ഡൽഹി : മുസ്ലിം വനിതകളെ മുത്തലാഖിന്റെ അനീതിയിൽനിന്ന് രക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുസ്ലിം സമൂഹത്തിൽ നിന്നുമുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരിക്കുന്നതിനേയും പ്രധാനമന്ത്രി വിമർശിച്ചു. രാഷ്ട്രീയക്കണ്ണിലൂടെ മാത്രം മുത്തലാഖ് വിഷയത്തെ കാണരുത്. രാജ്യത്തെ മുസ്‌ലിം പെൺമക്കളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരണം.

പ്രാചീനമായ ഈ നിയമത്തിന് തന്റെ സർക്കാർ അന്ത്യം കുറിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മുസ്‌ലിം സമൂഹത്തിൽനിന്നുള്ള പുരോഗമനവാദികളായ ആളുകൾതന്നെ മുത്തലാഖിന്റെ അനീതികളിൽനിന്ന് മുസ്‌ലിം വനിതകളെ രക്ഷിക്കാൻ രംഗത്തിറങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ, സാമുദായിക പരിഷ്‌കർത്താവായിരുന്ന ബാസവയുടെ ഓർമയാചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അടുത്തിടെ നടന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന്റെ സമാപന പ്രസംഗത്തിലും മുത്തലാഖ് വിഷയത്തിൽ പ്രധാനമന്ത്രി ഇതേ നിലപാടു വ്യക്തമാക്കിയിരുന്നു.

മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് പ്രധാനമന്ത്രി കേന്ദ്രസർക്കാർ നിലപാട് ആവർത്തിച്ചത്.