പാലക്കാട്: റോഡ് വികസനത്തിന് തടസ്സം ഭൂമിയാണ്. പലയിടത്തും റോഡുകൾ വളഞ്ഞും തിരിഞ്ഞും പോകുന്നതിന് കാരണം ഭൂമി ലഭ്യതയിലെ പ്രശ്‌നമാണ്. ഇവിടെ വളർവ് നിവർത്താൻ ഭൂമി സൗജന്യമായി നൽകാമെന്നു പറഞ്ഞിട്ടും സർക്കാരിന് വേണ്ട. മൃഗങ്ങളോടുള്ള കരുതൽ കാരണം നൽകാമെന്ന് ഏറ്റത് രണ്ട് ഏക്കറാണ്. ഇതാണ് പിണറായി സർക്കാർ വേണ്ടെന്ന് വയ്ക്കുന്നത്.

അട്ടപ്പാടി മേഖലയിലാണ് ഈ സംഭവം. ഈ ഭാഗത്ത് ആനത്താരയിലൂടെ പോകുന്ന റോഡിലെ വളവുകൾ ഒഴിവാക്കാൻ 2 ഏക്കർ ഭൂമി സൗജന്യമായി നൽകാമെന്ന് മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് സർക്കാരിനെ അറിയിച്ചത്. വാഗ്ദാനം പരിഗണിക്കണമെന്ന ഹൈക്കോടതിയുടെ വാക്കും സർക്കാർ തള്ളി. റോഡുകൾ വളഞ്ഞു പോയാൽ മതിയെന്നാണ് സർക്കാർ നിലപാട്.

അട്ടപ്പാടിയിലെ താവളം മുള്ളി റോഡിൽ തേക്കുവട്ട വേലംപടികയിലെ കൊടും വളവുകൾ നിവർത്താണ് മുൻ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കൂടിയായ പി.എൻ.ഉണ്ണിക്കൃഷ്ണൻ ഭൂമി വാഗ്ദാനം ചെയ്തത്. ആനകളുടെ പ്രശ്‌നങ്ങൾ അറിയാവുന്ന മുൻ വകുപ്പ് ഉദ്യോഗസ്ഥൻ സ്വന്തം സ്ഥലം സർക്കാരിനു നൽകാനാണ് സന്നദ്ധത അറിയിച്ചത്. വനം സർവീസിൽ ഒന്നര വർഷം ബാക്കി നിൽക്കെ 2010ൽ സ്വയം വിരമിച്ച ഉണ്ണിക്കൃഷ്ണൻ അട്ടപ്പാടിയിലാണു താമസം.

അട്ടപ്പാടി വനത്തോടു ചേർന്ന പുതൂർ പഞ്ചായത്തിലെ പ്രദേശത്തു കൂടിയാണു ഭവാനിപ്പുഴയിലേക്കു കാട്ടാനകളുടെ സഞ്ചാരം. പുഴയോടു ചേർന്നു റോഡിന് ഇരുവശത്തുമായി 2 ഏക്കർ സ്ഥലമാണ് ഉണ്ണിക്കൃഷ്ണൻ വന്യമൃഗങ്ങളുടെ സഞ്ചാരത്തിനായി ഒഴിച്ചിട്ടിരിക്കുന്നത്. ഇതുവഴി ആനകളെത്തിയാലും തന്റെ പുരയിടത്തിലേക്കു ശല്യമുണ്ടാക്കാറില്ലെന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു.

റോഡുകളിലെ വളവിൽ പലവട്ടം വാഹനങ്ങൾ കാട്ടാനകളുടെ മുന്നിൽ അകപ്പെട്ടിട്ടുണ്ട്. ആനകൾക്കും വാഹനങ്ങൾക്കും പരസ്പരം കാണാനാകാത്തതാണ് ഇതിന് കാരണം. അപ്രതീക്ഷിതമായി വാഹനങ്ങളുടെ മുന്നിൽ അകപ്പെടുന്ന ആനകൾ പ്രകോപിതരാകുന്നതും പതിവാണ്.

135 കോടി രൂപ ചെലവിൽ താവളം മുള്ളി റോഡ് നവീകരണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ഉണ്ണിക്കൃഷ്ണൻ തന്റെ നിർദ്ദേശം പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കു മുന്നിൽ സമർപ്പിച്ചു്. വളവു നിവർത്താനുള്ള വാഗ്ദാനം അവർ തള്ളിയപ്പോൾ ഹൈക്കോടതിയിലെത്തി. ആവശ്യം പരിഗണിക്കാൻ സർക്കാരിനോടു കോടതി നിർദേശിച്ചു. എന്നാൽ സർക്കാർ നിർദ്ദേശം തള്ളി.

ഉണ്ണികൃഷ്ണന്റെ ആവശ്യം പരിഗണിക്കുന്നത് റോഡ് നവീകരണത്തിനു കാലതാമസമുണ്ടാക്കുമെന്നും നിരാകരിക്കുന്നുവെന്നും കാണിച്ച് ഡിസംബർ 30നു പൊതുമരാമത്ത് വകുപ്പ് അഡീഷനൽ സെക്രട്ടറിയുടെ മറുപടി ഉണ്ണിക്കൃഷ്ണനു ലഭിച്ചു.