങളിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചവരാണ് അവർ. നമ്മൾ പാടിപ്പുകഴ്‌ത്താത്ത ഈ നാടിന്റെ നായകരാണവർ.

സ്വാതന്ത്രാനന്തരം രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരരുടെ സ്മാരകമാണ് ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകം. അമർ ജവാൻ ജ്യോതി രക്തസാക്ഷികളുടെ അനശ്വരതയുടെ പ്രതീകമാണെന്ന് ചില മുതിർന്ന സൈനികർ എനിക്ക് കത്തെഴുതിയിട്ടുണ്ട്. നിങ്ങൾക്ക് അവസരം കിട്ടുമ്പോഴെല്ലാം നിങ്ങൾ നമ്മുടെ ദേശീയ യുദ്ധ സ്മാരകം സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.