- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജാക്കന്മാരെയും ഭരണാധികാരികളെയും വഹിച്ച് അനേകം ചാർട്ടേഡ് വിമാനങ്ങൾ എത്തുന്നു; ആഫ്രിക്കയിലെ ഇസ്ലാമിക രാഷ്ട്രങ്ങളും ഒപ്പം; 50 ആഫ്രിക്കൻ രാഷ്ട്രത്തലവന്മാരെ ഡൽഹിയിൽ ഒരുമിപ്പിക്കുന്ന മോദി ഷോ ഇന്ത്യയുടെ കരുത്ത് ഇരട്ടിയാക്കും
ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സംഘാടന മികവ് തെളിയിക്കാനുള്ള ഏറ്റവും വലിയ അരങ്ങൊരുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ഡൽഹിയിൽ സമ്മേളികാനൊരുങ്ങുന്നു. 50-ലേറെ രാഷ്ട്രത്തലവന്മാരും ഭരണാധികാരികളും ഒക്ടോബർ 29-ന് നടക്കുന്ന ആഫ്രിക്കൻ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പായിക്
ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സംഘാടന മികവ് തെളിയിക്കാനുള്ള ഏറ്റവും വലിയ അരങ്ങൊരുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ഡൽഹിയിൽ സമ്മേളികാനൊരുങ്ങുന്നു. 50-ലേറെ രാഷ്ട്രത്തലവന്മാരും ഭരണാധികാരികളും ഒക്ടോബർ 29-ന് നടക്കുന്ന ആഫ്രിക്കൻ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
32 വർഷത്തിനിടെ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര സമ്മേളനമായി ഉച്ചകോടി മാറുമെന്നുറപ്പാണ്. 1983-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഡൽഹിയിൽ വിളിച്ചുചേർത്ത ചേരിചേരാ രാഷ്ട്രങ്ങളുടെ സമ്മേളനമാണ് ഇതിന് മുമ്പ് ഇന്ത്യയിൽ നടന്നിട്ടുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര കൂടിച്ചേരൽ. അന്ന് 91 രാജ്യങ്ങളിൽനിന്നായി 51 രാഷ്ട്രത്തലവന്മാർ ഡൽഹിയിലെത്തിയിരുന്നു.
ആഫ്രിക്കയിലെ പ്രബലരായ രാജ്യങ്ങളുടെയൊക്കെ നേതാക്കൾ പങ്കാളിത്തം ഉറപ്പിച്ചുകഴിഞ്ഞു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്തേ എൽ-സിസി, നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി, എത്യോപ്യൻ പ്രധാനമന്ത്രി ഹെയ്ൽമറിയം ദെസാലെൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ എന്നിവർ എത്തുന്നുണ്ട്. ഈ രാജ്യങ്ങളിൽനിന്നായി 3000-ത്തോളം പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്.
27-ഓളം ചാർട്ടേഡ് വിമാനങ്ങൾ ഇതിനകം ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ ലാൻഡിങ്ങിന് അനുമതി ചോദിച്ചിട്ടുണ്ട്. രാഷ്ട്രത്തലവന്മാരുമായി എത്തുന്ന വിമാനങ്ങളാണിത്. മൊറോക്കോയിലെ മുഹമ്മദ് ആറാമൻ രാജാവും മൗറിത്താനയിലെ മുഹമ്മദ് ഔൾഡ് അബ്ദുൾ അസീസ് രാജാവും എത്തുന്നുണ്ട്. ഇന്ത്യയുടെ സംഘാടനശേഷിയും ആഫ്രിക്കയോടുള്ള ഐക്യദാർഢ്യവും വിളംബരം ചെയ്യുന്ന ഉച്ചകോടി വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടിയെടുക്കുക എന്ന ഇന്ത്യയുടെ ചിരകാല സ്വപ്‌നത്തിലേക്ക് വലിയൊരു കാൽവെയ്‌പ്പായി ഈ ഉച്ചകോടി മാറുമെന്നാണ് സൂചന. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെയാകെ പിന്തുണ ഉറപ്പിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. രക്ഷാസമിതിയിൽ അംഗത്വം നൽകാതെ ഇന്ത്യയെ അകറ്റിനിർത്താൻ ഇനിയും സാധ്യമല്ലെന്ന് ലോകശക്തികളോട് വിളിച്ചുപറയുകയാണ് ഈ ഉച്ചകോടിയിലൂടെ ഇന്ത്യ ചെയ്യുന്നത്.
മാത്രമല്ല, ചൈനയുമായുള്ള മത്സരം കൂടിയാണ് ഇന്ത്യയ്ക്ക് ഈ ഉച്ചകോടി. ഡിസംബറിൽ ചൈന ആഫ്രിക്കൻ ഉച്ചകോടി സംഘടിപ്പിക്കുന്നുണ്ട്. അതിന് മുമ്പ് അതിവിപുലമായ രീതിയിൽ ഉച്ചതോടി നടത്തുകയാണ് മോദിയുടെ ലക്ഷ്യം. ആറാം തവണയാണ് ചൈന ആഫ്രിക്കൻ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇന്ത്യ മൂന്നാം തവണയും. ഏറ്റവുമൊടുവിൽ 2007-ലാണ് ഇന്ത്യയിൽ ഉത്തരത്തിലുള്ള സമ്മേളനം നടന്നത്. അന്ന് 14 രാജ്യങ്ങളായിരുന്നു പങ്കെടുത്തത്.
ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള വ്യാപാരത്തിലും ഇതിലൂടെ വലിയ കുതിപ്പുണ്ടാകുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിലും ഇന്ത്യയുടെ മത്സരം ചൈനയുമായിത്തന്നെയാണ്. ഇന്ത്യ-ആഫ്രിക്ക വ്യാപാരം 100 ബില്യൺ ഡോളറിനടുത്തുണ്ട്. ചൈനയുടേത് 160 ബില്യണോളം വരും. ഈ വ്യത്യാസം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇത്തരമൊരു മഹാ സമ്മേളനം നടത്തുന്നതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു.