മലപ്പുറം: ദുരൂഹതകളൊഴിയാതെ യതീംഖാന വിദ്യാർത്ഥിയുടെ തൂങ്ങി മരണം. കുറ്റിപ്പുറം ആതവനാട് കാട്ടിലങ്ങാടി പി.എം.എസ്.എ യതീംഖാനയിൽ കഴിഞ്ഞ ശനിയാഴ്ച രാവിലെ 7.30നായിരുന്നു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ദിവസങ്ങൾ പിന്നിടുന്തോറം സംഭവത്തിലെ ദുരൂഹത വർദ്ധിച്ചുവരികയാണ്. യതീംഖാന അധികൃതരുടെ സമീപനവും ഉന്നതരെ ബന്ധപ്പെടുത്തി കേസ് ഇല്ലാതാക്കാനുള്ള ശ്രമവുമാണ് സംഭവത്തിൽ ദുരൂഹത ബലപ്പെടുത്തുന്നു.

യതീംഖാനയിലെ അന്തേവാസിയും +2 വിദ്യാർത്ഥിയുമായ വളാഞ്ചേരി എടയൂർ സ്വദേശി ചേനാടൻ കുളമ്പ് പടിവാരത്തിൽ റഫീഖിന്റെ മകൻ മുഹമ്മദ് ആഷിഖ്(17)ആണ് മരണപ്പെട്ടത്. മരണം സംഭവച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും യതീംഖാന അധികൃതർ മരണ വീട് സന്ദർശിക്കാൻ കൂട്ടാക്കുകയോ മറ്റു നടപടി ക്രമങ്ങളോ ചെയ്യാതെ ഒളിച്ചുകളി തുടരുകയാണ്. പി.എം.എസ്.എ പൂക്കോയ തങ്ങളുടെ പേരിലുള്ള തീംഖാനയുടെ പ്രസിഡന്റ് മുസ്ലിംലീഗ് അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ്. യതീംഖാന നടത്തിപ്പ് കമ്മിറ്റിയും മറ്റുമെല്ലാം പ്രദേശത്തെ ലീഗ് നേതൃത്വമാണ്. എന്നാൽ ആഷിഖിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ ചൈൽഡ് വെൽഫയർ സമിതിക്കും ആഭ്യന്തര മന്ത്രിക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി രംഗത്ത് വന്നിട്ടുണ്ട്.

കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന റഫീഖ് മകന് മത ബൗധിക വിദ്യാഭ്യാസം നൽകണമെന്ന ഉദ്ദേശത്തിൽ അഞ്ച് വർഷം മുമ്പാണ് കാട്ടിലങ്ങാടിയിലെ അഗതി അനാഥ മന്ദിരത്തിൽ ചേർത്തത്. കാര്യബോധവും നേതൃഗുണവും സ്വായത്തമാക്കിയ ആഷിഖ് പഠനത്തിലും മിടുക്കനായിരുന്നു. ഇതുകൊണ്ടുതന്നെ ആത്മഹത്യ ചെയ്യാൻ ആഷിഖ് തയ്യാറാകില്ലെന്ന് കുടുംബം ഉറച്ച് വിശ്വസിക്കുന്നു. സംഭവം നടന്നതിന് ശേഷം അധികൃതർ മൂടിവെയ്ക്കാൻ ശ്രമിക്കുകയായിരുന്നുവത്രെ.

ഇത് ആത്മഹത്യയാണെന്ന് അന്തേവാസികളോട് ഉസ്താദ് പറഞ്ഞിരുന്നതായി കുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആഷിഖിന്റെ എളാപ്പയുടെ മകൻ എട്ടാം ക്ലാസുകാരൻ ഷബീറും ഇതേ സ്ഥാപനത്തിലെ അന്തേവാസിയാണ്. കാമ്പസിനകത്തെ പള്ളിയോട് ചേർന്ന ഇടുങ്ങിയ സ്ഥലത്താണ് തൂങ്ങിയ നിലയിൽ ആഷിഖിനെ കണ്ടത്. സംഭവം കേട്ടറിഞ്ഞ ഉടനെ ഓടിക്കൂടിയ കുട്ടികൾ തൂങ്ങാൻ ഉപയോഗിച്ചതായ കസേര അവിടെ കണ്ടിരുന്നില്ല.അത് പിന്നീട് അവിടെ വെയ്ക്കുകയായിരുന്നു. പിന്നീട് സ്ഥാപനത്തിലെ മറ്റു കുട്ടികളെ പുറത്തു വിടാതെ റൂമിൽ തന്നെ പൂട്ടിയിടുകയും ചെയ്യുകയായിരുന്നു.

തൂങ്ങിയ കുട്ടിയെ പൊലീസോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ എത്തുന്നതിന് മുമ്പ് തന്നെ അധികൃതർ കെട്ടഴിച്ച് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന് ശേഷം യതീംഖാന അധികൃതർ സ്ഥലം വിടുകയും ചെയ്തിരുന്നു. വീട്ടുകാർ എത്തിയപ്പോൾ മരിച്ചു കിടക്കുന്ന ആഷിഖിനെ മാത്രമാണ് കാണാൻ സാധിച്ചിരുന്നത്. എന്നാൽ തൂങ്ങിയതായ പാടുകളോ ശരീരത്തിൽ നിറം മാറ്റമോ ഒന്നും കാണാൻ സാധിച്ചിരുന്നില്ലെന്ന് പിതാവ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം നെഞ്ചിലും ശരീരത്തിലുമായി മർദിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. മൂന്ന് മക്കളിൽ ഏക ആൺതരിയാണ് മരിച്ച ആഷിഖ്. എഞ്ചിനീയർ എന്ന സ്വപ്നം ബാക്കിയാക്കിയായിരുന്നു ആഷിഖ് വിടപറഞ്ഞത്.

മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം അന്നു തന്നെ ബോഡി ഖബറടക്കി. എന്നാൽ യതീംഖാന അധികൃതരോ സ്ഥാപനത്തിലെ ഉസ്താദുമാരോ ചടങ്ങിൽ പങ്കെടുക്കുകയോ വീട് സന്ദർശിക്കാനോ തയ്യാറായില്ല. ഇത് വീട്ടുകാരെ കൂടുതൽ വിഷമിപ്പിക്കുകയും സംഭവത്തിലെ ദരൂഹത തിരിച്ചറിയാനും ഇടയാക്കി . സംഭവം നടക്കുന്നതിന് തലേ ദിവസം സ്ഥാപനത്തിലെ കാന്റീൻ ജീവനക്കാരനായ ഡിഗ്രി വിദ്യാർത്ഥിയിൽ നിന്നും ആഷിഖിന് മർദനം ഏറ്റതായി ഷബീറലിയോടു പറഞ്ഞിരുന്നു.

ഈ രാത്രിയിൽ ഇവിടെ വാർഡനും അവധിയിലായിരുന്നു. കാന്റീൻ ജീവനക്കാരന്റെ ബൈക്ക് ദിവസങ്ങൾക്ക് മമ്പ് ആഷിഖ് വാങ്ങിയിരുന്നു. തിരിച്ചു നൽകുമ്പോൾ ഇതിന് കേടുപാട് സംഭവിച്ചിരുന്നു. എന്നാൽ ഇതിന്റെ പേരിൽ ആഷിഖിനെ പലതവണ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണം ആവശ്യപ്പെട്ട് വീട്ടുകാരെയും ബന്ധപ്പെട്ടിരുന്നു. ഇവർ സംഘം ചേർന്ന് മർദിച്ച് കെട്ടിതൂക്കിയതാകാമെന്നാണ് വീട്ടുകാർ കരുതുന്നുത്. അതേസമയം ആരോപിതരായ സ്ഥാപനത്തിലെ ജീവനക്കാർ ഇപ്പോൾ ഒളിവിലാണ്.

എന്നാൽ കേസ് ഇല്ലാതാക്കാനും വീട്ടുകാരുമായി സംസാരിച്ച് ഒതുക്കി തീർക്കാനുമുള്ള ശ്രമങ്ങളും സജീവമായിട്ടുണ്ട്. ഹൈദരലി തങ്ങളെ കൊണ്ടു വന്ന് വീട്ടുകാരുമായി സംസാരിപ്പിച്ച് കേസ് ഇല്ലാതാക്കാനായിരുന്നു ശ്രമിച്ചിരുന്നുത്. എന്നാൽ നാട്ടുകാർ ഇതിന് എതിർപ്പുമായി രംഗത്ത് എത്തിയതോടെ ഈ ശ്രമത്തിൽ നിന്നും പിൻവലിയുകയായിരന്നു. മന്ത്രിതലത്തിൽ നിന്നും കേസ് ഒതുക്കാൻ കടുത്ത സമ്മർodoങ്ങളുണ്ട്. വളാഞ്ചേരി സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ തന്റെ മകൻ ഇത് ചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബവും സഹപാഠികളും.

ദുരൂഹതകൾ നീക്കി ആഷിഖിന് നീതി ലഭിക്കണമെന്നും കുറ്റാക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ സമിതി രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഇന്ന് മലപ്പുറത്ത് പത്രസമ്മേളനവും നടത്തിയിരുന്നു. ചൈൽഡ് വെൽഫയറും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും വിശദീകരണം തേടുമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ അടുത്ത നടപടിയുണ്ടാകുമെന്നും ചൈൽഡ് വെൽഫയർ സമിതി ചെയർമാൻ അഡ്വ. ഷരീഫ് ഉള്ളത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.