- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ജനങ്ങളോടുള്ള അനീതി; ഇന്ധനനികുതി കുറയ്ക്കാൻ തയ്യാറാവാത്തത് ചില സംസ്ഥാനങ്ങൾ മാത്രം'; കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ പേരെടുത്ത് വിമർശിച്ച് പ്രധാനമന്ത്രി; ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തണമെന്നും നിർദ്ദേശം
ന്യൂഡൽഹി: സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്റെ മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയാറാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന നികുതി കുറയ്ക്കാൻ കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും തയാറാകാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം.
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം. എക്സൈസ് തീരുവ കുറയ്ക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് തീരുവ കുറയ്ക്കാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇന്ധന വില വർധനവിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.
തമിഴ്‌നാട്, പശ്ചിമബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര, കേരളം, ജാർഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിൽ നവംബറിൽ നികുതി കുറയ്ക്കാൻ തയ്യാറിട്ടില്ലെന്നും അവർ ഇപ്പോൾ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
'കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാർ ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുകയും സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഞാൻ ആരെയും വിമർശിക്കുന്നില്ല. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാർഖണ്ഡ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ വാറ്റ് കുറയ്ക്കാനും ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനും അഭ്യർത്ഥിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.
ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും വില ഉയർന്നുതന്നെ നിൽക്കുകയാണ്. ഈ സംസ്ഥാനങ്ങൾ അവിടുത്തെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണിത്. അയൽ സംസ്ഥാനങ്ങളേയും ഇത് ബാധിക്കും. താൻ ആരേയും വിമർശിക്കുകയല്ല. ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
'കർണാടക നികുതി കുറച്ചില്ലായിരുന്നെങ്കിൽ ആറ് മാസത്തിനുള്ള 5000 കോടിയുടെ അധിക വരുമാനം അവർക്ക് ഉണ്ടാകുമായിരുന്നു. ഗുജറാത്തും 3500 മുതൽ 4000 കോടി വരെ അധികവരുമാനം നേടുമായിരുന്നു', പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഫെഡറിലിസത്തിന്റെ സഹകരണ മനോഭാവം പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അത്തരം മനോഭാവത്തോടെയാണ് രാജ്യം കോവിഡിനെ നേരിട്ടത്. നിലവിലുള്ള 'യുദ്ധസമാന സാഹചര്യം' പോലുള്ള ആഗോള പ്രശ്‌നങ്ങളുടെ ആഘാതം കണക്കിലെടുത്ത് സാമ്പത്തിക പ്രശ്‌നങ്ങളിലും അത്തരം സമീപനം സ്വീകരിക്കണം, മോദി പറഞ്ഞു.
വാറ്റ് കുറച്ച സംസ്ഥാനങ്ങളിൽ ഇന്ധന വില കുറവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ധന നികുതി കുറയ്ക്കാൻ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും തയാറാകുന്നില്ല. നികുതി കുറയ്ക്കാതെ ചില സംസ്ഥാനങ്ങൾ അധിക വരുമാനമുണ്ടാക്കി. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ പറഞ്ഞു.
കോവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങൾ ആരോഗ്യസംവിധാനങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മോദി യോഗത്തിൽ പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏകോപനം പ്രധാനപ്പെട്ടതാണ്. കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കുന്നതും യോഗത്തിൽ ചർച്ചയായി.
കേസുകൾ ഉയരുന്നതും രാജ്യത്ത നിരവധി ഉത്സവങ്ങൾ നടക്കാൻ പോകുന്നതും കണക്കിലെടുത്താണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ കോവിഡ് പ്രതിരോധ നടപടികളെ കുറിച്ച് യോഗത്തിൽ അവതരണം നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി വിദേശത്തായതിനാൽ ആരോഗ്യമന്ത്രി വീണ ജോർജാണ് കേരളത്തിൽ നിന്ന് അവലോകന യോഗത്തിൽ പങ്കെടുത്തത്.




