- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓപ്പറേഷൻ ഗംഗ ദൗത്യത്തിന് യുക്രെയിൻ നൽകുന്ന സഹകരണത്തിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രി; സുമിയിലെ ദൗത്യത്തിനും പിന്തുണ വേണമെന്ന് സെലൻസ്‌കിയോട് മോദി; റഷ്യയുടെ കൂട്ടക്കുരുതി ഒരിക്കലും മറക്കാനും പൊറുക്കാനും ആവാത്തതെന്ന് സെലൻസ്‌കി
ന്യൂഡൽഹി: യുക്രെയിനിലെ ഇന്ത്യൻ രക്ഷാദൗത്യത്തിന് നൽകുന്ന സഹകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയോട് നന്ദി പറഞ്ഞു. സുമിയിലെ രക്ഷാദൗത്യത്തിന് പിന്തുണ വേണമെന്നും മോദി അഭ്യർത്ഥിച്ചു. യുക്രെയിനും റഷ്യയുമായി നടത്തുന്ന ചർച്ചകളെ മോദി അഭിനന്ദിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളുടെയും പിന്തുണ ഉറപ്പിക്കായാൽ മാത്രമേ സുരക്ഷ ഇടനാഴിയിലൂടെ അതിവേഗം ഇന്ത്യക്ക് രക്ഷാദൗത്യം പൂർത്തിയാക്കാനാകു. അതേസമയം, റഷ്യയുടെ ആക്രമണത്തെ ചെറുത്തുനിൽക്കുന്നതിനെ കുറിച്ച് സെലൻസ്‌കി മോദിയെ ധരിപ്പിച്ചു. സമാധാന ചർച്ച നടത്താനുള്ള സന്നദ്ധതയെയും, രക്ഷാദൗത്യത്തിന് നൽകിയ സഹാകരണത്തെയും മോദി അഭിനന്ദിച്ചതായും സെലൻസ്‌കി പറഞ്ഞു.
സെലൻസ്‌കിയുമായി ചർച്ച നടത്തിയതിന് പിന്നാലെ മോദി ഇന്ന് റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തും. യുദ്ധമേഖലയിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിൽ പിന്തുണ തേടിയാണ് ചർച്ച. റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യക്ക് രക്ഷാദൗത്യത്തിന് വീണ്ടും വഴി തുറന്നിരിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് രക്ഷൗദൗത്യത്തിൽ ചർച്ച നടത്തിയിരുന്നു. അതേസമയം യുദ്ധത്തിനിടെ വെടിയേറ്റ ഹർജോത് സിങിനെ ഇന്ന് വൈകിട്ടോടെ ഇന്ത്യയിൽ എത്തിക്കും.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വിദ്യാർത്ഥികളോടൊപ്പം പ്രത്യേക വ്യോമസേന വിമാനത്തിലാണ് ഹർജോത് സിങിനെ ഇന്ത്യയിൽ എത്തിക്കുന്നത്. പരിക്കേറ്റ ഹർജോത് സിങിന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായത്തോടെ യുക്രൈനിൽ നിന്ന് പോളണ്ട് അതിർത്തിയിൽ എത്താൻ കഴിഞ്ഞിരുന്നു. പിന്നീട് പ്രത്യേക ആംബുലൻസിലാണ് വിമാനത്താവളത്തിലേക്ക് യാത്രയൊരുക്കിയത്. വൈകിട്ടോടെ തിരിച്ചെത്തുന്ന ഹർജോതിന് ഇന്ത്യയിൽ വിദഗ്ധ ചികിത്സയൊരുക്കും. ഇതിനിടെ രക്ഷാദ്യൗതത്തിന് ഹങ്കറിയിൽ നേതൃത്വം നൽകിയ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ഇന്ത്യയിൽ മടങ്ങിയെത്തി. ആകെ 6711 വിദ്യാർത്ഥികളാണ് ഹങ്കറിയിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. അവസാന വിമാനത്തിൽ വിദ്യാർത്ഥികളോടൊപ്പമായിരുന്നു ഹർദീപ് സിങ് പുരിയും ഡൽഹിയിൽ എത്തിയത്.
ഒന്നും പൊറുക്കില്ലെന്ന് സെലൻസ്‌കി
യുെക്രയിനിൽ റഷ്യ നടത്തുന്ന സൈനിക ആക്രമണം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി. തങ്ങളുടെ രാജ്യത്ത് നടത്തിയ അതിക്രമത്തിൽ ഉത്തരവാദികളായ ഒരാളെപ്പോലും വെറുതെ വിടില്ലെന്നും, എല്ലാവരെയും ശിക്ഷിക്കുമെന്നും സെലൻസ്‌കി പറഞ്ഞു. യുദ്ധത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇത് മറക്കില്ല. ഒരിക്കലും പൊറുക്കാനാവില്ലെന്നും സെലൻസ്‌കി പറഞ്ഞു. ഇപ്പോൾ നടക്കുന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും, റഷ്യ ഷെല്ലാക്രമണം രൂക്ഷമാക്കിയതിന് പിന്നാലെ നടത്തിയ പ്രസ്താവനയിൽ യുക്രൈൻ പ്രസിഡന്റ് പറഞ്ഞു.
കുഴിമാടം ഒഴികെ ഭൂമിയിൽ ഒരിടത്തും സമാധാനമില്ലെന്നും സെലൻസ്‌കി അഭിപ്രായപ്പെട്ടു. യുക്രെയിൻ നഗരങ്ങളിൽ കര-വ്യോമ- കടൽ മാർഗങ്ങളിലൂടെയുള്ള ആക്രമണം റഷ്യ ശക്തമാക്കിയിരിക്കുകയാണ്. യുക്രെയിനിലെ സാധാരണക്കാർക്ക് നേരെ റഷ്യ ബോധപൂർവം ആക്രമണം നടത്തുന്നുവെന്നാണ് വിശ്വസനീയമായ റിപ്പോർട്ടുകളെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
അന്താരാഷ്ട്ര ഉപരോധങ്ങൾ റഷ്യയുടെ യുക്രെയിൻ അദിനിവേശത്തെ മന്ദഗതിയിലാക്കിയതായാണ് യുഎസ് വിലയിരുത്തൽ. യൂറോപ്പിലെ റഷ്യൻ എണ്ണ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താനും ആലോചിക്കുന്നതായി വാഷിങ്ടൺ അറിയിച്ചു. അതിനിടെ റഷ്യ- യുക്രെയിൻ മൂന്നാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കും.
മറുനാടന് ഡെസ്ക്