ന്യൂഡൽഹി: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയതിന് പിന്നാലെ പുതിയ വിവാദം. പ്രധാനമന്ത്രിക്കുള്ള സുരക്ഷ ക്രമീകരണങ്ങൾ കണക്കിലെടുത്ത് മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നിയുടെ ഹെലികോപ്ടറിന് ഹോഷിയാർപൂരിലേക്ക് പറക്കാൻ അനുവാദം നൽകിയില്ല. ഇതോടെ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയിൽ ചന്നിക്ക് പങ്കെടുക്കാനാകില്ല.

സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കേന്ദ്രം തടഞ്ഞെന്ന് കോൺഗ്രസ് ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലാണ് പിന്നിലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പിന്നിൽ രാഷ്ട്രീയ നീക്കമാണെന്നും എന്തുകൊണ്ട് തന്റെ ഹെലികോപ്ടറിന് അനുമതി നിഷേധിച്ചെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നി ആവശ്യപ്പെട്ടു.

കർഷക സംഘടനകളുടെ പ്രതിഷേധ ഭീഷണിക്കിടെയാണ് പഞ്ചാബിലെ ജലന്ധറിൽ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കുന്നത്. ഹെലികോപ്റ്ററിൽ ജലന്ധറിൽ എത്തിയ ശേഷം റാലി നടക്കുന്ന പിഎപി ഗ്രൗണ്ടിലേക്ക് റോഡ് മാർഗം പ്രധാനമന്ത്രി പോകുമെന്നാണ് വിവരം.

ഇന്നും 16,17 തിയതികളിലുമായി മാൾവ, ദോബ, മജ എന്നീ മൂന്ന് മേഖലകൾ ഉൾക്കൊള്ളുന്ന റാലികളിലാണ് നരേന്ദ്ര മോദി പ്രസംഗിക്കുന്നത്. ഇന്ന് ജലന്തറിലും 16ന് പത്താൻ കോട്ടിലും 17ന് അബോഹറിലുമാണ് ആദ്യ റാലികൾ. ജലന്തർ, കപൂർത്തല, ഭട്ടിൻഡ എന്നീ മേഖലകളിലെ 27 നിയമസഭാ മണ്ഡലങ്ങളിൽ ബുധനാഴ്ച നടത്താനിരുന്ന നരേന്ദ്ര മോദിയുടെ വെർച്വൽ റാലി റദ്ദാക്കിയ ശേഷമാണ് ഇന്നും 16,17 തിയതികളിലുമായി നടക്കുന്ന റാലികളിൽ അദ്ദേഹം പങ്കെടുക്കുമെന്നറിയിച്ചത്.

കനത്ത സുരക്ഷയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി നടക്കുക. റാലിക്കെത്തുന്ന പ്രധാനമന്ത്രിക്കതിരെ പ്രതിഷേധിക്കുമെന്ന് 23 കർഷ സംഘടനകൾ പ്രഖ്യാപിച്ചിച്ചുണ്ട്. സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി ഒരു വിഭാഗം കർഷക നേതാക്കളെ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്. റാലി നടക്കുന്ന സ്ഥലത്തും പ്രധാനമന്ത്രിയെത്തുന്ന വഴികളിലും കറുത്ത കൊടി ഉയർത്തി പ്രതിഷേധമറിയിക്കുമെന്ന് കർഷകർ അറിയിച്ചു.

ഗ്രാമങ്ങളിൽ മോദിയുടെ കോലം കത്തിക്കാനും ആഹ്വാനം നൽകിയിട്ടുണ്ട്. താങ്ങുവിലയിൽ സമിതി രൂപീകരിച്ചതല്ലാതെ തുടർ നടപടികളില്ല. കർഷകർക്കെതിരെ എടുത്ത കേസുകളും പിൻവലിച്ചിട്ടില്ല. കർഷക വഞ്ചന കേന്ദ്രസർക്കാർ തുടരുന്നുവെന്ന മുദ്രാവാക്യവുമായാകും പ്രതിഷേധം. കർഷക പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ് പൊലീസിന് പുറമെ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി കടന്ന് പോകുന്ന വഴികളിൽ കരിങ്കൊടി കാണിക്കുമെന്നും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നുമാണ് എസ്.കെ.എമ്മിന്റെ പ്രഖ്യാപനം. എന്നാൽ റോഡ് ഉപരോധിക്കില്ലെന്ന് ബർണാലയിലെ തർക്ഷീൽ ഭവനിൽ നടന്ന സംഘടനകളുടെ യോഗത്തിന് ശേഷം കർഷക നേതാവ് ഗുർ ഭക്ഷ് സിങ് പറഞ്ഞു. ഇന്ന് ബർണാല ജില്ലയിലെമ്പാടും കോലം കത്തിക്കാനാണ് തീരുമാനം. 16ന് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി കടന്ന് പോകുന്ന വഴിയോരങ്ങളിൽ കരിങ്കൊടി കാണിക്കും. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കാനോ മിനിമം താങ്ങുവില കമ്മിറ്റി രൂപീകരിക്കാനോ കേന്ദ്രസർക്കാർ തയാറായില്ല.

അതിനിടെ പഞ്ചാബിവെത്തുന്ന നരേന്ദ്ര മോദി ഹെലികോപ്ടറിൽ പോകണമെന്ന കോൺഗ്രസ് എംപി രവനീത് സിങ് ബിട്ടുവിന്റെ പ്രസ്താവന വിവാദമായി.'ഒരു വർഷം പഞ്ചാബികളെ റോഡിൽ നിറുത്തിയത് ജനങ്ങൾ മറന്നിട്ടില്ല. അതുകൊണ്ട് മോദി റോഡ് മാർഗം വന്നാൽ ചില പ്രശ്‌നങ്ങളുണ്ടായേക്കാം.' ബിട്ടു പറഞ്ഞു.ഇന്ത്യൻ പ്രധാനമന്ത്രിക്ക് സുരക്ഷിതമായി വഴിയൊരുക്കാൻ കഴിയാത്ത പഞ്ചാബ് മുഖ്യന്ത്രി ചരൺജിത്ത് സിങ് ചന്നിക്ക് എങ്ങിനെ പഞ്ചാബിന് സുരക്ഷ നൽകാനാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ലുധിയാനയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ചോദിച്ചു.

കഴിഞ്ഞ ജനുവരി അഞ്ചിന് ഫിറോസ് പൂരിൽ നിശ്ചയിച്ചിരുന്ന റാലിയിൽ പങ്കെടുക്കാൻ റോഡ് മാർഗം പോയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ പിയേറേന ഫ്‌ളൈ ഓവറിന് സമീപത്ത് വെച്ച് കർഷകർ തടഞ്ഞത് വലിയ വിവാദമായിരിന്നു. ഏറെ കോളിളടക്കമുണ്ടാക്കിയ സംഭവത്തിൽ സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതി അന്വേഷണം തുടരുമ്പോഴാണ് പ്രതിഷേധ മുന്നറിയിപ്പുകൾക്കിടെ മോദി വീണ്ടും പഞ്ചാബിലെത്തുന്നത്. സുരക്ഷ വീഴ്ച പിന്നീട് ബിജെപി പഞ്ചാബിൽ പ്രധാന പ്രചാരണ വിഷയവുമാക്കി.