ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ പ്രധാന്യമുള്ളതാണ് കർണാടക തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ സംസ്ഥാന ഭരണം പിടിക്കാൻ പതിനെട്ട് അടവും പയറ്റാണ് ബിജെപി ഒരുങ്ങുന്നത്. ഭരണം പോകാതിരിക്കാൻ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ശ്രമം ശക്തമാക്കുമെന്ന കാര്യവും ഉറപ്പാണ്. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകത്തിലെത്തിയത്.

കോൺഗ്രസ് സർക്കാറിനെതിരെ ആഞ്ഞടിച്ചാണ് മോദി കർണാടകത്തിലെത്തിയത്. അധികം വൈകാതെ കർണാടകയും കോൺഗ്രസ് മുക്തമായി മാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബിജപി നേതാവ് യെദ്യൂരിയപ്പ നയിക്കുന്ന പരിവർത്തൻ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കവേയാണ് മോദിയുടെ അവകാശവാദം. പുറത്തേക്കുള്ള വാതിലിനരികിൽ നിൽക്കുകയാണ് കർണാടകയിലെ കോൺഗ്രസ്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനം കോൺഗ്രസ് സംസ്‌കാരത്തിൽ നിന്ന് പൂർണമുക്തി നേടും.

എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷം കർണാടകയ്ക്കുള്ള വിഹിതത്തിൽ 180 ശതമാനം വർധന ഉണ്ടായിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. എന്നാൽ പണമൊന്നും കർണാടക സർക്കാർ ജനങ്ങളിലെത്തിച്ചില്ല. ഇവിടെ ചിലർക്ക് ജനക്ഷേമത്തേക്കാൾ സ്വന്തം ക്ഷേമത്തോടാണ് താത്പര്യം. യെദ്യൂരപ്പയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കർഷകന്റെ മകനായ യെദ്യൂരിയപ്പ കർണാടകയുടെ മുഖ്യമന്ത്രിയായാൽ സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രതിസന്ധികൾക്ക് ആശ്വാസം ലഭിക്കും. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരും ബിജെപി നയിക്കുന്ന കർണാടക സർക്കാരും ഒത്തുചേർന്നാൽ ഇവിടെ അത്ഭുതങ്ങളാവും നടക്കുകയെന്നും മോദി പറഞ്ഞു.

അതേസമയം ബിജെപിയുടേത് വെറും വാക്ക്കസർത്താണെന്നും പരിവർത്തൻ യാത്ര എന്ന പേരിൽ നുണകൾ പടച്ചു വിടുകയാണ് ബിജെപിയെന്നും കോൺഗ്രസ് പ്രതികരിച്ചു. പരിവർത്തൻ യാത്രയ്ക്ക് വന്ന ആൾക്കൂട്ടം വോട്ടായി മാറുമെന്ന പ്രതീക്ഷ അവർക്ക് വേണ്ട സംസ്ഥാനം ഭരിക്കുന്ന സർക്കാരിനേയോ കോൺഗ്രസിനേയോ ആക്രമിക്കാൻ ഒരായുധവും അവരുടെ കൈയിലില്ല. അതിനാൽ പരമാവധി നുണകൾ പടച്ചു വരുത്താനും സമാധാനന്തരീക്ഷം തകർക്കാനുമാണ് കോൺഗ്രസിന്റെ ശ്രമമെന്ും കോൺഗ്രസ് വക്താവ് പ്രതികരിച്ചു.