ന്യൂഡൽഹി: ഇന്ത്യ ഇന്നുവരെ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ലെന്നും ലോകത്തിന്റെ ക്ഷേമമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ നിർദ്ദേശപ്രകാരം വധിക്കപ്പെട്ട ഒൻപതാമത്തെ സിക്ക് ഗുരു തേജ് ബഹാദൂറിന്റെ 400-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് ചെങ്കോട്ടയിൽ മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇതാദ്യമായാണ് സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയിൽ ഒരു പ്രധാനമന്ത്രി പ്രസംഗിക്കുന്നത്.

ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ല. ഇപ്പോൾ പോലും ലോകമാകാമാനമുള്ള സുഖത്തെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നത്. ആത്മ നിർഭർ ഭാരതിനെ കുറിച്ച് പറയുമ്പോൾ പോലും ലോകത്തിന്റെ പുരോഗതി ഇന്ത്യ മനസ്സിൽ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പല സാമ്രാജ്യങ്ങളുടെയും അധിനിവേശം ഉണ്ടായപ്പോഴും ഇന്ത്യ ശക്തമായി നിലകൊണ്ടിട്ടുണ്ടെന്ന് മോദി ചെങ്കോട്ടയിലെ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യൻ സംസ്‌കാരം എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചരിത്ര പുരുഷൻ അവതരിച്ചിട്ടുണ്ട്. ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ലെന്നും ലോകത്തിന്റെ ക്ഷേമമമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗുരുവിന്റെ ആദർശങ്ങളിലാണ് രാജ്യം മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുരു തേജ് ബഹാദൂറിനെ വധിക്കാൻ ഉത്തരവിട്ടത് ചെങ്കോട്ടയിൽ നിന്നാണ്. പ്രധാനപ്പെട്ട പലതിനും ചെങ്കോട്ട സാക്ഷിയായിട്ടുണ്ട്. ഔറംഗസേബിന്റെ അതിക്രമങ്ങൾക്ക് ചെങ്കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്. പല സാമ്രാജ്യങ്ങളും വന്നപ്പോഴും ഇന്ത്യ ശക്തമായി നിലകൊണ്ടു. ഇന്ത്യൻ സംസ്‌കാരം എപ്പോഴൊക്കെ പ്രതിസന്ധിയിൽ ആയിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചരിത്ര പുരുഷൻ അവതരിച്ചിട്ടുണ്ട്. ഗുരു നാനാക്ക് ഇന്ത്യയെ പ്രചോദിപ്പിക്കുന്നു. ദുരിതമനുഭവിക്കുന്ന അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് അഭയമായി സിഎഎ മാറി.

ഇന്ത്യ വലിയ പാരമ്പര്യവും ചരിത്രവും ഉൾക്കൊള്ളുന്ന രാജ്യമാണ്. അഫ്ഗാനിൽ നിന്ന് ഗുരു ഗ്രന്ഥ സാഹിബ് എത്തിക്കാൻ ഇന്ത്യ എല്ലാ കഴിവും ഉപയോഗിച്ചു. ഔറംഗസേബിന്റെ സ്വേച്ഛാധിപത്യ ചിന്തകൾക്ക് മുന്നിൽ ഗുരു തേജ് ബഹദൂർ പാറ പോലെ നിന്നു. നിരവധി തലകൾ ഔറംഗസേബ് വെട്ടി മാറ്റിയിട്ടും വിശ്വാസത്തെ ഇളക്കാനായില്ല. ഇതിനെല്ലാം ചെങ്കോട്ട സാക്ഷിയാണെന്നും മോദി പറഞ്ഞു.

കാശ്മീരി പണ്ഡിറ്റുകളുടെ മതസ്വാതന്ത്ര്യത്തെ പിന്തുണച്ചതിനാണ് 1675ൽ ഗുരുതേജ് ബഹാദൂറിനെ വധിച്ചത്. ആ കാലം അനുസ്മരിച്ച്, ഗുരു തേജ് ബഹാദൂറിന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ട ഗുരു തേജ് ബഹാദൂർജിയുടെ രക്തസാക്ഷിത്വത്തിന്റെ ദൃക്സാക്ഷിയാണ്. രാജ്യത്തിന് വേണ്ടി മരിച്ച പല ധീരന്മാരുടെയും ധൈര്യം പരീക്ഷിച്ച കോട്ടയാണിത്. ഭാരതം ഒരു രാജ്യം മാത്രമല്ല, മഹത്തായ പൈതൃകവും മൂല്യങ്ങളും ഉള്ള ദേശമാണ്. ഈ പുണ്യ ദിനത്തിൽ പത്ത് ഗുരുക്കന്മാരുടെയും പാദങ്ങളിൽ വണങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഗുരു തേജ് ബഹാദൂറിന്റെ സ്മാരക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. വിവിധ മുഖ്യമന്ത്രിമാരും പ്രമുഖ വ്യക്തികളും പങ്കെടുത്തു. ആയിരത്തിലേറെ സുരക്ഷാ ഭടന്മാരുടെ വലയത്തിലായിരുന്നു ചെങ്കോട്ട.