ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. അമേരിക്ക, പോർച്ചുഗൽ, നെതർലാന്റ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്.പോർച്ചുഗലാണ് പ്രധാന മന്ത്രി ആദ്യം സന്ദർശിക്കുക. തുടർന്ന് രണ്ട് ദിവസങ്ങൾ അദ്ദേഹം യുഎസിലുണ്ടാകും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കാനാണ് തന്റെ യുഎസ് സന്ദർശനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വിറ്റിൽ കുറിച്ചു. മറ്റന്നാളാണ് അമേരിക്കൻ പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത്.

ഭീകരവാദം, ഇന്ത്യയുടെ എൻഎസ്ജി അംഗത്വം, അഫ്ഗാൻ സ്ഥിതി എന്നീ വിഷയത്തിൽ ചർച്ച നടത്തും. അമേരിക്കയിൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ മുന്നോട്ടുപോകാനുള്ള ദീർഘകാല വിഷൻ ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ-യു.എസ് ബന്ധം ശക്തമാകുന്നത് ലോകത്തിനും ഇന്ത്യക്കും ഗുണം ചെയ്യും.

നേരത്തെ ട്രംപുമായി മുമ്പ് ഫോണിൽ സംസാരിച്ചിരുന്നു. പൊതു വിഷയങ്ങളിൽ പരസ്പര സഹകരണം ഉണ്ടാകുന്നത് ഇരുരാജ്യങ്ങൾക്കും ഗുണംചെയ്യുമെന്നും മോദി പറഞ്ഞു. നേരത്തെ ഉത്തർപ്രദേശിൽ ബിജെപി നേടിയ ചരിത്ര വിജയത്തിൽ അഭിനന്ദിക്കുന്നതിനാണ് അവസാനമായി പ്രധാനമന്ത്രിയെ വിളിച്ചത്. പ്രധാനമന്ത്രിക്ക് പുറമ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും യുഎസ് വിദേശകാര്യസെക്രട്ടറി റെക്സ് ടില്ലേഴ്സനുമായും ചർച്ച നടത്തും.