ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചാൽ താൻ ഒപ്പം പോകുമെന്ന് ഭാര്യ യശോദാ ബെൻ. നരേന്ദ്ര മോദിയോടൊത്ത് ജീവിക്കാൻ തനിക്കാഗ്രഹമുണ്ടെന്ന് യശോദ ബെൻ വ്യക്തമാക്കി. പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യശോദ ബെൻ മനസ്സു തുറന്നത്.

മോദിക്ക് സമ്മതമാണെങ്കിൽ അദ്ദേഹത്തോടൊത്ത് ജീവിക്കാനാണ് തന്റെ ആഗ്രഹമെന്നായിരുന്നു യശോദയുടെ വാക്കുകൾ. അദ്ദേഹം വിളിച്ചാൽ താൻ കൂടെ പോകുമെന്നും സീ മീഡയയോട് യശോദ വ്യക്തമാക്കി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനായി വഡോദരയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് യശോദ ബെൻ തന്റെ ഭാര്യയാണെന്ന് മോദി അംഗീകരിച്ചത്. 1968-ൽ കൗമാരത്തിലായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് നാടുവിട്ടു പോയ മോദി ഒരിക്കലും ഭാര്യയോടൊത്ത് ജീവിച്ചിരുന്നില്ല.

നിലവിൽ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങൾക്കുമുള്ള പ്രത്യേക സുരക്ഷാ സംവിധാനമാണ് യശോദ ബെന്നിനും നൽകി വരുന്നത്. എന്നാൽ പ്രധാനമന്ത്രിയായ ശേഷവും യശോദയെ മോദി വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. സ്‌കൂൾ അദ്ധ്യാപികയായി വിരമിച്ച അറുപത്തിരണ്ടുകാരിയായ യശോദ ബെൻ നിലവിൽ തന്റെ സഹോദരന്മാരോടൊത്ത് ഗുജറാത്തിലാണ് താമസം. മോദിയോട് ഒരു പരിഭവമില്ലെന്നും യശോദ വ്യക്തമാക്കിയിട്ടുണ്ട്.

1968 മെയ്‌ 10നായിരുന്നു യശോദയെ മോദി താലികെട്ടിയത്. അന്ന് പതിനാറ് വയസ്സായിരുന്നു യശോദയുടെ പ്രായം. വീട്ടുകാരുടെ നിർബന്ധത്തിലാണ് മോദി കല്ല്യാണത്തിന് സമ്മതിച്ചത്. അധികം വൈകാതെ ആർഎസ്എസ് പ്രവർത്തനവുമായി മോദി സ്ഥലം വിട്ടു. മൂന്ന് വർഷത്തോളം മോദിയുടെ വീട്ടിലായിരുന്നു യശോദ കഴിഞ്ഞത്. പിന്നീട് സ്വന്തം സഹോദരങ്ങൾക്കൊപ്പം മാറി. എന്നാലും മോദിയോടുള്ള ഭക്തി കൈവിട്ടില്ല. ഭർത്താവിന്റെ വാക്ക് ഉൾക്കൊണ്ടാണ് അദ്ധ്യാപക പരിശീലന കോഴ്‌സിന് ചേർന്നതും ജോലി നേടിയതും.

ഇന്നും എല്ലാ ദിവസവും ഭർത്താവിന്റെ ആയുർ ആരോഗ്യ സൗഖ്യത്തിനായി യശോദ ബെൻ പ്രാർത്ഥിക്കുന്നു. ആരോടും പ്രധാനമന്ത്രിയുടെ ഭാര്യയാണെന്ന് പറയാറുമില്ല. എന്നാൽ ഇന്ന് എവിടെ പോയാലും ആളുകൾ ശ്രദ്ധിക്കും. കാരണം ഗുജറാത്തിലെ അഞ്ച് പൊലീസുകാർ യശോദയ്ക്ക് കാവലായി ഒപ്പമുണ്ട്.