മലപ്പുറം: യതീംഖാനയിൽ +2 വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. ലോക്കൽ പൊലീസിന്റെ അന്വേഷണം സ്തംഭനാവസ്ഥയിൽ എത്തിയസാഹചര്യത്തിലായിരുന്നു നാട്ടുകാരും ബന്ധുക്കളും നടത്തിയ സമരത്തിൽ കേസ് ക്രൈം ബ്രാഞ്ചിന് വിടാൻ തീരുമാനമായത്. എന്നാൽ ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് മൂന്ന് മാസമാകുമ്പോഴും കേസിന് ഇതുവരെയും ഒരു തുമ്പും കിട്ടിയിട്ടില്ല.വിദ്യാർത്ഥി  ആത്മഹത്യ ചെയ്തതാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെയും നിഗമനം. കാട്ടിലങ്ങാടി പി.എം.എസ്.എ യതീംഖാനയിലെ അന്തേവാസിയും +2 വിദ്യാർത്ഥിയുമായ വളാഞ്ചേരി എടയൂർ സ്വദേശി ചേനാടൻ കുളമ്പ് പടിവാരത്തിൽ റഫീഖിന്റെ മകൻ മുഹമ്മദ് ആഷിഖ്(17)ആയിരുന്നു മരണപ്പെട്ടത്.

വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഏതാനും കാന്റീൻ ജീവനക്കാരായ വിദ്യാർത്ഥികളെ കാണാതാകുകയും സംഭവം കൊലപാതകമാണെന്ന് അടുത്ത സൃഹൃത്തുക്കളും വീട്ടുകാരും അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. ഉന്നത രാഷ്ട്രീയ ഇടപെടലുകൾ കേസിനു മേൽ നടന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ലീഗിന്റെ പരമോന്നത നേതാക്കളാണ് യതീംഖാനയുടെ കമ്മിറ്റിയെ നയിക്കുന്നത്. മാത്രമല്ല, സംശയ നിയലിലുള്ള മുതിർന്ന കുട്ടികൾ യതീംഖാന അധികൃതരുടെ സ്വന്തക്കാരുമാണ്. ഇതിനാൽ എന്ത് വിലകൊടുത്തും കേസ് ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും കേസ് മാറി മാറി ഏറ്റെടുത്തിട്ടും കേസിന് തുമ്പുണ്ടാക്കാൻ സാധിക്കാത്തത് ഇതുകൊണ്ടാണെന്നും ആക്ഷൻ സമിതി ആരോപിക്കുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണവും നിശ്ചലമായതോടെ അന്വേഷണത്തിൽ അതൃപ്തരാണെന്ന് കാണിച്ച് ആഷിഖിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.തുടർന്ന് മാതാവ് നൽകിയ ഹരജി പരിഗണിച്ച കോടതി ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കാൻ ആവശ്യപ്പെട്ടിരുന്നു. കേസിലെ ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ചിനും സാധിക്കാത്ത പശ്ചാതലത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. ഹൈക്കോടതി ജഡ്ജി ബി.കെ കമാൽ പാഷയാണ് ഹരജി പരിഗണിച്ച് അന്വേഷണം തുടരാനും ഊർജിതമാക്കാനും ഉത്തരവിട്ടത്. അതേസമയം കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ചെന്നും വിദ്യാർത്ഥി  ആത്മഹത്യ ചെയ്തതാകാമെന്നാന്നുമാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നതെന്ന് അന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി മറുനാടൻ മലയാളിയോടു പറഞ്ഞു.

എന്നാൽ ആഷിഖിന്റെ മരണത്തിൽ ദുരൂഹത ആവർത്തിക്കുകയാണ് ബന്ധുക്കൾ. ജൂലൈ നാലിന് കാലത്ത് ഏഴ് മണിക്കായിരുന്നു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യതീംഖാന അധികൃതർ മരണ വീട് സന്ദർശിക്കാൻ കൂട്ടാക്കുകയോ മറ്റു നടപടി ക്രമങ്ങളോ ചെയ്യാതെ ഉന്നതരെ ബന്ധപ്പെടുത്തി കേസ് ഒതുക്കാനുള്ള ശ്രമം നേരത്തെ നടത്തിയിരുന്നു. പി.എം.എസ്.എ പൂക്കോയ തങ്ങളുടെ പേരിലുള്ള തീംഖാനയുടെ പ്രസിഡന്റ് മുസ്ലിംലീഗ് അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ്. യതീംഖാന നടത്തിപ്പ് കമ്മിറ്റി ലീഗിന്റെ മണ്ഡലം ജില്ലാ നേതാക്കളുമാണ്.

കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന റഫീഖ് മകന് മത ബൗധിക വിദ്യാഭ്യാസം നൽകണമെന്ന ഉദ്ദേശത്തിൽ അഞ്ച് വർഷം മുമ്പാണ് കാട്ടിലങ്ങാടിയിലെ അഗതി അനാഥ മന്ദിരത്തിൽ ചേർത്തത്. കാര്യബോധവും നേതൃഗുണവും സ്വായത്തമാക്കിയ ആഷിഖ് പഠനത്തിലും മിടുക്കനായിരുന്നു. ഇതുകൊണ്ടുതന്നെ ആഷിഖ്  ജീവനൊടുക്കില്ലെന്ന് കുടുംബം ഉറച്ച് വിശ്വസിക്കുന്നു. സംഭവം നടന്നതിന് ശേഷം പുറത്തറിയാതിരിക്കാൻ യതീംഖാന അധികൃതരും ഉസ്താദുമാരും ചേർന്ന് നടത്തിയ ശ്രമവും ആഷിഖിന് സഹാപാഠികളിൽ നിന്നും ഏൽക്കേണ്ടി വന്ന പീഡനവും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിതിയിൽ ഇപ്പോഴും എത്തിയിട്ടില്ല.

സംഭവം സ്ഥരീകരിക്കുന്നതിന് മുമ്പായി ഇത് ആത്മഹത്യയാണെന്ന് അന്തേവാസികളോട് ഉസ്താദ് പറഞ്ഞിരുന്നതായി കുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആഷിഖിന്റെ എളാപ്പയുടെ മകൻ എട്ടാം ക്ലാസുകാരൻ ഷബീറും ഇതേ സ്ഥാപനത്തിലെ അന്തേവാസിയാണ്. കാമ്പസിനകത്തെ പള്ളിയോട് ചേർന്ന ഇടുങ്ങിയ സ്ഥലത്താണ് തൂങ്ങിയ നിലയിൽ ആഷിഖിനെ കണ്ടത്. സംഭവം കേട്ടറിഞ്ഞ ഉടനെ ഓടിക്കൂടിയ കുട്ടികൾ തൂങ്ങാൻ ഉപയോഗിച്ചതായ കസേര അവിടെ കണ്ടിരുന്നില്ല.അത് പിന്നീട് അവിടെ വെയ്ക്കുകയായിരുന്നു. പിന്നീട് സ്ഥാപനത്തിലെ മറ്റു കുട്ടികളെ പുറത്തു വിടാതെ റൂമിൽ തന്നെ പൂട്ടിയിടുകയും ചെയ്യുകയായിരുന്നു.

തൂങ്ങിയ കുട്ടിയെ പൊലീസോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ എത്തുന്നതിന് മുമ്പ് തന്നെ അധികൃതർ കെട്ടഴിച്ച് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന് ശേഷം യതീംഖാന അധികൃതർ സ്ഥലം വിടുകയും ചെയ്തിരുന്നു. വീട്ടുകാർ എത്തിയപ്പോൾ മരിച്ചു കിടക്കുന്ന ആഷിഖിനെ മാത്രമാണ് കാണാൻ സാധിച്ചിരുന്നത്. എന്നാൽ തൂങ്ങിയതായ പാടുകളോ ശരീരത്തിൽ നിറം മാറ്റമോ ഒന്നും കാണാൻ സാധിച്ചിരുന്നില്ലെന്ന് പിതാവ് തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. അതേസമയം നെഞ്ചിലും ശരീരത്തിലുമായി മർദിച്ചതിന്റെ പാടുകളും കണ്ടതായി വീട്ടുകാർ പറയുന്നു. മൂന്ന് മക്കളിൽ ഏക മകനായിരുന്നു ആഷിഖ്. മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം അന്നു തന്നെ ബോഡി ഖബറടക്കി. എന്നാൽ യതീംഖാന അധികൃതരോ സ്ഥാപനത്തിലെ ഉസ്താദുമാരോ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുകയോ വീട് സന്ദർശിക്കാനോ തയ്യാറായില്ല. ഇത് വീട്ടുകാരെ കൂടുതൽ വിഷമിപ്പിക്കുകയും സംഭവത്തിലെ ദരൂഹത തിരിച്ചറിയാനും ഇടയാക്കി.

സംഭവം നടക്കുന്നതിന് തലേ ദിവസം സ്ഥാപനത്തിലെ കാന്റീൻ ജീവനക്കാരനായ ഡിഗ്രി വിദ്യാർത്ഥിയിൽ നിന്നും ആഷിഖിന് മർദനം ഏറ്റതായി ബന്ധുവായ ഷബീറലിയോടു പറഞ്ഞിരുന്നു. ഈ രാത്രിയിൽ ഇവിടെ വാർഡനും അവധിയിലായിരുന്നു. കാന്റീൻ ജീവനക്കാരന്റെ ബൈക്ക് ദിവസങ്ങൾക്ക് മമ്പ് ആഷിഖ് വാങ്ങിയിരുന്നു. തിരിച്ചു നൽകുമ്പോൾ ഇതിന് കേടുപാട് സംഭവിച്ചിരുന്നു. എന്നാൽ ഇതിന്റെ പേരിൽ ആഷിഖിനെ പലതവണ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആഷിഖിന്റെ മരണ ശേഷം ഇവർ ഒളിവിൽ പോവുകയും ചെയ്തിരുന്നു. എന്നാൽ ഒളിവിൽ പോയ മുതിർന്ന വിദ്യാർത്ഥിളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതായും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്നും ഡി.വൈ.എസ്‌പി പറഞ്ഞു. എന്നാൽ യതീംഖാനയിലെ കാന്റീനുമായി ബന്ധപ്പെട്ട് നടക്കുന്ന ചില രഹസ്യ ഇടപാടുകൾ ആഷിഖിന് അറിയാമായിരുന്നെന്നും മുതിർന്ന കുട്ടികൾ ആഷിഖിനെ മർദിച്ച സമയം രഹസ്യം പുറത്തു പറയുമെന്നും പറഞ്ഞിരുന്നുവത്രെ. രഹസ്യം പുറത്തറിഞ്ഞാൽ യതീംഖാനയിലെ മറ്റു ജീവനക്കാരുടെ മുഖമൂടിയും അഴിഞ്ഞു വീഴുമെന്നതാണ് ആഷിഖിനെ കൊലപ്പെടുത്തിയതിനു പിന്നിലെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നത്.

ഇതിനിടെ കേസ് ഇല്ലാതാക്കാൻ മുതിർന്ന നേതാക്കളും യതീംഖാനകമ്മിറ്റിയും വീട്ടുകാരുമായി സംസാരിച്ചെങ്കിലും വഴങ്ങാൻ കൂട്ടാക്കിയില്ല. നേരത്തെ വളാഞ്ചേരി സി.ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയിരുന്നത്. എന്നാൽ ആരോപണ വിധേയരായവരെയും യതീംഖാന അധികൃതരെയും ചോദ്യം ചെയ്യാൻ പോലും ലോക്കൽ പൊലീസ് തയ്യാറായിരുന്നില്ല. നേരത്തെ ജില്ലാ ശിശു ക്ഷേമ സമിതിയും കേസിൽ ഇടപെട്ടെങ്കിലും അന്വേഷണത്തോട് യതീംഖാന അധികൃതർ സഹകരിച്ചിരുന്നില്ല. ദുരൂഹതകൾ നീക്കി ആഷിഖിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കുറ്റാക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ സമിതി ശക്തമായ ഇടപെടൽ നടത്തി വരികയാണ്. ക്രൈംബ്രാഞ്ച് ഇതേ നില തുടർന്നാൽ വീണ്ടും കോടതിയെ സമീപിത്താനാണ് ബന്ധുക്കളുടെ തീരുമാനം.