- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേരളത്തിന് നമസ്കാരം' പറഞ്ഞ് മോദി; കൊച്ചിയിലെ വികസന പദ്ധതികളിലൂടെ തുറന്നിരിക്കുന്നത് രാജ്യത്തിന്റെ ആത്മനിർഭരതയിലേക്കുള്ള വഴി; വിദേശനാണ്യത്തിനും ആയിരങ്ങൾക്കു ജോലി ലഭിക്കുന്നതിനും സഹായിക്കും; 6100 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; റോറോ സർവീസ് യാനങ്ങൾ സമർപ്പിച്ചത് കൊച്ചിക്കാർ സമയത്തിന്റെ വിലയറിയുന്നവരെന്ന പരാമർശത്തോടെ
കൊച്ചി: കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ തുറന്നിരിക്കുന്നത് രാജ്യത്തിന്റെ ആത്മനിർഭരതയിലേക്കുള്ള വഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശനാണ്യത്തിൽ മാത്രമല്ല ആയിരങ്ങൾക്കു ജോലി ലഭിക്കുന്നതിലും പദ്ധതികൾ സഹായിക്കും. ഇന്ത്യയിലെ ഏറ്റവും ആധുനിക എണ്ണശുദ്ധീകരണ ശാലകളിലൊന്നാണ് കൊച്ചിയിലേതെന്നും അദ്ദേഹം പറഞ്ഞു. 6100 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ രാജ്യത്തിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'അറബിക്കടലിന്റെ റാണിയായ കൊച്ചി എല്ലായിപ്പോഴും അദ്ഭുതമാണ്. കൊച്ചിക്കാർ സമയത്തിന്റെ വിലയറിയുന്നവരാണ്. പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നതിന്റെ പ്രധാന്യവും അറിയുന്നവരാണ്. കരയിലൂടെ 30 കിലോമീറ്റർ യാത്രയ്ക്കു പകരം ഇനി കായലിലൂടെ മൂന്നര കിലോമീറ്റർ യാത്ര മതി. അതോടെ സൗകര്യം, വ്യാപാരം, പ്രവർത്തനക്ഷതമത എന്നിവ കൂടും. തിരക്ക്, മലിനീകരണം, ചെലവ് എന്നിവ കുറയും'. വില്ലിങ്ടൺ ഐലൻഡ്‌ബോൾഗാട്ടി റോ-റോ സർവീസ് യാനങ്ങൾ രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡ് മഹാമാരി ശക്തമായതോടെ പലരും രാജ്യാന്തര യാത്ര അവസാനിപ്പിച്ചു. അതോടെ പ്രാദേശിക ടൂറിസത്തിനാണ് അവസരം ലഭിച്ചത്. ഇതൊരു വലിയ സാധ്യതയായി കാണണം. പ്രാദേശികമായുള്ള ടൂറിസം ഓരോ മേഖലയെയും ശക്തമാക്കും. യുവത്വവും സംസ്‌കാരവും തമ്മിലുള്ള ബന്ധം ശക്തമാക്കാനാണു സാധിക്കും.
വൈകിട്ട് മൂന്നോടെ ചെന്നൈയിൽനിന്നു നാവികസേനാ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി ജി.സുധാകരനാണ് സ്വീകരിച്ചത്. ഇവിടെനിന്നു ഹെലികോപ്റ്ററിൽ കാക്കനാട്ടെത്തി അവിടെനിന്നു ബിപിസിഎൽ കൊച്ചി റിഫൈനറീസിനു സമീപം അമ്പലമുകളിലെ വേദിയിലേക്ക് എത്തിയത് നാലോടെ.
കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി ഔദ്യോഗിക അക്കൗണ്ടിൽ മലയാളത്തിൽ ട്വീറ്റ് ചെയ്തിരുന്നു. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾ കൊച്ചിയിലെ പരിപാടിയിൽ തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിഫൈനറിയിലെ പ്രൊപ്പിലീൻ !!െഡറിവേറ്റീവീസ് പെട്രോകെമിക്കൽ പ്രോജക്ട് (പിഡിപിപി - 6000 കോടി രൂപ), കൊച്ചി പോർട്ട് ട്രസ്റ്റിന്റെ സാഗരിക ഇന്റർനാഷനൽ ക്രൂസ് ടെർമിനൽ (25.72 കോടി), കൊച്ചി ഷിപ്യാഡ് ഗിരിനഗറിൽ നിർമ്മിച്ച സാഗർ വിജ്ഞാൻ ക്യാംപസ് (27.5 കോടി), വില്ലിങ്ഡൺ ഐലൻഡ് - ബോൾഗാട്ടി റോ - റോ സർവീസ് നടത്തുന്ന യാനങ്ങൾ (30 കോടി) എന്നിവയുടെ സമർപ്പണത്തിനു പുറമേ, അമോണിയ ഇറക്കുമതിക്കായി ഫാക്ടിനു വേണ്ടി തുറമുഖത്തു പുനർനിർമ്മിക്കുന്ന സൗത്ത് കോൾ ജെട്ടിയുടെ ശിലാസ്ഥാപനവും (20 കോടി) പ്രധാനമന്ത്രി നിർവഹിച്ചു.
6,000 കോടി രൂപ ചെലവിട്ടാണ് പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പ്രൊജക്ട് (പി.ഡി.പി.പി) ഒരുക്കിയത്. നിഷ് പെട്രോകെമിക്കലുകൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റിഫൈനറിയാണ് കൊച്ചി ബി.പി.സി.എൽ. നിലവിൽ, നിഷ് പെട്രോകെമിക്കലുകൾ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.വർഷം 4,500 കോടി രൂപയുടേതാണ് ഇറക്കുമതി. അക്രിലിക് ആസിഡ്, അക്രിലേറ്റ്, ഓക്സോ ആൽക്കഹോൾസ് എന്നിവയാണ് പി.ഡി.പി.പിയിൽ ഉത്പാദിപ്പിക്കുന്നത്. ഐ.ആർ.ഇ.പി 2019 ജനുവരിയിൽ പ്രധാനമന്ത്രി മോദി നാടിന് സമർപ്പിച്ചിരുന്നു.
റിഫൈനറിയുടെ ഉത്പാദനശേഷി 15.5 ദശലക്ഷം ടണ്ണാക്കിയ കേരളത്തിലെ ഏറ്റവും വലിയ വ്യവസായ പദ്ധതിയാണിത്. ഐ.ആർ.ഇ.പിയുടെ നിർമ്മാണഘട്ടത്തിൽ 20,000 പേർക്ക് പരോക്ഷമായി തൊഴിൽ ലഭിച്ചു. ഐ.ആർ.ഇ.പിയിൽ നിന്നാണ് പി.ഡി.പി.പി ക്ക് അസംസ്‌കൃത വസ്തുവായ പ്രൊപ്പീലിൻ ലഭ്യമാക്കുന്നത്.കൊച്ചി തുറമുഖ ട്രസ്റ്റ് എറണാകുളം വാർഫിൽ പൂർത്തിയാക്കിയ പുതിയ അന്താരാഷ്ട്ര ക്രൂസ് ടെർമിനലിന്റെ നിർമ്മാണച്ചെലവ് 25.72 കോടി രൂപയാണ്. നിലവിൽ 250 മീറ്റർ വരെ നീളമുള്ള ക്രൂസ് കപ്പലുകളാണ് കൊച്ചിയിൽ അടുക്കുന്നത്. പുതിയ ടെർമിനലിൽ 420 മീറ്റർ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാം.
12,500 ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാകുന്ന ടെർമിനസിൽ ഒരേസമയം 5,000 സഞ്ചാരികളെ സ്വീകരിക്കാനുമാകും. പാസഞ്ചർ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷൻ കൗണ്ടറുകൾ, എട്ട് കസ്റ്റംസ് ക്‌ളിയറൻസ് കൗണ്ടറുകൾ, ഏഴ് സെക്യൂരിറ്രി കൗണ്ടറുകൾ, ഡ്യൂട്ടി ഫ്രീ ഷോപ്പിങ്, വൈ-ഫൈ തുടങ്ങിയവ സൗകര്യങ്ങളുമുണ്ടാകും. കസ്റ്റംസ് ക്‌ളിയറിംഗും ഒരു കുടക്കീഴിൽ തന്നെ പൂർത്തിയാക്കാം.'
കേരളം ഏറ്റവും കൂടുതൽ പെയിന്റ് ഉപയോഗിക്കുന്ന സംസ്ഥാനമാണ്. കെട്ടിട നിർമ്മാണ രംഗത്തും മറ്റും പ്രാദേശികമായി ആവശ്യമുള്ള വസ്തുക്കളാണ് പി.ഡി.പി.പിയിൽ ഉത്പാദിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും നേട്ടത്തിനും തൊഴിൽ വർദ്ധനയ്ക്കും പദ്ധതി സഹായകമാകും.
മറുനാടന് മലയാളി ബ്യൂറോ