ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായി നിർണായക കൂടിക്കാഴ്ച. ഹൈദരാബാദ് ഹൗസിലെത്തിയ പുടിനെ മോദി സ്വീകരിച്ചു. ഇന്ത്യ റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്ന് പുടിൻ പറഞ്ഞു. പുടിന്റെ സന്ദർശനം ഇന്ത്യ റഷ്യ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു.

ഇരുപത്തിയൊന്നാമത് ഇന്ത്യ -റഷ്യ ഉച്ചക്കോടിക്കായാണ് പ്രസിഡന്റ് വ്‌ളാദമിർ പുടിൻ ഡൽഹിയിലെത്തിയത്. ഹൈദരാബാദ് ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കോവിഡിനെതിരായ പോരാട്ടത്തിൽ റഷ്യ നൽകിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്നും മോദി പറഞ്ഞു.കോവിഡ് വെല്ലുവിളിയായി നിന്നെങ്കിലും ഇന്ത്യ റഷ്യ ബന്ധത്തിന്റെ വളർച്ചയ്ക്കു യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ശക്തരാകാൻ നയതന്ത്ര ബന്ധം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു പോരാടണമെന്ന് പുടിൻ ആവശ്യപ്പെട്ടു. ഭീകരതയ്‌ക്കെതിരായ പോരാട്ടമെന്നത് മയക്കുമരുന്നിനെതിരെയും സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെയും ഉള്ള പോരാട്ടമാണ്. ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിലെ കാര്യങ്ങളിൽ റഷ്യയ്ക്ക് ഉത്കണ്ഠയുണ്ട്.

ഇന്ത്യയെ വൻശക്തിയായാണു കാണുന്നത്. അവർ ഞങ്ങളുടെ സുഹൃത്തുക്കളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുകയാണ്, ഞാൻ ഭാവിയിലേക്കാണു നോക്കുന്നത്. ഇരു രാഷ്ട്രങ്ങളും സംയുക്തമായി നടത്തുന്ന നിക്ഷേപങ്ങളുടെ മൂല്യം 38 ബില്യനാണ്. റഷ്യയുടെ ഭാഗത്തുനിന്ന് ഇനിയും നിക്ഷേപങ്ങളുണ്ടാകും.സൈനിക, സാങ്കേതിക തലങ്ങളിൽ മറ്റൊരു രാജ്യത്തേക്കാളും കൂടുതൽ ഇന്ത്യയും റഷ്യയും സഹകരിക്കുന്നുണ്ടെന്നും പുടിൻ അവകാശപ്പെട്ടു.

 

അതേ സമയം ഇന്ത്യ - റഷ്യ നയതന്ത്രബന്ധത്തെ അമേരിക്ക താഴ്‌ത്തികെട്ടാൻ ശ്രമിച്ചെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജെ ലവ്റോവ് ആരോപിച്ചു. അമേരിക്കയിൽ നിന്നും ആയുധങ്ങൾ വാങ്ങാൻ ഇന്ത്യയ്ക്ക് മേലെ സമ്മർദ്ദമുണ്ടായെന്നും എന്നാൽ ആരിൽ നിന്ന് ആയുധങ്ങൾ വാങ്ങണം എന്ന കാര്യത്തിൽ ഇന്ത്യ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറമായുള്ള കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സെർജെ ലവ്‌റോവ്. റഷ്യയും ഇന്ത്യയും തമ്മിലുള്ള വിശിഷ്ടമായ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന് വിദേശ കാര്യ മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയിൽ സുപ്രധാന ആയുധ കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു. ഇരുപത്തിയൊന്നാമത് വാർഷിക ഉച്ചക്കോടിക്ക് മുന്നോടിയായി ഡൽഹിയിൽ നടന്ന മന്ത്രി തല കൂടിക്കാഴ്‌ച്ചയിലാണ് സൈനിക സഹകരണത്തിനുള്ള നിർണായക തീരുമാനങ്ങളുണ്ടായത്.

അത്യാധുനിക എകെ 203 തോക്കുകൾ വാങ്ങുന്നതിനുള്ള കരാറടക്കം സുപ്രധാനമായ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. കലാശ്‌നിക്കോവ് സീരിസിലെ തോക്കുകൾ കൈമാറാനുള്ള കരാറിൽ ഭേദഗതി വരുത്താനും വിദേശകാര്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ തീരുമാനമായി. ഇൻഡോ റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് വഴി ആറു ലക്ഷത്തിലേറെ എകെ 203 തോക്കുകളാണു നിർമ്മിക്കുക.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും റഷ്യൻ മന്ത്രി ജനറൽ സെർജി ഷൊയ്ഗുവും ഇതു സംബന്ധിച്ചു കരാറൊപ്പിട്ടു.

റഷ്യ നൽകുന്ന ശക്തമായ പിന്തുണയ്ക്കു നന്ദി അറിയിക്കുന്നതായി രാജ്‌നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ റഷ്യ സഹകരണം മേഖലയിലാകെ സമാധാനം, അഭിവൃദ്ധി, സ്ഥിരത എന്നിവ കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്നതായും രാജ്‌നാഥ് സിങ് പറഞ്ഞു. യുപിയിലെ അമേഠിയിലാണ് ഇന്ത്യ റഷ്യ സഹകരണത്തിൽ തോക്കുകൾ നിർമ്മിക്കുക. പത്തു വർഷത്തേക്കുള്ള സൈനിക സഹകരണവും ഇന്ത്യയും റഷ്യയും ഉറപ്പാക്കുന്നുണ്ട്.

5,000 കോടി രൂപ ചെലവു വരുന്നതാണ് പദ്ധതി. സൈനിക, സൈനിക സാങ്കേതിക സഹകരണത്തിനായുള്ള ഇരുപതാമത് ഇന്ത്യ റഷ്യ യോഗത്തിലാണ് കരാർ ഒപ്പുവച്ചത്. ആയുധങ്ങളുടെ സംയുക്ത നിർമ്മാണത്തിനായുള്ള കാര്യങ്ങൾ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മറ്റൊരു രാജ്യത്തെയും ലക്ഷ്യമിട്ടുള്ളതല്ലെന്നു രാജ്‌നാഥ് സിങ് അവകാശപ്പെട്ടു. ഇന്ത്യ റഷ്യ പങ്കാളിത്തത്തിലെ ഏറ്റവും പ്രധാനപ്പെട്ട തൂൺ പ്രതിരോധ മേഖലയിലെ സഹകരണമാണെന്നും മന്ത്രി വ്യക്തമാക്കി.

റഷ്യ ഇന്ത്യയ്ക്ക് കൈ മാറാൻ ഇരിക്കുന്ന എസ് 400 മിസൈലിന്റെ മാതൃക പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ റഷ്യൻ പ്രസിഡന്റ് പുടിൻ കൈമാറും. പുടിന്റെ സന്ദർശനത്തിന് മുന്നോടിയായി രണ്ട് എസ് 400 മിസൈലുകൾ റഷ്യ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. അഫ്ഗാനിലെ രാഷ്ട്രീയ സംഭവങ്ങൾ മധ്യേഷയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, സമുദ്രസുരക്ഷ, തീവ്രവാദഭീഷണി തുടങ്ങിയ വിഷയങ്ങൾ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിൽ ഉയർന്നു.