ന്യൂയോർക്ക്: ഇന്ത്യയ്ക്ക് നേട്ടങ്ങളുണ്ടാക്കുന്ന ഒട്ടേറെ കർമപദ്ധതികൾക്ക് രൂപം നൽകാനായതിന്റെ ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം അമേരിക്കൻ സന്ദർശനവും പൂർത്തിയാക്കി. കാശ്മീർ പ്രശ്‌നം മുതൽ ആഗോള വ്യവസായ ഭീമന്മാരുടെ നിക്ഷേപ സന്നദ്ധത വരെ പല തലങ്ങളിലുള്ള നയതന്ത്ര വിജയവുമായാണ് പ്രധാനമന്ത്രി തിരിച്ചെത്തുന്നത്.

വിവിധ തലങ്ങളിലുള്ള പരിപാടികളിൽ ഇടപെടാനും അഭിപ്രായങ്ങൾ പങ്കുവെക്കാനുമുള്ള അവസരം ലഭിച്ചു. ഇന്ത്യയ്ക്ക് ഗുണകരമായി മാറുന്ന ഫലങ്ങളാണ് ഈ പരിപാടികളിൽനിന്ന് ഉണ്ടായത്-മോദി ട്വിറ്ററിൽ തന്റെ യാത്രയെക്കുറിച്ച് എഴുതി. തനിക്കും യാത്രാ സംഘത്തിനും അമേരിക്കയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും സ്‌നേഹത്തിനും അമേരിക്കൻ ജനതയോടും അദ്ദേഹം നന്ദിപറഞ്ഞു.

കാശ്മീർ പ്രശ്‌നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ തീർക്കേണ്ടതാണെന്ന ഇന്ത്യയുടെ എക്കാലത്തെയും നിലപാടിന് അമേരിക്കയുടെ പൂർണ പിന്തുണ നേടിയെടുക്കാനായി എന്നതാണ് മോദിയുടെ ഈ സന്ദർശനത്തിലെ ശ്രദ്ധേയമായ ഒരു നേട്ടം. കാശ്മീർ പ്രശ്‌നം ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി പ്രശ്‌നം മാത്രമാണെന്നും അത് പരിഹരിക്കുന്നതിന് മറ്റാരും ഇടപെടേണ്ടതുമില്ലെന്ന ഇന്ത്യയുടെ നയം അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ അംഗീകരിച്ചു.പാക്കിസ്ഥാനിലെ തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങളിൽ സഹകരിക്കുമെങ്കിലും കാശ്മീർ പ്രശ്‌നത്തിൽ അമേരിക്ക ഇടപെടുകയില്ലെന്ന ഉറപ്പാണ് മോദിക്ക് ലഭിച്ചത്.

സിലിക്കൺ വാലിയിലെ ഊഷ്മള സ്വീകരണത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയത്. കണ്ടയുടൻ തന്നെ ഇരു നേതാക്കളും പരസ്പരം ആശ്ലേഷിച്ചാണ് സൗഹൃദം പങ്കുവച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ വാഷിങ്ടണിലെത്തി മടങ്ങിയതോടെ യുഎസുമായുള്ള ഉപഭയകക്ഷി ബന്ധത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായതെന്ന് മോദി പറഞ്ഞു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎസും സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ത്യയുമായുള്ള സൗഹൃദത്തിലും സഹകരണത്തിലും തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ബറാക് ഒബാമ പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരാംഗത്വവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പിന്തുണച്ചതിന് ബറാക് ഒബാമയ്ക്ക് മോദി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് മോദി-ഒബാമ കൂടിക്കാഴ്ച നടക്കുന്നത്. ചർച്ചയിൽ കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക പ്രതിരോധ രംഗത്തെ കാര്യങ്ങളും വിഷയമായി. രണ്ടു ദിവസം മുൻപ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുൻപ് വാഷിങ്ടണിൽ വച്ച് ഒബാമയുമായി മോദികൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥിയായി ഒബാമ ഇന്ത്യയിൽ എത്തിയിരുന്നു. ഒബാമയ്ക്ക് പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വാ ഓളന്ദ് എന്നിവരുമായുള്ള ചർച്ചയിലും തീവ്രവാദം മുഖ്യ വിഷയമായി കടന്നുവന്നുവെന്ന് വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ യോജിച്ച് പ്രവർത്തിക്കാൻ ഈ രാഷ്ട്ര നേതാക്കളൊക്കെ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തതായും വക്താവ് പറഞ്ഞു.

അഞ്ചുദിവസത്തെ അമേരിക്കൻ സന്ദർശനത്തിനുശേഷം ചൊവ്വാഴ്ച പുലർച്ചെയാണ് ജോൺ എഫ്.കെന്നഡി വിമാനത്താവളത്തിൽനിന്ന് മോദി ഇന്ത്യയിലേക്ക് മടങ്ങിയത്. ഫ്രാങ്ക്ഫർട്ടിൽ അൽപനേരം വിശ്രമിച്ചശേഷമാകും വിമാനം ന്യൂഡൽഹിയിലെത്തു. അഞ്ചുദിവസത്തെ സന്ദർശനത്തിനിടെ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തതുൾപ്പെടെ ശ്രദ്ധേയമായ പല കാൽവെയ്‌പ്പുകളും നടത്താനും മോദിക്കായി. യു.എൻ. രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം വേണമെന്ന ആവശ്യത്തിന് കൂടുതൽ പിന്തുണ നേടിയെടുക്കാനും മോദിക്കായി.

സിലിക്കൺ വാലിയിൽ രണ്ടുദിവസം തങ്ങിയ മോദി ആഗോള വ്യവസായ ഭീമന്മാരുമായി നടത്തിയ ചർച്ചയെയും ഇന്ത്യ പ്രത്യാശയോടെയാണ് കാണുന്നത്. ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫേസ്‌ബുക്ക്, അഡോബി തുടങ്ങി ലോകത്തെ നാൽപതോളം വ്യവസായ സ്ഥാപനങ്ങളുടെ മേധാവികൾ മോദിയുമായി ചർച്ച നടത്തി. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഈ സ്ഥാപനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം പകരാനും ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ അവരെ ധരിപ്പിക്കാനും പ്രധാനമന്ത്രിക്കായി.