മലപ്പുറം: മുൻ മന്ത്രി കെ ടി ജലീലിനെതിരെ വിമർശനവുമായി മുസ്ലീലീഗ സംസ്ഥാന ജനറൽ സെക്രട്ടറി പി എം സലാം. എ.ആർ. നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെങ്കിൽ അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണെന്ന് പി.എം.എ സലാം പറഞ്ഞു. എ.ആർ. നഗർ സഹകരണ ബാങ്കും കെ.ടി. ജലീലും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്ന് അറിയില്ല. അന്വേഷണത്തിൽ ഭയമില്ല. ഏത് അന്വേഷത്തെയും നേരിടുമെന്നും പി.എം.എ സലാം പറഞ്ഞു.

കെ.ടി. ജലീലിന്റെ ആരോപണത്തിൽ ഭയമില്ല. വഴിയിൽ കൂടി പോകുന്നവർ എന്തെങ്കിലും പറഞ്ഞാൽ അതിന് മറുപടി പറയേണ്ട കാര്യം ലീഗിനില്ല. ജലീലിന് മറുപടി പറയേണ്ട ബാധ്യത ലീഗിനില്ലെന്നും പി.എം.എ സലാം ചൂണ്ടിക്കാട്ടി. സഹകരണ ബാങ്ക് വിഷയത്തിൽ വ്യക്തമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. ട്രാൻസ്‌പോർട്ട് ബസിന് കല്ലെറിയുന്നത് പോലെയുള്ള ചില ആളുകളുണ്ട്. ആരുടെയെങ്കിലും പ്രീതി കിട്ടുമെന്ന് കരുതി ചെയ്യുന്നവർക്ക് അത് നഷ്ടപ്പെടുകയാണ് ചെയ്തതെന്നും പി.എം.എ സലാം വ്യക്തമാക്കി.

ലീഗിന് മുന്നിൽ ജലീൽ ഒന്നുമല്ല. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ എതിർക്കുമ്പോൾ മാത്രമേ ലീഗ് മറുപടി പറയേണ്ടതുള്ളൂ. സിപിഎമ്മിന്റെ പിന്തുണ പോലും ജലീലിനില്ല. അദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയംഗം പോലും ആക്കിയിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിക്ക് മറുപടിയുമായി ജലീൽ രംഗത്തു വന്നിരുന്നു. ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസംവരെ തുടരുമെന്ന് ജലീൽ പറഞ്ഞു. മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്മാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാമെന്നും കെ.ടി. ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.

കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡി അന്വേഷണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളയിത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതോടെ കെടി ജലീലിന് തിരിച്ചടിയായെന്ന് ട്രോളുകളെത്തി. ഈ പരിഹാസങ്ങൾക്കുള്ള മറുപടിയാണ് ജലീലിന്റെ പോസ്റ്റ്. ഫലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനല്ല ആരു പറഞ്ഞാലും പിന്നോട്ടില്ലെന്ന യുദ്ധ പ്രഖ്യാപനവും. ഇത് വരും ദിവസങ്ങളിൽ ഇടത് രാഷ്ട്രീയത്തിലും ചർച്ചാ വിഷയമാകും. കേന്ദ്ര ഏജൻസികളുമായി സഹകരിക്കാനുള്ള ജലീലിന്റെ നീക്കം സിപിഎമ്മും മുഖ്യമന്ത്രിയും ഇങ്ങനെ എടുക്കുമെന്നതാണ് നിർണ്ണായകം.

അതിശക്തമായ പോരാട്ടം കുഞ്ഞാലിക്കുട്ടിക്കെതിരെ ഉണ്ടാകുമെന്നാണ് ജലീലിന്റെ പ്രഖ്യാപനം. ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടുതന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.

കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും ഇഡിയുടെ ചോദ്യംചെയ്യലോടുകൂടി ജലീലിന് ഇഡിയിൽ വിശ്വാസം കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സഹകരണ ബാങ്കിൽ ഇഡി അന്വേഷണം സാധാരണ ഗതിയിൽ ഉന്നയിക്കാൻ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാനത്തുതന്നെ സംവിധാനങ്ങളുണ്ടെന്നും ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.