- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഭീകരാക്രമണത്തിന് എതിരെ രാജ്യം ഒന്നിച്ചപ്പോൾ കോൺഗ്രസ് മാറിനിന്നു; മിന്നലാക്രമണം ചോദ്യം ചെയ്തു; സൈനികരുടെ ത്യാഗത്തെ ഇകഴ്‌ത്തി; പുൽവാമ വാർഷികത്തിലും അവരുടെ 'പാപ് ലീല' തുടരുന്നു'; രൂക്ഷവിമർശനവുമായി നരേന്ദ്ര മോദി
പത്താൻകോട്ട്: മിന്നലാക്രമണ വിഷയത്തിലടക്കം സൈനികരെ കോൺഗ്രസ് അപമാനിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2016-ലെ പത്താൻകോട്ട് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗത്തെ കോൺഗ്രസ് കുറച്ചുകാണുകയും അപമാനിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.
പാക് ആക്രമണത്തിനെതിരായ ഇന്ത്യയുടെ പ്രതികരണത്തിൽ കോൺഗ്രസ് ഒഴികെ രാജ്യം ഒറ്റക്കെട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബിലെ പത്താൻകോട്ടിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് കോൺഗ്രസിനെതിരെ മോദിയുടെ രൂക്ഷവിമർശനം.
Speaking at a rally in Pathankot in Punjab. Watch. https://t.co/O3mIaBWvfc
- Narendra Modi (@narendramodi) February 16, 2022
'അവർ സർക്കാരിനെ ചോദ്യം ചെയ്തു. പഞ്ചാബിലെ ജനങ്ങളെയും നമ്മുടെ സൈന്യത്തെയും ചോദ്യം ചെയ്തു. സൈനികരുടെ ത്യാഗത്തെ ഇകഴ്‌ത്തി. പുൽവാമ വാർഷികത്തിൽപോലും അവർ 'പാപലീല' തുടരുകയാണ്. ആം ആദ്മി പാർട്ടി കോൺഗ്രസിന്റെ തനിപ്പകർപ്പാണ്. ഒരു കൂട്ടർ പഞ്ചാബിനെയും മറ്റൊരു കൂട്ടർ ഡൽഹിയെയും കൊള്ളയടിക്കുകയാണ്' മോദി പറഞ്ഞു.
2016 ജനുവരിയിൽ പഠാൻകോട്ടിലെ വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 7 സൈനികരാണു വീരമൃത്യു വരിച്ചത്. ജനുവരി രണ്ടിനായിരുന്നു ആക്രമണം. നാലു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ആറു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു.
2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ വാർഷിക വേളയിലും കോൺഗ്രസ് അതുതന്നെയാണ് ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. 'പുൽവാമ വാർഷികത്തിൽ പോലും അവർ അവരുടെ 'പാപ് ലീല' തുടരുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുൽവാമയിൽ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 40 സൈനികർ വീരമൃത്യു വരിച്ചിരുന്നു.
ഇതിന് ചുട്ടമറുപടി നൽകി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രൂക്ഷ വിമർശനത്തിന് വിധേയനായിരുന്നു.
പുൽവാമയിലെ ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് ശേഷം ഇതിന് തിരിച്ചടിയായി ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാക്കിസ്ഥാനിലെ ബാലാകോട്ടിനുള്ളിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ തീവ്രവാദ പരിശീലന ക്യാമ്പ് (ലോഞ്ച് പാഡ്) തകർത്തിരുന്നു.
പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി സൈന്യം നടത്തിയ മിന്നലാക്രമണത്തിനു തെളിവു ചോദിച്ചു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം നിഷേധാത്മക സമീപനം സ്വീകരിച്ചെന്നു ബിജെപിയും കേന്ദ്ര സർക്കാരും നേരത്തേയും ആരോപിച്ചിരുന്നു.
ആം ആദ്മി പാർട്ടിയെ കോൺഗ്രസിന്റെ ഫോട്ടോകോപ്പി എന്ന് വിശേഷിപ്പിച്ച മോദി അയോധ്യ ക്ഷേത്രത്തിന്റെ കാര്യത്തിലും സൈന്യം എന്തെങ്കിലും ചെയ്യുമ്പോഴും ഇവർ സന്തുഷ്ടരല്ലെന്നും കുറ്റപ്പെടുത്തി. ഇവരോട് ഒരിക്കലും പൊറുക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പറഞ്ഞു.




