മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ, പോക്സോ കേസിൽ അറസ്റ്റിലാകുകയും ഡിഎൻഎ ടെസ്റ്റിൽ ആരോപണം ശരിയല്ലെന്ന് കണ്ടെത്തി ജാമ്യം ലഭിക്കുകയും ചെയ്ത കൗമാരക്കാരനെ പ്രതിപട്ടികയിൽ നിന്ന് പൊലീസ് ഒഴിവാക്കില്ല. അന്തിമ അന്വേഷണം പൂർത്തിയാകും വരെ മലപ്പുറം തെന്നല സ്വദേശി ശ്രീനാഥ് പൊലീസിന്റെ സംശയനിഴലിൽ തന്നെയാകും. പെൺകുട്ടിയെ ശ്രീനാഥ് പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് തീരുമാനം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കുറ്റം ചുമത്തിയാണ് ശ്രീനാഥിനെ (18) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 22നായിരുന്നു അറസ്റ്റ്. ഉറക്കച്ചടവോടെ എഴുന്നേറ്റ് വന്ന ശ്രീനാഥിനെ അസഭ്യവർഷത്തോടെയാണ് പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയത്. അറസ്റ്റിന് പിന്നാലെ ശ്രീനാഥ് റിമാൻഡിലായി. 35 ദിവസം വിവിധ സബ് ജയിലുകളിൽ കഴിഞ്ഞു. ഒടുവിൽ ഡിഎൻഎ ടെസ്റ്റിൽ ശ്രീനാഥല്ല പെൺകുട്ടിയെ ഗർഭിണിയാക്കിയതെന്ന് തെളിഞ്ഞതോടെ കഴിഞ്ഞ ദിവസം മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചു. എങ്കിലും ശ്രീനാഥിനെ വെറുതെ വിടേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം.

അതിനിടെ. കള്ള കേസിൽ കുടുക്കിയെന്ന പരാതിയുമായി പൊലീസിനെതിരെ നിയമ നടപടികളിലേക്ക് കടക്കുകയാണ് ശ്രീനാഥും കുടുംബവും. കത്തികാണിച്ച് ഭീഷണിപെടുത്തി കൈകൾ തോർത്തുപയോഗിച്ച് കെട്ടിയിട്ടാണ് വീട്ടിൽ വച്ച് പീഡിപ്പിച്ചതെന്ന പെൺകുട്ടിയുടെ മൊഴിപ്രകാരം തോർത്തുമുണ്ടും കത്തിയും തെളിവായി പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇതാണ് ഈ അന്വേഷണത്തിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത. തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും വിശ്വസിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ശ്രീനാഥ് പറഞ്ഞു. 'ഡിഎൻഎ റിസൾട്ട് വരുമ്പോൾ ഞാൻ രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നു. എനിക്കവരുടെ മൊഴികളൊക്കെ കേട്ടിട്ടുള്ള വിഷമമുണ്ട്'- ശ്രീനാഥ് പറയുന്നു. ഈ സാഹചര്യത്തിലാണ് കേസിന് പോകുന്നത്.

പതിനാറുകാരി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതോടെയാണ് വിവാദ പോക്‌സോ കേസിന്റെ തുടക്കം. കേസിൽ ശ്രീനാഥിനെതിരേയാണ് പെൺകുട്ടി മൊഴി നല്കിയത്. ശ്രീനാഥിന്റെ വീട്ടിൽ വച്ചാണ് പീഡനം നടന്നതെന്നായിരുന്നു മൊഴി. അതിനാൽ കേസ് പിന്നീട് തിരൂരങ്ങാടി പൊലീസിന് കൈമാറി. പൊലീസ് വീട്ടിൽ വന്ന നിമിഷം മുതൽ ഇപ്പോഴും, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വ്യാജമായി കുടുക്കിയതാണെന്നും ശ്രീനാഥ് തറപ്പിച്ചു പറയുന്നു. ഒരു വർഷത്തോളമായി പെൺകുട്ടിയെ പരിചയമുണ്ടെന്നും, പക്ഷേ അടുപ്പമൊന്നുമില്ലെന്നും ശ്രീനാഥ് തുടക്കം മുതൽ ആവർത്തിച്ചിരുന്നു. ഇതാണ് ഡിഎൻഎ ടെസ്റ്റിലേക്കും തുടർന്ന് മറ്റ് ഉപാധികളൊന്നുമില്ലാതെ ജാമ്യം ലഭിക്കുന്നതിലേക്കും വഴി തെളിച്ചത്.

കേസിൽ എങ്ങനെ ഉൾപ്പെട്ടുവെന്ന് ശ്രീനാഥിനോ അച്ഛനമ്മമാർക്കോ ഇതുവരെ അറിയില്ല. ഇരയായ പെൺകുട്ടി ശ്രീനാഥിന്റെ പേര് പറഞ്ഞതെന്നതിൽ വ്യക്തതയില്ല. യഥാർത്ഥ പ്രതിയെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ മൊഴിയെന്നും സംശയിക്കുന്നു. ശ്രീനാഥിന്റെയും അഭിഭാഷകന്റെയും അഭ്യർത്ഥന പരിഗണിച്ചാണ് കോടതി ഡിഎൻഎ ടെസ്റ്റിന് അനുമതി നല്കിയത്. കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശ്രീനാഥ് ബന്ധുവീട്ടിലാണ്.

കേസിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ നടപടിയിലേക്ക് കടന്ന പൊലീസും ഇതോടെ പ്രതിക്കൂട്ടിലാണ്. നേരത്തെ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ശ്രീനാഥിനെ ഒഴിവാക്കിയിട്ടില്ല. ജാമ്യം മാത്രമാണ് ലഭിച്ചത്. ശ്രീനാഥിനെതിരെയുള്ള പരാതിയും കേസുമെല്ലാമുണ്ട്. പെൺകുട്ടി മജിസ്‌ട്രേറ്റിന് നല്കിയ മൊഴിയും ഡോക്ടർക്ക് നല്കിയ മൊഴിയും ഇപ്പോഴുമുണ്ടെന്നും തിരൂരങ്ങാടി എസ്എച്ച്ഒ പറയുന്നു.