ന്യൂഡൽഹി: യുക്രെയിൻ പ്രതിസന്ധിയിൽ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി. റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ഊർജിത ശ്രമത്തിന്റെ ഭാഗമാണ് യോഗം വിളിച്ചു കൂട്ടുന്നത്. പദ്ധതി ഏകോപിപ്പിക്കാനായി നാല് കേന്ദ്രമന്ത്രിമാരെ യുക്രെയിൻ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കാനും തീരുമാനമായി. മന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വികെ സിങ് എന്നിവർക്കാണ് ചുമതല.

യുക്രൈനിൽ കുടുങ്ങിയ 16000 വിദ്യാർത്ഥികൾ അടക്കമുള്ള പൗരന്മാരെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കാനാണ് യോഗത്തിൽ തീരുമാനമായത്. രക്ഷാപ്രവർത്തനങ്ങൾക്ക് വേഗം പോരെന്ന വിമർശനങ്ങളും പല ഭാഗത്തു നിന്നും ഉയർന്നിരുന്നു. ഇതോടെയാണ് ഉന്നതതലയോഗം പ്രധാനമന്ത്രി വിളിച്ചതും നാല് മന്ത്രിമാരെ യുക്രെയിനിലേക്ക് നേരിട്ട് അയക്കാൻ തീരുമാനിച്ചതും.

റുമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മന്ത്രിമാർ പോകുന്നത്. അതേസമയം, യുക്രെയിന്റെ പലഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നവർ അതിർത്തികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ്. കിലോമീറ്ററുകൾ കാൽനടയായി എത്തുന്ന പല സംഘത്തെയും യുക്രെയിൻ സേന വഴിയിൽ തടയുന്നതായും വാർത്തകൾ വന്നിരുന്നു.

ഹെൽപ്പ് ലൈൻ നമ്പറുകൾ ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാതെ ഇന്ത്യൻ പൗരന്മാർ ഒരു അതിർത്തി പോസ്റ്റുകളിലേക്കും മാറരുതെന്നാണ് യുക്രെയിനിലെ ഇന്ത്യൻ എംബസി ശനിയാഴ്ച ട്വിറ്ററിൽ അറിയിച്ചത്. തങ്ങളെ അറിയിക്കാതെ അതിർത്തി ചെക്ക്പോസ്റ്റുകളിലെത്തുന്നവരെ സഹായിക്കാൻ ബുദ്ധിമുട്ടാണെന്നും എംബസി വ്യക്തമാക്കി.

ഇതുവരെ യുക്രൈനിൽ നിന്നുള്ള ഇന്ത്യാക്കാരുമായി അഞ്ചു വിമാനങ്ങളാണ് രാജ്യത്തെത്തിയത്. 1156 പൗരന്മാരെയാണ് ഇതുവരെ തിരിച്ചെത്തിക്കാനായത്. 200 ഇന്ത്യാക്കാർ ഇന്ന് പോളണ്ട് അതിർത്തി കടന്ന് എത്തിയതായാണ് റിപ്പോർട്ടുകൾ. ഇതിൽ 90 മലയാളികളുമുണ്ട്. 45 ഇന്ത്യക്കാർ ബസിൽ മാൾഡോവയിലെത്തി. ഇവർക്കായി സൈനിക ആശുപത്രി മാൾഡോവ തുറന്നു നൽകി. ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയശേഷം ഇവരെ റൊമേനിയയിലേക്ക് കൊണ്ടുപോകും.

അതേസമയം യുക്രൈനിലെ തെക്കു കിഴക്കൻ നഗരമായ ബെർദ്യാൻസ്‌ക് റഷ്യൻ സേന പിടിച്ചെടുത്തിട്ടുണ്ട്. വടക്കൻ യുക്രൈനിലെ ചെർണിഗോവിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു. തലസ്ഥാനമായ കീവിൽ റഷ്യയുടെ വ്യോമാക്രണ ഭീഷണി നിലനിൽക്കുന്നുണ്ട്. യുക്രൈനിലെ സപ്രോഷ്യ വിമാനത്താവളത്തിന് സമീപം സ്ഫോടനം നടന്നതായാണ് വിവരം. റഷ്യൻ ആക്രമണത്തെ തുടർന്ന് 14 കുട്ടികൾ ഉൾപ്പടെ 352 സാധാരണക്കാർ ഉക്രൈനിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.