- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്ളൈ ഓവറിന് നടുവിൽ പ്രധാനന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിയതോടെ റാലിക്ക് വന്ന ബിജെപി പ്രവർത്തകരും പെട്ടു; മോദിയെ കണ്ട ആവേശത്തിൽ കാറിന് തൊട്ട് അടുത്തേക്ക് ബിജെപി സിന്ദാബാദ് വിളിച്ചുകൊണ്ട് വരാൻ ശ്രമിച്ച് പ്രവർത്തകർ; വലയം തീർത്ത് എസ്‌പിജി; മറ്റൊരു ഗുരുതര സുരക്ഷാ വീഴ്ചയുടെ വീഡിയോ കൂടി പുറത്ത്
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിന് ഇടയിലുണ്ടായ ഗുരുതര സുരക്ഷാവീഴ്ചയാണ് രാജ്യം മുഴുവൻ ചർച്ച ചെയ്യുന്നത്. 20 മിനിറ്റോളമാണ് ഹൈവേയിൽ പ്രധാനമന്ത്രി കുടുങ്ങിയത്. ഭാരതീയ കിസാൻ യൂണിയൻ ക്രാന്തികാരി വിഭാഗമാണ് വഴി തടഞ്ഞത്. എന്നാൽ, പ്രധാനമന്ത്രി ആ വഴി വരുന്നുവെന്ന് അറിഞ്ഞുകൊണ്ടല്ല, വഴി തടഞ്ഞതെന്നാണ് ക്രാന്തികാരിയുടെ ന്യായം. ഏതായാലും വിഷയം സുപ്രീം കോടതി വരെ എത്തിയിരിക്കുകയാണ്. അതിനിടെ പ്രധാനമന്ത്രിയുടെ കാറിന് ഏതാനും മീറ്റർ അകലെ മുദ്രാവാക്യവും വിളിച്ച് ബിജെപി പ്രവർത്തകർ നിൽക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. എൻഡിടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തത്.
ബിജെപി കൊടിയേന്തിയ ഒരു സംഘം നരേന്ദ്ര മോദിയുടെ കറുത്ത ടൊയോട്ട ഫോർച്യൂണർ കാറിന്റെ വളരെ അടുത്തായി എത്തിപ്പെട്ടതാണ് വീഡിയോയിൽ കാണുന്നത്. ഹൈവേയുടെ എതിർവശത്ത് എസ്‌പിജി ചുറ്റും വലയം ഇട്ടുകൊണ്ട് കാർ മുന്നോട്ട് നീങ്ങുന്നതും കാണാം. ഫിറോസ്പൂരിൽ റാലിക്ക് പോകും വഴിയാണ് ഫ്‌ളൈഓവറിന് നടുക്ക് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിയത്. ഗതാഗതം നിലച്ചതോടെയാണ് റാലിക്ക് പോവുകയായിരുന്ന ബിജെപി പ്രവർത്തകരും മോദിക്ക് തൊട്ടരികിൽ എത്തിയത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ആണ് അതെന്ന് മനസ്സിലായതോടെ ബിജെപി സിന്ദാബാദ് വിളിച്ചുകൊണ്ട് കാറിന് അടുത്തേക്ക് വരാൻ പ്രവർത്തകർ ശ്രമം നടത്തി. ഇതും പ്രധാനമന്ത്രിയുടെ സുരക്ഷയിലെ ഗുരുതര വീഴ്ചയായാണ് കാണുന്നത്.
PM Security Lapse Video: "BJP Zindabad" Slogans, Group Dangerously Close
- NDTV (@ndtv) January 7, 2022
Read more: https://t.co/fKlttIfSIe pic.twitter.com/re3xxXads6
സുപ്രീം കോടതിയിലും ഹർജി
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തീരുമാനം പറയുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച അന്വേഷണം നിർത്തിവയ്ക്കാൻ കോടതി നിർദ്ദേശിച്ചു. സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നും ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ പഞ്ചാബ് സർക്കാരിന് ഉചിതമായ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ലോയേഴ്സ് വോയ്സ് ഹർജിസമർപ്പിച്ചത്.
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറലിനോട് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനായി കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും സഹായം നൽകണമെന്നും കോടതി വ്യക്തമാക്കി. സുരക്ഷാ വീഴ്ച അപൂർവങ്ങളിൽ അപൂർവമാണെന്ന് ഹർജിയെ പിന്തുണച്ച് കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്.
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താമെന്ന് പഞ്ചാബ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണ സംഘത്തെ കോടതിക്ക് തീരുമാനിക്കാമെന്നും പഞ്ചാബ് കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സമിതിയിലെ ഒരംഗത്തെ മാറ്റാമെന്ന് സോളിസിറ്റർ ജനറലും അറിയിച്ചു. എസ്‌പിജി അംഗത്തെ മാറ്റാമെന്നാണ് കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയത്. ബുധനാഴ്ച, കർഷകർ ഫ്ളൈഓവർ തടഞ്ഞതിനെത്തുടർന്ന് പഞ്ചാബിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിട്ടോളം കുടുങ്ങി കിടന്നിരുന്നു. യാത്രാ വിവരങ്ങൾ മുൻകൂട്ടി പഞ്ചാബ് സർക്കാരിനെ അറിയിച്ചിട്ടും വേണ്ട സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ