മലപ്പുറം: മലപ്പുറം അരീക്കോട്ടെ 15കാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ 25കാരൻ അറസ്റ്റിൽ. പാലക്കാട് മുണ്ടൂർ സ്വദേശി ശ്യാമി ( 25) നെയാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള വാഴക്കാട് എസ്എച്ച്ഒ കുഞ്ഞിമൊയ്തീൻ കുട്ടി അറസ്റ്റ് ചെയ്തത്.ഒരാഴ്ച മുമ്പാണ് 15 കാരിയായ പെൺകുട്ടിയെ കാണാതായത്.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് അരീക്കോട് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിറ്റേദിവസം പാലക്കാട് നിന്ന് പ്രതിയോടൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി കോവിഡ് പോസിറ്റീവായതോടെ അന്വേഷണം തടസപ്പെട്ടു. രോഗമുക്തി നേടിയ ശേഷം പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

കേസെടുത്ത് അന്വേഷണം ആരംഭിച്ച അരീക്കോട് പൊലീസ് ഞായറാഴ്ച രാവിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ മഞ്ചേരി പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.