- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുർജ് ഖലീഫ രണ്ട് ദിവസം ത്രിവർണ്ണമായി മാറും; അറബിയിൽ ട്വീറ്റ് ചെയ്ത ആവേശം നിലനിർത്തി പ്രധാനമന്ത്രിയും: ഇസ്ലാമിക ഹൃദയഭൂമികയിലേക്ക് മോദി എത്തുമ്പോൾ നിരാശരാകുന്നത് ഇതുവരെ നരഭോജിയാക്കാൻ ശ്രമിച്ചു നടന്നവർ
ദുബായ്: ഒരു കാലത്ത് ഇസ്ലാമിക ലോകത്തിന്റെ എണ്ണപ്പെട്ട ശത്രുവെന്നാണ് സ്വന്തം രാജ്യത്തെ തന്നെ ഒരു കൂട്ടർ നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചത്. പിന്നീട് ഇങ്ങനെ വിമർശനം ഉന്നയിച്ചവർ തന്നെ അദ്ദേഹത്തെ പുകഴ്‌ത്തിപ്പാടാൻ ക്യൂ നിന്നു. ഇപ്പോൾ മൂന്ന് പതിറ്റാണ്ടിന് ശേഷം യുഎഇ സന്ദർശിക്കാൻ ഒരു ഇന്ത്യൻ പ്രധാനമന്ത്രി എത്തുമ്പോൾ യുഎഇ ഇതുവരെ കണ്ടിട്
ദുബായ്: ഒരു കാലത്ത് ഇസ്ലാമിക ലോകത്തിന്റെ എണ്ണപ്പെട്ട ശത്രുവെന്നാണ് സ്വന്തം രാജ്യത്തെ തന്നെ ഒരു കൂട്ടർ നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചത്. പിന്നീട് ഇങ്ങനെ വിമർശനം ഉന്നയിച്ചവർ തന്നെ അദ്ദേഹത്തെ പുകഴ്‌ത്തിപ്പാടാൻ ക്യൂ നിന്നു. ഇപ്പോൾ മൂന്ന് പതിറ്റാണ്ടിന് ശേഷം യുഎഇ സന്ദർശിക്കാൻ ഒരു ഇന്ത്യൻ പ്രധാനമന്ത്രി എത്തുമ്പോൾ യുഎഇ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ ഒരു ഉജ്ജ്വല സ്വീകരണം ഒരുക്കാൻ തയ്യാറായിരിക്കയാണ് ഇവിടുത്തെ ഇന്ത്യൻ സമൂഹം. അധികാരമേറ്റ് കുറഞ്ഞ കാലം കൊണ്ട് തന്നെ ധിഷണാശാലിയായ പ്രധാനമന്ത്രിയെന്ന വിശേഷണം നേടിയെടുത്ത മോദിക്ക് ഊഷ്മള സ്വീകരണം ഒരുക്കാൻ തന്നയാണ് യുഎഇ ഭരണാധികാരികളും ഒരുങ്ങുന്നത്. ലോകത്തിന് മുമ്പിൽ യുഎഇയുടെ അഭിമാനമായ ബുർജ് ഖലീഫയും ഇന്ത്യൻ പ്രധാനമന്ത്രിയുടെ വരവിനോട് അനുബന്ധിച്ച് ത്രിവർണ്ണം പുതയ്ക്കുമെന്നത് തന്നെയാണ് മോദിക്ക് ആ രാജ്യം നൽകുന്ന ഏറ്റവും വലിയ ആദരമായി വിലയിരുത്തുന്നത്. ഇസ്ലാമിക ഹൃദയഭൂമികയായ യുഎഇയിൽ എത്തി ആ രാജ്യത്തിന്റെ ഹൃദയം കവരാൻ തന്നെയാണ് മോദിയുടെ നീക്കവും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങങ്ങളാണ് ഇന്ത്യൻ സമൂഹം ഒരുക്കുന്നത്.
പ്രധാനമന്ത്രിയുടെ വരവിനായി ഇന്ത്യൻ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ എല്ലാവരിലും ആവേശം ജനിപ്പിച്ച് നരേന്ദ്ര മോദിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേ നേടുകയാണ്. നിങ്ങളെ കാണാൻ ഞാൻ യുഎഇയിൽ എത്തുകയാണ് മോദി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഇംഗ്ലീഷിലോ ഹിന്ദിയിലോ അല്ല, യുഎഇയുടെ ഭാഷയായ അറബിക്കിലാണ് മോദിയുടെ കുറിപ്പ്. യുഎഇയും ഇന്ത്യയും തമ്മിൽ ഊർജം, വ്യാപാരം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ശ്രമിക്കുമെന്നും ഇന്ത്യയിലേയ്ക്ക് കൂടുതൽ നിക്ഷേപകരെ ക്ഷണിക്കുമെന്നും മോദി തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് തന്റെ സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ ഇന്ത്യൻ സമൂഹമായ സാധാരണക്കാരെയും തൊഴിലാളികളെയും കുറിച്ചും പോസ്റ്റിൽ പരാമർശിക്കുന്നു. വർഷങ്ങളായി ഇവിടെ പൊരിവെയിലത്ത് വിയർപ്പൊഴുക്കി കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളെക്കുറിച്ച് പറയാൻ വാക്കുകളില്ല. അവരെയെല്ലാം നേരിട്ട് കാണാമെന്ന് കരുതുന്നു മോദി ഫേസ്‌ബുക്കിൽ കുറിച്ചു.
യുഎഇ തലസ്ഥാനമായ അബൂദാബിയിൽ 16നാണ് മോദി എത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനമാണ് അദ്ദേഹം പ്ലാൻ ചെയ്തിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി പ്രധനമന്ത്രി കൂടിക്കാഴ്ച നടത്തും. അബുദാബിയുടെ വൻകിട പദ്ധതിയായ മസ്ദാർ സിറ്റിയും അദ്ദേഹം സന്ദർശിക്കും. തുടർന്ന് ദുബായിലേക്ക് പോകുന്ന മോദി നിരവധി വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്‌ച്ച നടത്തും.
17ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മോദിക്കായി പൊതു സ്വീകരണം ഒരുക്കുന്നുണ്ട്. ഇത് ചരിത്രമാക്കാൻ ഇന്ത്യൻ സമൂഹം ഒരുക്കങ്ങളിലാണ്. ഇങ്ങനെ പൊതു സ്വീകരണത്തിൽ പങ്കെടുക്കുന്നതിലുള്ള ആഹ്ലാദം അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. യുഎഇയിൽ 25 ലക്ഷം ഇന്ത്യക്കാരുണ്ട്. ഇന്ത്യക്കാരുടെ പോറ്റമ്മയാണ് ഈ രാജ്യം. യുഎഇയുടെ വികസനത്തിൽ പങ്കാളികളാകുന്ന ഇവരെല്ലാം ഇന്ത്യയിൽ നടക്കുന്ന എല്ലാ പ്രധാന ചടങ്ങുകളിലും എത്തിച്ചേരാൻ ശ്രമിക്കുന്നു. യുഎഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ കച്ചവട പങ്കാളിയാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒത്തൊരുമ പതിറ്റാണ്ടുകളായി സുദൃഢമായി തുടരുന്നു. സംസ്‌കാരവൈവിധ്യങ്ങളിലും നാനാത്വത്തിൽ ഏകത്വത്തിലും വിശ്വസിക്കുന്ന രാജ്യങ്ങളാണ് രണ്ടും. പ്രധാനമന്ത്രി പറഞ്ഞു.
മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫ അനുബന്ധിച്ച് ത്രിവർണ്ണമണിയും. യു.എ.ഇ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദര സൂചകമായാണ് രണ്ട് ദിവസത്തേക്ക് ബുർജ് ഖലീഫയിൽ ഇന്ത്യൻ പതാകയുടെ വർണ്ണത്തിലുള്ള ദീപാലങ്കാരം ഒരുക്കുന്നത്. മോദിക്ക് വൻ സ്വീകരണം നൽകാനുള്ള പ്രവാസി ഇന്ത്യാക്കാരുടെ പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുടെ എണ്ണം അമ്പതിനായിരം ആയിട്ടുണ്ട്. ദുബായ് സ്പോർട്സ് സിറ്റിയിലെ ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ ഓഗസ്റ്റ് 17 നാണ് സ്വീകരണം സംഘടിപ്പിക്കുന്നത്.
സൗജന്യ ഭക്ഷണവും വെള്ളവും ഉൾപ്പെടെ പരിപാടിക്കായി വൻ തയ്യാറെടുപ്പാണ് സംഘടകർ നടത്തുന്നത്. സംഘാടകരുടെ വെബ്‌സൈറ്റായ നമോഇൻദുബായിലാണ് റജിസ്‌ട്രേഷൻ. ആദ്യ ദിവസം രാവിലെ വെബ്‌സൈറ്റിൽ വന്നത് 15,000 അപേക്ഷകൾ. ഉച്ചകഴിഞ്ഞപ്പോൾ അത് 42,000 മായി ഉയർന്നു. അതേ സമയം സ്‌റ്റേഡിയത്തിന് വഹിക്കാൻ കഴിയുന്ന പരമാവധി ആൾക്കാരുടെ എണ്ണം 30,000 മാണ്. പരിപാടിയിൽ നിന്നും കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്.
എയർ കണ്ടീഷനിങ് സംവിധാനവും ഓപ്പൺ എയർ സ്‌റ്റേഡിയത്തിൽ സംഘാടകർ ഒരുക്കുന്നുണ്ട്. സാധാരണഗതിയിൽ ദുബായ് യിലെ താപനില 42 ഡിഗ്രി സെൽഷ്യസാണ്. മോദിക്ക് സ്വാഗതമോതുന്ന സാംസ്കാരിക പരിപാടികളും അരങ്ങേറും. പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുമ്പായി സ്‌റ്റേഡിയത്തിൽ എത്തേണ്ടതുണ്ട്.
34 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുഎഇയിൽ എത്തുന്നതിനെ വ്യവസായ ലോകവും ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും മോദിയുടെ സന്ദർശനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. മലയാളിയായ പ്രവാസി വ്യവസായി എം എ യൂസഫലി അടക്കമുള്ളവർ മോദിയുടെ സന്ദർശനത്തിൽ ഏറെ പ്രതീക്ഷയിലാണ്. ഇന്ത്യയിലേക്ക് കൂടുതൽ യുഎഇ നിക്ഷേപം എത്തിക്കുക എന്നതാണ് മോദിയുടെ പ്രധാന ലക്ഷ്യം. 800 മില്യൻ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഈ സന്ദർശനം കൊണ്ട് സാധിച്ചേക്കും. യുഎഇയിലെ പത്രങ്ങളും മോദിയുടെ സന്ദർശനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ഖലീജ് ടൈംസ് ഓൺലൈനിൽ സന്ദർശനത്തോട് അനുബന്ധിച്ച് പ്രത്യേക പേജ് തന്നെ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇന്ത്യൻ പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷയാണ് യുഎഇയിൽ ഒരുക്കുന്നതും.
- സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ(15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ