ലണ്ടൻ: യൂറോപ്പിലെ വമ്പൻ രാജ്യങ്ങളുമായി വ്യാപാരക്കരാറിലേർപ്പെടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനത്തിന് ഇന്ന് തുടക്കംകുറിക്കും; ജർമനിയും റഷ്യയും ഫ്രാൻസും സ്‌പെയിനും സന്ദർശിക്കുന്ന മോദി ഇന്ത്യയുടെ വികസനക്കുതിപ്പിന് തുണയാകുന്ന പുതിയ പങ്കാളികളെ തിരയുകയാണ്. ജൂലൈയിൽ ജി-20 ഉച്ചകോടിക്കായി വീണ്ടും ജർമനിയിലെത്തുന്നുണ്ടെങ്കിലും, ഇക്കുറി ഇരുരാജ്യങ്ങൾക്കുമിടയിലെ സഖ്യം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം.

മോദിയുടെ ഈ സന്ദർശനത്തിന് രാഷ്ട്രീയമായും നയതന്ത്രപരമായും ഏറെ പ്രാധാന്യമുണ്ട്. ബ്രെക്‌സിറ്റ് അനന്തര ബ്രിട്ടനെയും ഡൊണാൾഡ് ട്രംപിന്റെ അമേരിക്കയെയും വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മോദിയെത്തുന്നത്. യൂറോപ്പ് അവരുടെ പുതിയ വ്യാപാരപങ്കാളിയായി ഇന്ത്യയെ കാണുന്നുവെന്ന സൂചനയാണ് മെർക്കലിന്റെ വാക്കുകളിലുള്ളത്. മോദിയും മെർക്കലുമായുള്ള കൂടിക്കാഴ്ച അതിന് തുടക്കം കുറിക്കുമെന്നും ഉറപ്പാണ്.

ജർമനിയുമായുള്ള സഖ്യത്തിന് കൂടുതൽ പ്രാധാന്യം കൽപിക്കുന്നതായി മോദിയും യാത്രയ്ക്കുമുമ്പ് പറഞ്ഞു. വികസിത രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ വളർച്ചയിൽ ജർമൻ പങ്കാളിത്തം നിർണായകമാണെന്നും മോദി പറയുന്നു. ചൊവ്വാഴ്ച മോദിയും മെർക്കലും ജർമനിയിലെ പ്രമുഖ സ്ഥാപനങ്ങളുടെ സിഇഒ.മാരെ കാണുന്നുണ്ട്. ഇന്ത്യയിൽ വൻവിദേശനിക്ഷേപം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന യോഗമാണിത്. ഇന്ത്യയുടെ പുതിയ പദ്ധതികളെക്കുറിച്ച് മോദി അവരോട് വിശദീകരിക്കുകയും ചെയ്യും.

യൂറോപ്യൻ രാജ്യങ്ങളിലുള്ള സന്ദർശനത്തിനിടെ യൂറോപ്യൻ ബ്ലൂ കാർഡും വിഷയമായി വരുമെന്നാണ് സൂചന. വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് യൂറേപ്യൻ യൂണിയനിലെ ഏതുരാജ്യങ്ങളിലും താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും സ്വാതന്ത്ര്യം നൽകുന്ന നിയമമാണ് യൂറോപ്യൻ ബ്ലൂകാർഡ്. അയർലൻഡ്, ബ്രിട്ടൻ, ഡെന്മാർക്ക് എന്നീ രാജ്യങ്ങൾ ബ്ലൂകാർഡ് അംഗീകരിക്കുന്നില്ല. ഇന്ത്യക്കാർക്ക് വിദേശത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഈ ചർച്ചയും വഴിയൊരുക്കുമെന്നാണ് സൂചന.

ജി7 ഉച്ചകോടിയിലെടുത്ത നിലപാടുകളാണ് ട്രംപിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന നിലപാടിലേക്ക് മെർക്കലിനെ എത്തിച്ചത്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പാരീസ് ഉടമ്പടി അംഗീകരിക്കാതെ ട്രംപ് അമേരിക്കയിലേക്ക് മടങ്ങിയതും ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറിയേക്കുമെന്ന സൂചനകൾ ശക്തമായതുമാണ് മെർക്കലിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ. യൂറോപ്യൻ യൂണിയൻ അതിനുള്ളിൽത്തന്നെയോ വിദേശത്തോ വിശ്വസ്തരായ പങ്കാളികളെ കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു.

മറ്റുരാജ്യങ്ങളെ പ്രതീക്ഷിച്ചിരുന്നിട്ട് കാര്യമില്ലെന്ന് തനിക്ക് ബോധ്യമായതായി അവർ പറഞ്ഞു. അമേരിക്കയുമായും ബ്രിട്ടനുമായുമുള്ള ബന്ധത്തിന് ഉലച്ചിലൊന്നും സംഭവിച്ചിട്ടില്ലെങ്കിലും അവരെ മാത്രം പ്രതീക്ഷിച്ചിരിക്കുന്നതിൽ അർഥമില്ലെന്ന് മെർക്കൽ വ്യക്തമാക്കി. ഫ്രാൻസുമായി കൂടുതൽ ഊഷ്മളമായ ബന്ധത്തിന് തയ്യാറാകണമെന്നും അവർ നിർദേശിച്ചു. ജി7 ഉച്ചകോടിയിൽ മറ്റ് ആറുരാജ്യങ്ങളും പാരീസ് ഉടമ്പടി അംഗീകരിക്കാൻ തയ്യാറായപ്പോഴും അമേരിക്ക വിട്ടുനിന്നതിനെ തീർത്തും അതൃപ്തി ഉളവാക്കിയ നിർദേശമെന്നാണ് മെർക്കൽ വിശേഷിപ്പിച്ചത്.

മാഞ്ചസ്റ്ററിൽ സ്‌ഫോടനമുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഉച്ചകോടിയുടെ ആദ്യദിനം തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ മടങ്ങിയിരുന്നു. അവസാന ദിനം ചർച്ചയ്ക്ക് തീരുമാനമാകുന്നതിനുമുമ്പ് ട്രംപും വേദിവിട്ടു. ഇതാണ് യൂറോപ്യൻ യൂണിയനിലെ പ്രമുഖ രാജ്യങ്ങളെ ചൊടിപ്പിച്ചത്. യാത്ര വൻവിജയമായിരുന്നുവെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തതെങ്കിലും, കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറുമെന്നുതന്നെയാണ് സൂചന.