- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇതെനിക്ക് പ്രധാനമന്ത്രി ഇട്ടു തന്ന പണം'; അക്കൗണ്ടിലേക്ക് അബദ്ധവശാൽ വന്ന പണം മടക്കി നൽകാൻ വിസമ്മതിച്ച് ബിഹാർ സ്വദേശി; ബാങ്ക് മാനേജരുടെ പരാതിയിൽ നടപടിയുമായി പൊലീസ്
പട്ന: ബാങ്ക് അക്കൗണ്ട് നമ്പർ തെറ്റിപ്പോയതിനെ തുടർന്ന് യുവാവിന്റെ അക്കൗണ്ടിൽ എത്തിയ അഞ്ചര ലക്ഷം രൂപ മടക്കി നൽകാൻ വിസമ്മതിച്ച് ബിഹാറിലെ ഖഗരിയ സ്വദേശിയായ യുവാവ്. പിഴവ് സംഭവിച്ചതാണെന്നും പണം തിരികെ നൽകണമെന്നും ബാങ്ക് അധികൃതർ ആവശ്യപ്പെട്ടപ്പോൾ യുവാവ് നൽകിയത് വിചിത്രമായ മറുപടിയാണ്.
'ഇതെന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇട്ടുതന്ന പണമാണ്. ഞാനിത് തിരികെ തരില്ല.' എന്നായിരുന്നു ബാങ്ക് മാനേജരോട് അക്കൗണ്ട് ഉടമയായ ഭക്തിയാർപുർ സ്വദേശി രഞ്ജിത്ത് ദാസ് പറഞ്ഞത്.
ഗ്രാമിന് ബാങ്കിന്റെ ഖഗരിയ ബ്രാഞ്ചിനാണ് ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞത്. ഭക്തിയാർപൂർ ഗ്രാമവാസിയായ രഞ്ജിത്ത് ദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കാണ്
അവർ തെറ്റായി അഞ്ചര ലക്ഷം അയച്ചു കൊടുത്തത്. ഈ അബദ്ധം തിരിച്ചറിഞ്ഞ ശേഷം, പ്രസ്തുത തുക തിരികെ നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കിൽ നിന്ന് പലതവണ രഞ്ജിത്ത് ദാസിന് നോട്ടീസ് അയക്കുകയുണ്ടായി എങ്കിലും, ദാസ് ആ പണം തിരികെ നൽകാൻ തയ്യാറായില്ല.
'ഇക്കൊല്ലം മാർച്ചിൽ ഈ പണം അക്കൗണ്ടിൽ വന്നു ക്രെഡിറ്റായപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു. ഈ തുക, പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പിന് മുമ്പ് ഓരോരുത്തരുടെയും അക്കൗണ്ടിൽ ഇട്ടുതരാം എന്ന് വാഗ്ദാനം ചെയ്തിരുന്ന 15 ലക്ഷത്തിന്റെ ആദ്യ ഇൻസ്റ്റാൾമെന്റ് ആണ് എന്നാണ് ഞാൻ കരുതിയത്. കിട്ടി അധികം വൈകാതെ അത് മുഴുവൻ ഞാൻ ചെലവാക്കുകയും ചെയ്തു. തിരികെ കൊടുക്കണം എന്ന് പറഞ്ഞാൽ, അതിന് ഇപ്പോൾ എന്റെ അക്കൗണ്ടിൽ ഒരു നയാപൈസയും ബാക്കിയില്ല.' എന്നാണ് ദാസ് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുള്ളത് എന്ന് IANS നെ ഉദ്ധരിച്ചു കൊണ്ട് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
മാൻസി പൊലീസ് സ്റ്റേഷനിൽ ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവിന്റെ മൊഴി രേഖപ്പെടുത്തിയെന്നും പണം ഇപ്പോൾ കൈവശമില്ലെന്നാണ് മൊഴിയെന്നും പേലീസ് പറയുന്നു. അന്വേഷണം തുടരുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.




