- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിക്ക് ജുഡീഷ്യറിയിൽ എന്ത് കാര്യം?; സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലിൽ ഫൂട്ടറായി മോദിയുടെ ചിത്രം ഇനി ഉണ്ടാകില്ല; തീരുമാനം നടപ്പിലാക്കിച്ച് ചീഫ് ജസ്റ്റീസിന്റെ അടിയന്തിര ഇടപെടൽ
ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഇമെയിൽ ഫൂട്ടറായി ചേർത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. ഒരു ഇ മെയിൽ അയക്കുമ്പോൾ അതിന്റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ചിഹ്നമോ, പരസ്യമോ, സന്ദേശമോ ആണ് ഫൂട്ടർ. ഇത്തരത്തിൽ സുപ്രീംകോടതിയിലെ ഔദ്യോഗിക ഇ മെയിലിലിന്റെ ഫൂട്ടറിലുണ്ടായിരുന്നത് സബ്കാ സാത്ത് സബ്കാ വികാസ് മുദ്രാവാക്യവും മോദിയുടെ ചിത്രവുമായിരുന്നു.
ഇത് വിവാദമായതോടെയാണ് സുപ്രീംകോടതി ഇമെയിൽ സംവിധാനം കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോ മാറ്റിക്സ് സെന്ററാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കിയത്.സുപ്രീം കോടതി പുറപ്പെടുവിക്കുന്ന ഇ മെയിൽ സന്ദേശങ്ങളിൽ കേന്ദ്രസർക്കാർ പരസ്യവുമുണ്ടെന്ന വിവരം വ്യാഴാഴ്ചയാണ് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ ഇത് നീക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാവിലെ ഉത്തരവ് പുറപ്പെടുവിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ മോദിയുടെ ചിത്രവും പരസ്യവും നീക്കിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
'നീതിന്യായ സംവിധാനത്തിന്റെ പ്രവർത്തനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത തരത്തിലുള്ള ഒരു ചിത്രം സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലുകളുടെ താഴെ ഫൂട്ടറായി പ്രത്യക്ഷപ്പെടുന്ന വിവര ഇന്നലെ രാത്രിയാണ് സുപ്രീ കോടതി രജിസ്ട്രിയുടെ ശ്രദ്ധയിൽപ്പെടുന്നത്.' റിപ്പോർട്ടിൽ പറയുന്നു. 'തുടർന്ന് സുപ്രീം കോടതിക്കായി ഇ-മെയിൽ സേവനങ്ങൾ ലഭ്യമാക്കുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനോട് സുപ്രീം കോടതിയുടെ എല്ലാ മെയിലുകളിൽ നിന്നും ഈ ചിത്രം നീക്കാൻ ഉടൻ തന്നെ നിർദ്ദേശം നൽകുകയായിരുന്നു. ഇതിനു പകരമായി സുപ്രീം കോടതിയുടെ ചിത്രം നൽകാനാണ് നിർദ്ദേശിച്ചത്.
കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനാണ് സുപ്രീം കോടതിക്കു വേണ്ടി ഡിജിറ്റൽ സാങ്കേതികവിദ്യ ഒരുക്കാനുള്ള ചുമതലയുള്ളത്. സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിൽ സംവിധാനവും എൻഐസിയുടെ നിയന്ത്രണത്തിലാണുള്ളത്.
കഴിഞ്ഞ രണ്ട് ദിവസമായി സുപ്രീം കോടതിയിൽ നിന്ന് ലഭിക്കുന്ന ഇ മെയിലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള കേന്ദ്രസർക്കാർ പരസ്യമുണ്ടെന്ന് ചിലർ അറിയിക്കുകയായിരുന്നുവെന്ന് കോടതി വൃത്തങ്ങൾ പറഞ്ഞു. ബിജെപി സർക്കാരിന്റെ 'എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം, എല്ലാവരുടെയും വിശ്വാസം നേടി' എന്ന പരസ്യവാചകമായിരുന്നു പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം ഉണ്ടായിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഈ ചിത്രം നീക്കം ചെയ്യാൻ കോടതി നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ.രാഷ്ട്രീയ മുദ്രാവാക്യങ്ങൾ കോടതിയുടെ സന്ദേശങ്ങളിൽ നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്രസർക്കാരിന്റെ ഭാഗമായി നിന്നാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നതെന്ന തോന്നൽ ഉണ്ടാക്കുന്നത് ശരിയല്ലെന്നതായിരുന്നു നടപടിക്കു പിന്നിൽ കോടതിക്കു ഉണ്ടായിരുന്ന ഏറ്റവും വലിയ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.അതേസമയം, മുൻപ് ഇത്തരം പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ സുപ്രീം കോടതി എൻഐസിയെ അനുവദിച്ചിരുന്നുവെന്നും കോവിഡ്19 പ്രതിരോധ സന്ദേശങ്ങൾ അടക്കം ഇത്തരത്തിലാണ് പ്രദർശിപ്പിച്ചിരുന്നതെന്നുമാണ് എൻഐസി വൃത്തങ്ങൾ പറയുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രത്തോടൊപ്പമുള്ള സ്വച്ഛ് ഭാരത് ക്യാംപയിന്റെ പരസ്യവും കേന്ദ്രസ്രക്കാർ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ