ന്യൂഡൽഹി: ഇസ്‌കോൺ നടത്തിയ ഭഗവദ് ഗീത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മറിയം സിദ്ദിഖി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സ്വച്ഛഭാരത് അഭിയാനിലേക്കും മറിയം 11,000 രൂപ വീതം സംഭാവന ചെയ്തു. ഭഗവദ് ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മറിയത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വിവിധ മതങ്ങളിലുള്ള മറിയത്തിന്റെ താത്പര്യം എല്ലാ ഭാരതീയർക്കും ഒരു പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറിയത്തിന് വിവിധ മതങ്ങളെപ്പറ്റിയുള്ള അഞ്ച് പുസ്തകങ്ങൾ പ്രധാനമന്ത്രി സമ്മാനിച്ചു.

മറിയത്തിന്റെ മാതാപിതാക്കളായ അസിഫ് നസീം സിദ്ദിഖിയും ഫർഹാൻ സിദ്ദിഖിയും മകളോടൊപ്പം പ്രധാനമന്ത്രിയെ സന്ദർശിക്കാൻ എത്തിയിരുന്നു. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരത്തിലാണ് ഹൈന്ദവ ഗ്രന്ഥമായ ഗീതയിലെ അറിവ് കൊണ്ട് മരിയം ഏവരേയും അത്ഭുതപ്പെടുത്തി മറിയം സിദ്ദിഖി ഒന്നാം സ്ഥാനം നേടിയത്. 195 സ്‌കൂളുകളിൽ നിന്നും 4500 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് ഗീതയിലുള്ള ജ്ഞാനവും അവർ അത് എത്രത്തോളം മനസിലാക്കിയിരിക്കുന്നു എന്നുമാണ് മത്സരത്തിൽ പരീക്ഷിച്ചത്.

തന്റെ അദ്ധ്യാപികയാണ് ഗീത മത്സരത്തിൽ പങ്കെടുക്കാൻ തന്നോട് ആവശ്യപ്പെട്ടതെന്ന് മരിയം പറഞ്ഞിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോൾ ഏത് മതത്തിന്റേതായാലും മത്സരത്തിൽ പങ്കെടുത്തു കൊള്ളാനാണ് മാതാപിതാക്കൾ തന്നോട് പറഞ്ഞതെന്നും മരിയം വ്യക്തമാക്കി. തനിക്ക് ഗീത വളരെ ഇഷ്ടമാണെന്ന് മരിയം പറഞ്ഞു. അർജുനനോട് എങ്ങനെ ജീവിക്കണമെന്നും എല്ലാവരോടും എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കണമെന്നും മറ്റും കൃഷ്ണൻ പറഞ്ഞു കൊടുക്കുന്ന കഥകളുണ്ട്. അത്തരം കാര്യങ്ങൾ തനിക്ക് വളരെ ഇഷ്ടമാണെന്ന് കുട്ടി പറഞ്ഞു.

ആറാം ക്ലാസ് വിദ്യാർത്ഥിനിയായ മരിയം ബൈബിളും മുഴുവൻ വായിച്ചിട്ടുണ്ട്. ഇതോടൊപ്പം ഖുറാനെ സംബന്ധിച്ച പ്രഭാഷണങ്ങളിലും അവൾ പങ്കെടുക്കാറുണ്ട്.